കണ്ണൂരിന് കുതിക്കണം
text_fieldsവിപ്ലവത്തിന്റെ നാടാണ് കണ്ണൂർ. മുഖ്യമന്ത്രി ഉൾപ്പെടെ പ്രധാന നേതാക്കളുടെ ജില്ല. ഭരണകക്ഷിക്ക് കരുത്തും സ്വാധീനവുമുള്ളത് വികസനകാര്യത്തിൽ മുതൽക്കൂട്ടാവേണ്ടതാണ്. നവകേരള സദസ്സ് കണ്ണൂരിലെത്തുമ്പോൾ നാടിന് ആവശ്യങ്ങളും ആവലാതികളും ഏറെയുണ്ട്. കുടിവെള്ളവും ഗതാഗത സൗകര്യവും മുതൽ നിലച്ചുപോയ പദ്ധതികളുടെ പൂർത്തീകരണം വരെ പലതുണ്ട് പറയാൻ. അടിയന്തര ശ്രദ്ധപതിയേണ്ട വിഷയങ്ങൾ നാടിനുവേണ്ടി മുന്നിൽവെക്കുകയാണ് മാധ്യമം
കണ്ണൂരിന് ഇനിയുമെത്ര സഞ്ചരിക്കണം മികച്ച നഗരമാകാൻ
ഏതൊരു നഗരത്തെയുംപോലെ ഗതാഗതം, കുടിവെള്ളം, മാലിന്യം തുടങ്ങിയവയാണ് കണ്ണൂരിന്റെയും പ്രധാന പ്രശ്നങ്ങൾ. എങ്കിലും പ്രശ്ന പരിഹാരങ്ങൾക്കുള്ള ശ്രമങ്ങളും പദ്ധതികളും ഊർജിതമാണ്. നഗരത്തിലെ അഴിയാത്ത ഗതാഗതക്കുരുക്കാണ് ഏറെക്കാലമായി കണ്ണൂരിന്റെ തീരാത്ത തലവേദന.
- കേസിൽ കുടുങ്ങിയ മേൽപാലം
നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ ലക്ഷ്യമിട്ടു പ്രഖ്യാപിച്ച പ്രധാന പദ്ധതിയായിരുന്നു കണ്ണൂർ ഫ്ലൈഓവർ. മേലെ ചൊവ്വ മുതൽ കൃഷ്ണമേനോൻ വനിത കോളജിനു സമീപംവരെ നീളുന്ന രീതിയിലായിരുന്നു പദ്ധതി. എന്നാൽ, കിഫ്ബിക്കു മുന്നിലെത്തിയപ്പോൾ എസ്റ്റിമേറ്റ് തടസ്സമായി.
തുടർന്ന് നീളം 1.18 കിലോമീറ്ററായി ചുരുക്കി നിർമിക്കാൻ 130.87 കോടിയുടെ അനുമതിയാണ് നൽകിയത്. അഞ്ചുവർഷം പിന്നിടുമ്പോൾ ഭൂമി ഏറ്റെടുക്കലിന്റെ 63 ശതമാനം മാത്രമാണ് പൂർത്തിയായത്. പദ്ധതി പ്രദേശത്തുള്ളവർ നൽകിയ 22 കേസുകൾ ഹൈകോടതിയിലുണ്ട്. ഇവ തീർപ്പായാലേ നിർമാണം തുടങ്ങാനാവൂ.
• വെള്ളത്തിലായ അടിപ്പാത
ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ലക്ഷ്യമിട്ടു പ്രഖ്യാപിച്ച മറ്റൊരു പദ്ധതിയായിരുന്നു മേലെചൊവ്വ അടിപ്പാത. ചെലവ് കണക്കാക്കുന്നത്- 34.6 കോടി. 52 സെന്റ് സ്ഥലവും 51 കെട്ടിടങ്ങളും 15. 30 കോടി രൂപ നഷ്ടപരിഹാരം നൽകി ഏറ്റെടുത്തു. ഒരു കെട്ടിടവുമായി ബന്ധപ്പെട്ട കേസ് തീർപ്പാകാൻ ബാക്കിയുണ്ട്. എന്നാൽ, മേലെചൊവ്വയിലെ ജലസംഭരണിയിൽനിന്നുള്ള പൈപ്പ് മാറ്റാൻ പ്രയാസമാണെന്ന് ജലവിഭവ വകുപ്പ് അറിയിച്ചതോടെ പദ്ധതി സ്തംഭനാവസ്ഥയിലായി. തുടർന്ന് അടിപ്പാതക്കുപകരം മേൽപാലം പ്രഖ്യാപിച്ചു. ഇതിനു കൂടുതൽ ഭൂമി ആവശ്യമായി വരും. നിർമാണം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതേയുള്ളൂ.
