നവകേരള സദസ്: മൂന്ന് ദിവസം ഡ്രോൺ കാമറ നിരോധനം; മുഖ്യമന്ത്രിയും സംഘവും സഞ്ചരിക്കുന്ന റോഡും വേദികളും റെഡ്സോൺ
text_fieldsതിരുവനന്തപുരം: നവകേരള സദസ്സിനോടനുബന്ധിച്ച് തിരുവനന്തപുരം റൂറൽ പൊലീസ് പരിധിയിൽ മൂന്നുദിവസം ഡ്രോൺ കാമറകൾൾക്ക് നിരോധനം ഏർപ്പെടുത്തി. ഇന്നുമുതൽ വെള്ളിയാഴ്ച വരെയാണ് നിരോധനം പ്രാബല്യത്തിൽ വരികയെന്ന് റൂറൽ എസ്.പി കിരൺ നാരായണൻ അറിയിച്ചു.
തിരുവനന്തപുരം റൂറൽ ജില്ലയിലെ വർക്കല, ആറ്റിങ്ങൽ, മംഗലപുരം, വെഞ്ഞാറമൂട്, നെടുമങ്ങാട്, ആര്യനാട്, കാട്ടാക്കട, നെയ്യാറ്റിൻകര, പാറശ്ശാല എന്നീ സ്റ്റേഷൻ പരിധികളിൽ നടക്കുന്ന നവകേരള സദസ്സിൻ്റെ സുരക്ഷിതമായ നടത്തിപ്പിനാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് ഉത്തരവിൽ പറയുന്നു. നവകേരള സദസ്സ് നടക്കുന്ന വേദി, പരിസരപ്രദേശങ്ങൾ, നവകേരള സദസ്സിലേക്ക് പോകുന്ന റൂട്ട് എന്നിവിടങ്ങളിൽ ഡ്രോൺ, ഡ്രോൺ കാമറ എന്നിവ ഉപയോഗിക്കാൻ പാടില്ല.
അനധികൃത ഡ്രോൺ ഉപയോഗം നവകേരള സദസ്സിന്റെ സുഗമമായ നടത്തിപ്പിന് വിഘാതം സൃഷ്ടിക്കുമെന്ന് ബോധ്യമായിട്ടുണ്ടെന്നും എസ്.പി പറയുന്നു.
പ്രത്യേക മേഖലയിൽ ഡ്രോൺ ഉപയോഗം നിയന്ത്രിക്കാൻ പ്രസ്തുത മേഖല താൽക്കാലിക റെഡ്സോൺ ആയി പ്രഖ്യാപിക്കാൻ ഡ്രോൺ റൂൾ 2021ൽ 24(2) പ്രകാരം ജില്ലാ പൊലീസ് മേധാവിമാർക്ക് അധികാരമുണ്ട്. ഈ വകുപ്പ് പ്രകാരമാണ് ഡിസംബർ 20, 21, 22 തീയതികളിൽ രാവിലെ 6 മണി മുതൽ രാത്രി 8 മണി വരെ നിരോധനം ഏർപ്പെടുത്തിയത്.
വർക്കല, ആറ്റിങ്ങൽ, മംഗലപുരം, വെഞ്ഞാറമൂട്, നെടുമങ്ങാട്, ആര്യനാട്, കാട്ടാക്കട, നെയ്യാറ്റിൻകര, പാറശ്ശാല എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ നവകേരള സദസ്സ് നടക്കുന്ന 100മീറ്റർ ചുറ്റളവിലുള്ള പ്രദേശവും ഒരു നവകേരള സദസ്സിൽ നിന്നും അടുത്ത് നവകേരള സദസ്സിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോകുന്ന റൂട്ടുകളിലെ 100 മീറ്റർ ചുറ്റളവിലുള്ള പ്രദേശവുമാണ് റെഡ്സോൺ പരിധിയിൽ വരിക. ഈ മേഖലയിൽ ഡ്രോൺ കാമറ ഉപയോഗിക്കുന്നവർക്കെതിരെ നിയനടപടി സ്വീകരിക്കുമെന്നും അറിയിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.