നാവിക അക്കാദമിയിൽ ട്രെയിനി മരിച്ച സംഭവം: രണ്ട് സീനിയർ ട്രെയിനികൾക്കെതിരെ കേസ്
text_fieldsപയ്യന്നൂർ: ഏഴിമല നാവിക അക്കാദമിയിൽ കാഡറ്റ് കെട്ടിടത്തിൽനിന്ന് ചാടിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സീനിയർ ഓഫിസർ ട്രെയിനിമാർക്കെതിരെ കേസ്. നേവൽ ഓഫിസർ ട്രെയിനി മലപ്പുറം തിരൂർ കാനല്ലൂരിലെ റിട്ട. നാവികസേന ഉദ്യോഗസ്ഥൻ ഗൂഡപ്പയുടെ മകൻ സൂരജ് (25) മരിക്കാനിടയായ സംഭവത്തിലാണ് സീനിയർ ട്രെയിനിമാരായ പിയൂഷ് ചൗധരി, വിശാൽ പാണ്ഡെ എന്നിവർക്കെതിരെ പയ്യന്നൂർ പൊലീസ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസ് രജിസ്റ്റർചെയ്ത് അന്വേഷണം തുടങ്ങിയത്.
സൂരജിെൻറ പോക്കറ്റിൽനിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിലുള്ള വിവരത്തിെൻറ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കുറിപ്പിൽ ഈ രണ്ട് സീനിയർ ഓഫിസർ ട്രെയിനികൾ നിരന്തരമായി പീഡിപ്പിച്ചതായി പറയുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് പിയൂഷ് ചൗധരിയും വിശാൽ പാണ്ഡെയും പീഡിപ്പിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. സൂരജിെൻറ ആത്മഹത്യക്കുപിന്നിൽ അക്കാദമി അധികൃതരുടെ നിരന്തര പീഡനമാണെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നുണ്ട്.
കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ സൂരജിനെ കെട്ടിടത്തിനുതാഴെ അബോധാവസ്ഥയിൽ വീണുകിടക്കുന്നതു കണ്ട നാവിക അക്കാദമി അധികൃതർ ആദ്യം നാവിക അക്കാദമി ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ 3.30ഓടെയാണ് മരിച്ചത്. അധികൃതരുടെ പീഡനമാണ് മരണത്തിന് കാരണമെന്നാരോപിച്ച് സൂരജിെൻറ സഹോദരൻ അന്നുതന്നെ പയ്യന്നൂർ പൊലീസിൽ പരാതിനൽകി. ഇതേ തുടർന്ന് പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
അതിനിടെ, മാനസികമായി പീഡിപ്പിച്ചുവെന്ന പരാതി നാവിക അക്കാദമി അധികൃതർ നിഷേധിച്ചു. പരീക്ഷാ ഉത്തരക്കടലാസിൽ കൃത്രിമം കാണിച്ചതിനാണ് നേരേത്ത നടപടിയെടുത്തത്. കോടതിവിധിയുണ്ടായതോടെ പുനഃപ്രവേശനം നൽകുകയായിരുന്നു, ബുധനാഴ്ച വൈകീട്ടാണ് സൂരജ് അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടത്. ഉടൻ വൈദ്യസഹായം ലഭ്യമാക്കി. രാത്രിയിലും വ്യാഴാഴ്ച പുലർച്ചെയും ഹൃദയാഘാതം വന്നതായി ഡോക്ടർമാർ പറഞ്ഞതായും ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.