• കുരുക്കഴിയാത്ത മറ്റ് പദ്ധതികൾ
- താഴെചൊവ്വ റെയിൽവേ ഗേറ്റ്- ചൊവ്വ സ്പിന്നിങ് മിൽ റോഡ്
- ഭരണാനുമതി ലഭിച്ചത് 2021ൽ. ചെലവ് -23.5 കോടി. വെല്ലുവിളി -ഭൂമിയേറ്റെടുക്കലിലെ കാലതാമസം.
- താഴെചൊവ്വ റെയിൽവേ ഗേറ്റ് -ചൊവ്വ സ്പിന്നിങ് മിൽ ബൈപാസ് റോഡ്
- ഭരണാനുമതിയായത്-23.5 കോടി, ഒന്നര വർഷം പിന്നിട്ടു.
- നഗര റോഡ് നവീകരണ പദ്ധതി ഭരണാനുമതി ലഭിച്ചത് 2018ൽ. ചെലവ് -38 കോട, വെല്ലുവിളി-ഭൂമിയേറ്റെടുക്കൽ
- 11 റോഡുകളുടെ നവീകരണം
- പദ്ധതി പ്രഖ്യാപിച്ചത് 2017ൽ. ഭരണാനുമതി -2018, ചെലവ്-738 കോടി. വെല്ലുവിളി-ഭൂമി ഏറ്റെടുക്കൽ
- ഭൂമി ഏറ്റെടുക്കൽ ആവശ്യമില്ലാത്ത മൂന്നു റോഡുകളുടെ നവീകരണം വൈകാതെ തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ.
• മാലിന്യനീക്കം ബയോമൈനിങ് വഴി
കണ്ണൂർ നഗരത്തിലെ മാലിന്യം സംസ്കരിക്കുന്നത് കോർപറേഷനിൽ തന്നെയുള്ള ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിലാണ്. ഏറെക്കാലം പരിസരവാസികൾക്ക് തലവേദനയായിരുന്നു ഈ മാലിന്യ നിക്ഷേപകേന്ദ്രം. കഴിഞ്ഞ വർഷം ബ്രഹ്മപുരത്തുണ്ടായതുപോലെ തീപ്പിടിത്തവുമുണ്ടായി. ഇപ്പോൾ മൈതാനത്ത് കൂട്ടിയിട്ടിരിക്കുന്ന മാലിന്യം ബയോമൈനിങ് വഴി നീക്കം ചെയ്യുന്ന പദ്ധതി നടന്നുവരുകയാണ്.
ആറു വർഷമായി കുന്നുകൂടിയ മാലിന്യം നീക്കുന്നത് 70 ശതമാനത്തിലേറെ പൂർത്തിയായിട്ടുണ്ട്. ഏറ്റവും ആധുനികമായ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി സെൻറർ (എം.സി.എഫ്) സ്ഥാപിക്കാനും പദ്ധതിയുണ്ട്.
• സ്കൂളുകൾ ഹൈടെക്
നിയോജക മണ്ഡലത്തിലെ എല്ലാ സ്കൂളുകളും ഹൈടെക് പദവി നേടിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി എല്ലാ പ്രൈമറി വിദ്യാലയങ്ങളും ക്ലാസ് മുറികളും ഡിജിറ്റലായി മാറിയ മണ്ഡലമാണ്.
കാക്കണം തലശ്ശേരിയുടെ പ്രതാപം
കേരളത്തിലെ ആദ്യ നഗരങ്ങളിൽ ഒന്നായ തലശ്ശേരിയുടെ അടിസ്ഥാന പ്രശ്നങ്ങൾ ഇനിയും പൂർണമായും പരിഹരിക്കപ്പെട്ടിട്ടില്ല. നഗരത്തിന്റെ വാഹനക്കുരുക്കും ആരോഗ്യരംഗത്തെ വികസനമില്ലായ്മയും തുടങ്ങി പ്രശ്നങ്ങൾ നിരവധി.
