എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ വന്നാൽ എന്താവും..?
text_fieldsകണ്ണൂർ: മുൻ എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം വന്നാൽ എന്താവും സംഭവിക്കുക? നവീന്റെ മരണത്തിലേക്ക് നയിച്ച കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയുടെ അധിക്ഷേപ പ്രസംഗത്തിനപ്പുറം അന്വേഷണം നീളുമെന്നതുതന്നെയാണ് ഇതിന് ഒറ്റവാക്കിലുള്ള മറുപടി. മരണത്തിൽ ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണ കേസ് ചുമത്തിയതൊഴിച്ചാൽ മറ്റാരും നിലവിൽ പ്രതികളല്ല.
അധിക്ഷേപ പ്രസംഗത്തിനു മുമ്പോ പിന്നീടോ പ്രതിയെ ആരെങ്കിലും വിളിച്ചോ ഗൂഢാലോചന നടത്തിയോ തുടങ്ങിയ വിവരമൊന്നും ഇതുവരെ പുറത്തുവന്നിട്ടുമില്ല.
ഒക്ടോബർ 15ന് രാവിലെ എ.ഡി.എം താമസസ്ഥലത്ത് മരിച്ചെന്ന വിവരം പുറത്തുവന്നയുടൻ തന്നെ സമൂഹ മാധ്യമങ്ങളിൽ മുഖ്യമന്ത്രിക്ക് നൽകിയ കത്ത് പുറത്തുവന്നു. എൻ.ഒ.സി അനുവദിക്കുന്നതിന് എ.ഡി.എം കൈക്കൂലി കൈപ്പറ്റിയെന്ന് ആരോപിച്ച് ചെങ്ങളായിയിലെ പെട്രോൾ പമ്പുടമ ടി.വി. പ്രശാന്തിന്റെ പേരിലുള്ള കത്തായിരുന്നു അത്. പരാതിക്കാരന്റെ പേരിലും ഒപ്പിലും വരെ വൈരുധ്യമുള്ള ആ കത്ത് തയാറാക്കിയത് മറ്റേതോ കേന്ദ്രത്തിൽനിന്നാണെന്ന വ്യക്തമായ സൂചനകളും പിന്നീട് വന്നു. ദിവ്യയുമായി അടുത്ത കേന്ദ്രങ്ങളാണ് കത്ത് തയാറാക്കിയതെന്നും പുറത്തുവിട്ടതെന്നും ആരോപണമുയർന്നുവെങ്കിലും ആ നിലക്കൊന്നും അന്വേഷണം നടന്നില്ല. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ഇലക്ട്രീഷ്യനായ ടി.വി. പ്രശാന്തിന് പമ്പ് തുടങ്ങാനുള്ള സാമ്പത്തികശേഷിയില്ലെന്നും ബിനാമി ഇടപാട് ആണെന്ന ആരോപണവും കാര്യമായെടുത്തില്ല. പെട്രോൾ പമ്പിനുള്ള എൻ.ഒ.സിക്കായി എ.ഡി.എം പോലുള്ള ഉന്നത ഉദ്യോഗസ്ഥനെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിരന്തരം വിളിക്കാനുള്ള അമിത താൽപര്യവും ചർച്ചകളിൽ ഒതുങ്ങി. ഒക്ടോബർ 14ന് രാത്രി എട്ടരയോടെ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പിറ്റേന്ന് പുലർച്ച മരണം നടന്നതുവരെ ആരൊക്കെ എ.ഡി.എമ്മുമായി ഫോണിൽ ബന്ധപ്പെട്ടുവെന്ന വിവരവും അജ്ഞാതം. എ.ഡി.എമ്മിന്റെ ക്വാർട്ടേഴ്സിനു മുന്നിലൂടെ കൈക്കൂലി ആരോപിച്ച പ്രശാന്ത് നടന്നുപോകുന്ന ദൃശ്യങ്ങൾ റെക്കോഡ് ചെയ്തതും പുറത്തുവിട്ടതും ആരെന്നതും അതിനുള്ള പ്രേരണയും അന്വേഷണത്തിൽ വന്നില്ല.
കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ കുറിച്ചാണ് നവീന്റെ കുടുംബം ഗുരുതരമായ ആരോപണമുന്നയിക്കുന്നത്. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിലാണ് കേസ് ആദ്യമന്വേഷിച്ചത്. തൊട്ടുമുകളിലുള്ള അസി. കമീഷണർക്കും സിറ്റി പൊലീസ് കമീഷണർക്കുമാണ് സ്വാഭാവികമായും മേൽനോട്ട ചുമതല.
ഏഴംഗ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചപ്പോൾ കണ്ണൂർ സിറ്റി ഇൻസ്പെക്ടറും സൈബർ സെല്ലിലെയും വനിത സ്റ്റേഷനിലെയും ഓരോ ഉദ്യോഗസ്ഥരും പുതുതായി വന്നത് ഒഴിച്ചാൽ ബാക്കി എല്ലാവരും പഴയ സംഘം തന്നെ.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പ്രതിയായ കേസിലാണ് ജില്ല പഞ്ചായത്ത് ഓഫിസിനു തൊട്ടുമുനനിലെ ടൗൺ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘത്തെ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയത് എന്നാണ് മറ്റൊരു ആരോപണം. ഇങ്ങനെ വ്യക്തത വരേണ്ട അനേകം കാര്യങ്ങൾ ബാഹ്യ ഏജൻസി അന്വേഷിക്കുന്നതിലൂടെ പുറത്തുവരുമെന്നാണ് കുടുംബത്തിന്റെ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.