നവീൻ ബാബുവിനെ ഗൂഢാലോചനയിലൂടെ അപായപ്പെടുത്തിയെന്ന് ബന്ധു; 'ഗൂഢാലോചന നടത്തിയവരെ കുറിച്ച് അന്വേഷണമില്ല'
text_fieldsപത്തനംതിട്ട: എ.ഡി.എം നവീൻ ബാബുവിന് ടി.വി പ്രശാന്ത് കൈക്കൂലി നൽകിയതിന് തെളിവില്ലെന്ന വിജിലൻസ് കണ്ടെത്തലിനോട് പ്രതികരിച്ച് ബന്ധു അനിൽ പി. നായർ. ഗൂഢാലോചനയിലൂടെ നവീൻ ബാബുവിനെ അപായപ്പെടുത്തുകയായിരുന്നുവെന്ന് അനിൽ പി. നായർ പറഞ്ഞു.
കരുതിക്കൂട്ടി പ്രസംഗം നടത്തിയപ്പോൾ തന്നെ ഗൂഢാലോചനയുണ്ടെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. നവീൻ ബാബുവിന്‍റെ മരണത്തിലേക്ക് നയിച്ചതിന് പിന്നിൽ ഒരാൾ മാത്രമല്ല ഉള്ളത്. കേസിൽ പ്രതിയാക്കപ്പെട്ട ആൾ ഒരു വക്താവ് മാത്രമാണ്.
സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷയുമായ പി.പി ദിവ്യ പ്രസംഗിച്ചതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. നവീൻ ബാബുവിനെ അപായപ്പെടുത്താനുള്ള ഗൂഢാലോചനയിൽ പങ്കാളികളായവരെ പ്രതി ചേർക്കണമെന്നാണ് തങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളത്. അത്തരത്തിലുള്ള അന്വേഷണം ഇതുവരെ നടന്നിട്ടില്ല.
നവീൻ ബാബുവിനെ കുടുക്കാനുള്ള ശ്രമമാണ് നടന്നത്. അപേക്ഷ നൽകിയവർ നവീൻ ബാബുവിനെ നേരിൽ കാണാറും സംസാരിക്കാറുമുണ്ട്. ഔദ്യോഗിക വിശദീകരണത്തിന്‍റെ ഭാഗമായി അപേക്ഷകനുമായി സംസാരിക്കുന്നത് സ്വാഭാവികമാണ്. അതിനപ്പുറം ഒന്നും ഉണ്ടാവില്ലെന്നും അനിൽ പി. നായർ വ്യക്തമാക്കി.
എ.ഡി.എം നവീൻ ബാബുവിന് ടി.വി പ്രശാന്ത് കൈക്കൂലി നൽകിയതിന് തെളിവില്ലെന്നാണ് വിജിലൻസിന്‍റെ പ്രാഥമിക കണ്ടെത്തൽ. കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ എസ്.പിയാണ് അന്വേഷണം നടത്തിയത്.
പ്രശാന്തിന്‍റെ മൊഴിക്കപ്പുറം കൈക്കൂലി കൊടുത്തതിന് തെളിവില്ലെന്നും തെളിവ് ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്നും വിജിലൻസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.