• നവീകരിക്കണം ആശുപത്രികൾ
അമ്മയും കുഞ്ഞും’ ആശുപത്രി ഇനിയും യാഥാർഥ്യമായില്ല. കണ്ടിക്കലിൽ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്.
ജനറൽ ആശുപത്രി കെട്ടിടം തകർച്ച ഭീഷണിയിൽ. തീരദേശത്തായതിനാൽ പുതിയ കെട്ടിടം നിർമിക്കുക സാധ്യമല്ല. ആശുപത്രി കണ്ടിക്കലിലേക്ക് മാറ്റുമെന്ന് പറയുന്നുണ്ടെങ്കിലും നടപടികളായില്ല. നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന ഇവിടെ ദിവസവും രോഗികളുടെ നീണ്ട കാത്തിരിപ്പാണ്.
ഇല്ലത്തുതാഴെ പപ്പൻ പീടികയിൽ ഗവ.ആയുർവേദ ആശുപത്രിയിൽ കിടത്തി ചികിത്സയുണ്ട്. മരുന്നുകളും ലഭ്യമാണ്.
രണ്ടാം ഗേറ്റിനടുത്ത് ഹോമിയോ ഡിസ്പെൻസറിയുണ്ട്. ഡോക്ടർമാരുടെ സേവനവും മരുന്നും ലഭ്യം.
• മറ്റു പ്രശ്നങ്ങൾ
- മാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരമായില്ല.
- നഗരത്തിൽ അറവുശാലയില്ലാത്തത് പോരായ്മ
•റോഡുകൾ തകർന്നു
- റോഡുകൾ മുമ്പത്തേക്കാൾ വികസിച്ചിട്ടുണ്ട്. എങ്കിലും പലയിടത്തും തകർന്ന നിലയിൽ.
- ദേശീയപാത തലശ്ശേരി-മാഹി അറ്റകുറ്റപ്പണിക്ക് തീരുമാനമായി
• പട്ടയത്തിനായി കാത്തിരിപ്പ്
- തലശ്ശേരി നഗരസഭ പരിധിക്കകത്തെ കുട്ടിമാക്കൂൽ സാംബവ കോളനി, പെട്ടിപ്പാലം കോളനി, ഗോപാലപേട്ട ഫിഷർമെൻ കോളനി, കുട്ടിമാക്കൂൽ ചിള്ളക്കര കോളനി എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് പട്ടയമില്ല.
- പട്ടയമില്ലാത്ത കുടുംബങ്ങളുടെ എണ്ണം ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് നഗരസഭക്ക് കത്ത് നൽകിയിട്ടുണ്ട്.
- ന്യൂ മാഹി, കതിരൂർ, എരഞ്ഞോളി പഞ്ചായത്തുകളിലെയും തലശ്ശേരി നഗരസഭയിലെയും വിവര ശേഖരണം നടത്തുന്നുണ്ട്.
• മികവിന്റെ പാതയിൽ സ്കൂളുകൾ
- തലശ്ശേരി നഗരപരിധിയിലെ ഭൂരിഭാഗം വിദ്യാലയങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടു.
- ഹൈസ്കൂൾ വിഭാഗങ്ങളിൽ വലിയ പോരായ്മകളില്ല.
- ഹയർ സെക്കൻഡറി വിഭാഗത്തിൽ ബാച്ചുകൾ കുറവാണ്.
• കുടിവെള്ള പ്രശ്നത്തിന് പരിഹാരം
- ജപ്പാൻ കുടിവെള്ള പദ്ധതി വന്നതോടെ കുടിവെള്ള പ്രശ്നം ഏതാണ്ട് പരിഹരിക്കപ്പെട്ടു.
- എങ്കിലും കടുത്ത വേനലിൽ പുറത്തുനിന്നുള്ള വെള്ളം ആശ്രയിക്കുന്ന മേഖലകളും സ്ഥാപനങ്ങളും നിരവധി.
