നവീൻ ബാബുവിന്റെ മരണം: കുടുംബത്തിന്റെ മൊഴി ഉടൻ രേഖപ്പെടുത്തില്ല
text_fieldsകണ്ണൂർ: എ.ഡി.എം കെ. നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ മൊഴി ഉടൻ പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തില്ല. ആവശ്യമാണെങ്കിൽ മാത്രം കുടുംബത്തിന്റെ മൊഴിയെടുക്കാമെന്ന നിലപാടിലാണ് അന്വേഷണസംഘം. സംസ്കാരം നടന്ന ദിവസം രാവിലെ, അന്ന് കേസ് അന്വേഷിച്ച സംഘം നവീൻ ബാബുവിന്റെ ഭാര്യയുടെ അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു.
ഇതിൽനിന്ന് കൂടുതലായി മറ്റൊന്നും നിലവിൽ രേഖപ്പെടുത്താനില്ലാത്തതിനാലാണ് മൊഴിയെടുക്കാത്തത്. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ അജിത് കുമാറിന്റെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.
ജാമ്യാപേക്ഷയിലെ വാദത്തിലും നവീന്റെ ഭാര്യയുടെ മൊഴിയെടുത്തില്ല എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തില്ലെന്ന വാദവുമായി കുടുംബം കോടതിയെയും സമീപിച്ചിരുന്നു. അതേസമയം, എ.ഡി.എമ്മിന്റെ മരണത്തില്‍ ജാമ്യം ലഭിച്ച കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ പി.പി. ദിവ്യ തിങ്കളാഴ്ച കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി.
എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്ന ജാമ്യവ്യവസ്ഥ പ്രകാരമാണ് ദിവ്യ ഹാജരായത്. കാറിൽ സ്റ്റേഷനിലെത്തിയ ദിവ്യ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിക്ക് മുമ്പാകെ ഹാജരായി മടങ്ങി. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അവര്‍ തയാറായില്ല. നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രതിചേർക്കപ്പെട്ട് റിമാൻഡിലായിരുന്ന ദിവ്യക്ക് നവംബർ എട്ടിനാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.
സാമൂഹിക ഘടനയിൽ കുടുംബത്തിന്റെ നാഥ എന്ന പരിഗണനയിലാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചത്. കണ്ണൂര്‍ ജില്ല വിട്ടുപോകാന്‍ പാടില്ല, പാസ് പോർട്ട് കോടതിയിൽ ഹാജരാക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, ജാമ്യകാലയളവിൽ കുറ്റകൃത്യങ്ങളിലൊന്നും പ്രതിചേർക്കപ്പെടരുത് എന്നീ ഉപാധികളും കോടതി മുന്നോട്ടുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.