നവീൻ ബാബുവിന്റെ മരണം: പരാതിക്കാരൻ പ്രശാന്തന് സസ്പെൻഷൻ
text_fieldsകണ്ണൂർ: മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പരിയാരം മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാരനായ പ്രശാന്തനെ ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തു. മെഡിക്കൽ കോളജിലെ ഇലക്ട്രിക്കൽ ഹെൽപ്പറാണ് ഇയാൾ. നവീൻ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് പരാതി നൽകിയ ആളാണ് പ്രശാന്തൻ. ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിനു ശേഷമാണ് പ്രശാന്തനെ സസ്പെൻഡ് ചെയ്തത്. സർക്കാർ സർവീസിലിരിക്കെ പമ്പിന് അപേക്ഷിച്ചത് ചട്ടലംഘനമെന്ന ചൂണ്ടിക്കാട്ടിയാണ് നടപടി.
കടുത്ത നടപടി പിന്നീടുണ്ടാകുമെന്നാണ് വിവരം. പ്രശാന്തൻ നൽകിയ പരാതി വ്യാജമാണെന്ന ആരോപണം ശക്തമായിരിക്കെയാണ് വകുപ്പ് നടപടി സ്വീകരിച്ചത്. നവീന് ബാബു ഒക്ടോബര് ആറിന് താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ഒരു ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്നും 98,500 രൂപ നല്കിയെന്നുമാണ് പ്രശാന്തൻ മുഖ്യമന്ത്രിക്ക് നൽകിയതെന്ന് പറയുന്ന പരാതിയിലുള്ളത്. ഇതുമായി ബന്ധപ്പെട്ട് പലതവണ പൊലീസ് ഇയാളെ വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സ്വർണം പണയം വെച്ചാണ് പണം നൽകിയതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. പ്രശാന്തന്‍റേതെന്ന നിലയിൽ പുറത്തുവന്ന പരാതിയുടെ കോപ്പിയിൽ വ്യാജ ഒപ്പാണെന്ന് തെളിഞ്ഞിരുന്നു. ഇതോടെ പ്രശാന്തന്‍റെ പേരിൽ വ്യാജ പരാതി ചമച്ചതാണെന്നും ആരോപണം ഉയർന്നു.
ടി.വി. പ്രശാന്തൻ പെട്രോൾ പമ്പ് പാട്ടക്കരാറിൽ നൽകിയ ഒപ്പും മുഖ്യമന്ത്രിക്കുള്ള പരാതിയിൽ നൽകിയ ഒപ്പും തമ്മിലാണ് വൈരുദ്ധ്യമുണ്ടായിരുന്നത്. ഇത് മാത്രമല്ല, പെട്രോൾ പമ്പിനുള്ള കരാറിൽ പ്രശാന്ത് എന്നാണ് പേര് നൽകിയത്. എന്നാൽ, നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ പ്രശാന്തൻ ടി.വി എന്നാണുള്ളത്. പരാതി ആരോപണ വിധേയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയെ സംരക്ഷിക്കാൻ വ്യാജമായി തയാറാക്കിയതാണെന്നും ആരോപണം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.