അലയടിച്ചുയരാൻ അഴീക്കോട്
വടക്കൻ മലബാറിന്റെ വികസനത്തിനും കപ്പൽ ഗതാഗതത്തിനും ഏറെ സാധ്യതയുള്ള അഴീക്കൽ തുറമുഖം ഉൾപ്പെടുന്ന മണ്ഡലത്തിൽ വികസന സാധ്യതകളേറെ. റീജനൽ പോർട്ടായി ഉയർത്തുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. അഴീക്കൽ തുറമുഖത്തുനിന്നും സ്ഥിരമായുള്ള ചരക്കുനീക്കത്തിനും പദ്ധതിയുണ്ട്.
• കിടത്തിച്ചികിത്സ വേണം
- മണ്ഡലത്തിൽ താലൂക്കാശുപത്രിയില്ല. കണ്ണൂർ ജില്ല ആശുപത്രിയെയാണ് ആളുകൾ ആശ്രയിക്കുന്നത്
- പാപ്പിനിശ്ശേരി, അഴീക്കോട് സാമൂഹിക ആരോഗ്യകേന്ദ്രങ്ങളാണ് മണ്ഡലത്തിലെ പ്രധാന ആശുപത്രികൾ
- അഴീക്കോട് പുതിയ കെട്ടിടത്തിന് 80 ലക്ഷം അനുവദിച്ചിട്ടുണ്ട്.
• ടൂറിസം ഭൂപടത്തിൽ അഴീക്കോട്
- നാറാത്ത് പഞ്ചായത്തിൽ വളപട്ടണം പുഴയുടെ തീരത്ത് 4.01 കോടി ചെലവിൽ പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി. ഫ്ലോട്ടിങ് ഡൈനിങ്ങാണ് പ്രധാന ആകർഷണം
- ആദ്യ കയാക്കിങ് പരിശീലന കേന്ദ്രം ആരംഭിച്ചതോടെ കാട്ടാമ്പള്ളി ഗ്രാമം ജലസാഹസിക ടൂറിസം ഭൂപടത്തിൽ.
• റോഡുകൾ തകർന്നു
- മണ്ഡലത്തിലെ മിക്ക ചെറുറോഡുകളുടെയും അവസ്ഥ പരിതാപകരം
- ചിറക്കൽ ചിറയിലേക്കുള്ള റോഡുകൾ തകർന്നു
- പുതിയതെരു ചിറക്കല്‍ രാജാസ് ഹൈസ്കൂള്‍ റോഡിന് അഞ്ച് കോടി ചെലവിൽ മെക്കാഡം ടാറിങ് പ്രവൃത്തി തുടങ്ങി.
• മൈതാനങ്ങൾക്ക് പുതുമോടി
- പള്ളിക്കുന്ന് കൃഷ്ണമേനോന് സ്മാരക ഗവ. വനിത കോളജ് ഗ്രൗണ്ട് ആധുനികവത്കരണത്തിന് അഞ്ച് കോടി
- പാപ്പിനിശ്ശേരി ബഡ്സ് സ്കൂള്‍ ഗ്രൗണ്ട് ആധുനികവത്കരണം, ഇ.എം.എസ് സ്മാരക ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ ഗ്രൗണ്ട് നവീകരണം പുരോഗമിക്കുന്നു
- 60 ലക്ഷം ചെലവിൽ മീന്‍കുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ ഗ്രൗണ്ട് നവീകരണം പൂര്‍ത്തിയായി
- അഴീക്കോട് പഞ്ചായത്ത് കോംപ്ലക്സില്‍ ആധുനിക ജിം തുടങ്ങാന്‍ ടെൻഡർ
- പാപ്പിനിശ്ശേരി ഇന്‍ഡോര്‍ സ്റ്റേഡിയം നിർമാണം തുടങ്ങി
• മറ്റു പ്രശ്നങ്ങൾ
- മാലിന്യ സംസ്കരണത്തിൽ ഇനിയും മുന്നേറാനുണ്ട്
- 24 കോളനികളില്‍ ഉള്‍പ്പെടെ പട്ടയം ലഭിക്കാത്തവരുണ്ട്
• പ്രതീക്ഷയായി തൊഴിൽതീരം പദ്ധതി
- കണ്ണൂര്‍ കോർപറേഷനിലെ പുല്ലൂപ്പി കോളനിയിലും കണ്ണാടിപ്പറമ്പ് പുല്ലൂപ്പി നോര്‍ത്ത് അംബേദ്കര്‍ കോളനിയിലും രണ്ടുകോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
- മത്സ്യത്തൊഴിലാളി വിഭാഗത്തിലുള്ളവർക്ക് തൊഴിൽ ലഭ്യമാക്കാനുള്ള തൊഴിൽതീരം പദ്ധതി പ്രതീക്ഷ നൽകുന്നു
- ചിറക്കൽ ചിറ 2.30 കോടി രൂപ ചെലവിൽ നവീകരിച്ചു
സങ്കടങ്ങളകലുന്ന ധർമടം
മുഖ്യമന്ത്രിയുടെ തട്ടകമായ ധർമടത്ത് വികസനരംഗത്ത് വലിയ കുതിപ്പ്. ഏഴു വർഷത്തിനിടെ 3000 കോടിയുടെ പദ്ധതികൾക്കാണ് രൂപംനൽകിയത്. പലതും പൂർത്തിയായി. ചിലതിന്റെ പണി നടക്കുന്നു. മറ്റുള്ളവ അനുമതി കാത്തുകഴിയുന്നു.
