മൊഴിയില്ല, അറസ്റ്റില്ല; ‘സുരക്ഷിത’യായി ദിവ്യ
text_fieldsകണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണ കേസ് ചുമത്തിയതിന് പിന്നാലെ ഒളിവിൽ പോയ കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യാൻ മടിച്ച് പൊലീസ്. പാർട്ടിയും സർക്കാറും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇടതുമുന്നണി യോഗത്തിൽ പറഞ്ഞ് 24 മണിക്കൂർ പിന്നിട്ടിട്ടും ദിവ്യ എവിടെയെന്നുപോലും പൊലീസ് അന്വേഷിക്കുന്നില്ല. നവീൻ ബാബു മരിച്ച് എട്ടാം ദിവസമായിട്ടും ദിവ്യയുടെ മൊഴിയെടുക്കാനും പൊലീസ് ശ്രമിക്കുന്നില്ല. ഇരിണാവിലെ വീട്ടിൽനിന്ന് ദിവ്യ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്നാണ് പൊലീസിന് ആകെയുള്ള വിവരം.
എ.ഡി.എമ്മിന് യാത്രയയപ്പ് നൽകിയ യോഗത്തിൽ പങ്കെടുത്ത കലക്ടർ അരുൺ കെ. വിജയൻ, ഡെപ്യൂട്ടി കലക്ടർമാർ ഉൾപ്പെടെയുള്ള മിക്കവരുടെയും മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു. എ.ഡി.എമ്മിന് കൈക്കൂലി നൽകിയെന്ന് ആരോപിച്ച പെട്രോൾ പമ്പുടമ ടി.വി. പ്രശാന്തിനെ രണ്ടുതവണ ചോദ്യം ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഇതെല്ലാം ചെയ്തിട്ടും കേസിലെ ഏക പ്രതിയായ പി.പി. ദിവ്യയെക്കുറിച്ച് പൊലീസിന് മിണ്ടാട്ടമൊന്നുമില്ല.
മുൻകൂർ ജാമ്യാപേക്ഷ നൽകിയ ദിവ്യയെ തിരക്കിട്ട് അറസ്റ്റ് ചെയ്യേണ്ടെന്നാണ് പൊലീസ് തീരുമാനം. ഒക്ടോബർ 24നാണ് തലശ്ശേരി സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അന്ന് വിധി പറയാനുള്ള സാധ്യത കുറവാണെന്ന് അഭിഭാഷകർ പറയുന്നു. കേസിൽ നവീന്റെ കുടുംബം കക്ഷി ചേർന്നിട്ടുണ്ട്. കേസ് ഡയറി ഹാജരാക്കാൻ നിർദേശിച്ചതിനാൽ അതിനുമുമ്പ് അന്വേഷണം പൂർത്തിയാക്കാനാണ് പൊലീസിന്റെ തിരക്കിട്ട ശ്രമം.
ഒക്ടോബർ 14ന് നടന്ന യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ എത്തിയാണ് പി.പി. ദിവ്യ എ.ഡി.എമ്മിനെതിരെ അധിക്ഷേപ പ്രസംഗം നടത്തിയതെന്നാണ് കലക്ടറും ചടങ്ങ് സംഘടിപ്പിച്ച റവന്യൂ സ്റ്റാഫ് കൗൺസിൽ ഭാരവാഹികളും ജീവനക്കാരും നൽകിയ മൊഴി. ഇതെല്ലാം ദിവ്യക്ക് പ്രതികൂലമാണെന്നാണ് നിയമവിദഗ്ധർ നൽകുന്ന സൂചന. മുൻകൂർ ജാമ്യ ഹരജി അറസ്റ്റ് ചെയ്യുന്നതിന് തടസ്സമല്ലെന്ന് അറിഞ്ഞിട്ടും ആ നിലക്ക് ശ്രമിക്കാത്തത് ദുരൂഹത വർധിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.