• വിദ്യാഭ്യാസ മേഖലയിൽ മുന്നേറ്റം
- പിണറായി എജുക്കേഷൻ ഹബ്ബിന് പാണ്ട്യാലമുക്കിൽ 13 ഏക്കർ ഏറ്റെടുത്തു.
- വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നു.
- പാലയാട് ഡയറ്റിന് ഒരു കോടി രൂപ ചെലവിൽ കെട്ടിടം പൂർത്തിയായി. പുതിയ കെട്ടിടനിർമാണം തുടങ്ങി.
- അഞ്ചരക്കണ്ടി ബംഗ്ലാവ് മെട്ടയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഫയർ അക്കാദമിയും ഫയർസ്റ്റേഷനും സ്ഥലം ഏറ്റെടുത്തു.
- ബ്രണ്ണൻ കോളജിന് പുതിയ ബജറ്റിൽ ലഭിച്ചത് 30 കോടി.
• 44 വീടുകൾ കൈമാറി
- പഞ്ചായത്തുകളിൽ മൈതാനങ്ങൾക്കായി 12 കോടി ചെലവിൽ സ്ഥലം ഏറ്റെടുക്കും.
- ചേക്കുപാലം റെഗുലേറ്റർ, സാംസ്കാരികകേന്ദ്രം, ഡെയറി വില്ലേജ്, വീടും പാലങ്ങളും, മലനാട് ക്രൂസ് ടൂറിസം
- കടമ്പൂരിൽ ലൈഫ് മിഷൻ പദ്ധതിയിൽ നിർമിച്ച 44 വീടുകൾ കൈമാറി.
• പാലങ്ങൾ, റോഡുകൾ പുരോഗമിക്കുന്നു
- മമ്പറം, മണക്കായി, മേലൂർക്കടവ്, തട്ടാരി, മൂന്നാംപാലം എന്നിവ ഉദ്ഘാടനം ചെയ്തു.
- കോട്ടം-ചേരിക്കൽ പാലം, കോളാട് പാലം നിർമാണം പുരോഗമിക്കുന്നു.
- പടന്നക്കര ചേക്കുപ്പാലം നിർമാണം പൂർത്തിയായി. മറ്റു പാലങ്ങൾക്ക് രൂപരേഖയാകുന്നു.
- വിമാനത്താവളം റോഡ് നാലുവരിയാക്കാൻ ഭൂമി ഏറ്റെടുക്കാൻ 493 കോടിയുടെ ഭരണാനുമതി ലഭിച്ചു. 2000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
• പ്രശ്നങ്ങൾ
- ധർമടം പഞ്ചായത്തിന് ശ്മശാനമില്ല.
- മേലൂരിൽ ശ്മശാനം നിർമിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും നടപടിയായില്ല.
- റെയിൽവേ സ്റ്റേഷൻ അടിപ്പാതയും യാഥാർഥ്യമായില്ല.
- റെയിൽവേ പ്ലാറ്റ്ഫോമിനോട് ചേർന്ന് അടിപ്പാത നിർമിച്ചാൽ ചിറക്കുനി, അണ്ടല്ലൂർ, മേലൂർ എന്നിവിടങ്ങളിലേക്കുള്ള യാത്ര എളുപ്പമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.