നവീൻ ബാബുവിന്റെ ആത്മഹത്യ: 98,500 രൂപ കൈക്കൂലി നൽകിയെന്ന് പെട്രോൾ പമ്പുടമയുടെ കത്ത്
text_fieldsകണ്ണൂർ: ചെങ്ങളായിയിൽ പെട്രോൾ പമ്പിന് നിരാക്ഷേപ പത്രം (എൻ.ഒ.സി) ലഭിക്കാൻ കണ്ണൂർ എ.ഡി.എം ആയിരിക്കെ നവീൻ ബാബുവിന് കൈക്കൂലി നൽകിയിരുന്നതായി ആരോപണം. കണ്ണൂർ നിടുവാലൂരിൽ ടി.വി. പ്രശാന്തൻ എന്നയാൾ മുഖ്യമന്ത്രിക്കെഴുതിയ കത്താണ് ഇപ്പോൾ പുറത്തുവന്നത്. പമ്പ് ഔട്ട്‌ലെറ്റിന്റെ എൻഒസി ലഭിക്കുന്നതിന് നവീൻ ബാബു ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും 98,500 രൂപ കൈപ്പറ്റുകയും ചെയ്തെന്നാണ് പരാതി.
ഒക്ടോബർ 6ന് പണം നൽകിയെന്നാണ് ഇതു സംബന്ധിച്ച് പമ്പുടമ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്. എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ ഇതേക്കുറിച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ പറഞ്ഞത്. ഇതിനുപിന്നാലെയാണ് നവീൻബാബു ആത്മഹത്യ ചെയ്തത്. എന്നാൽ, ഇതു സംബന്ധിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്നും തന്നെ വെറുതെവിടണമെന്നും പെട്രോൾ പമ്പുടമ പ്രശാന്തൻ മാധ്യമങ്ങളോട് പറഞ്ഞു.
എൻ.ഒ.സിക്കായി കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന് അപേക്ഷ സമർപ്പിച്ചെങ്കിലും അദ്ദേഹം അത് വൈകിപ്പിച്ചതായി പ്രശാന്തന്റെ പരാതിയിൽ പറയുന്നു. തുടർന്ന് ഒക്ടോബർ 6ന് നവീൻ ബാബു താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. നൽകിയില്ലെങ്കിൽ ഈ ജന്മത്തിൽ അനുമതി നൽകില്ലെന്നും ബന്ധുക്കളും സുഹൃത്തുക്കളും ചെയ്യുന്ന മറ്റു ബിസിനസുകളിലും ജോലികളിലും തടസ്സം സൃഷ്ടിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്ന് നവീൻ താമസിക്കുന്ന പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തിയാണ് 98,500 രൂപ വാങ്ങിയതെന്ന് പറയുന്നു. പിന്നീട് ഒക്ടോബർ എട്ടിന് പെട്രോൾ പമ്പിന് അനുമതി ലഭിച്ചുവെന്നും പ്രശാന്തൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.
ഈ പെട്രോൾ പമ്പിന് എൻ.ഒ.സി നൽകാൻ പല തവണ എ.ഡി.എമ്മിനെ വിളിച്ചിരുന്നുവെന്ന് പി.പി. ദിവ്യ ഇന്നലെ പറഞ്ഞിരുന്നു. ‘ആ സൈറ്റ് ഒന്ന് പോയി നോക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിളിച്ചത്. വീണ്ടും ആ ആവശ്യത്തിന് വിളിക്കേണ്ടി വന്നു. പിന്നീട് സൈറ്റ് പോയി നോക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍, തീരുമാനമൊന്നും ആയിട്ടില്ലല്ലോ പ്രസിഡന്റേയെന്ന് പറഞ്ഞ് പിന്നീട് പലതവണ ആ സംരംഭകന്‍ എന്റെ ഓഫിസ് മുറിയില്‍ വന്നു. തീരുമാനം ആകുമെന്ന് ഞാനും പറഞ്ഞു. എന്നാല്‍, ആ പ്രദേശത്ത് അല്‍പ്പം വളവും തിരിവുമെല്ലാം ഉള്ളതിനാല്‍ എന്‍.ഒ.സി നല്‍കാന്‍ ബുദ്ധിമുട്ടാണെന്ന് എ.ഡി.എം പറഞ്ഞതായി പിന്നീട് അറിയാന്‍ സാധിച്ചു. ഇത് കുറച്ച് മാസങ്ങള്‍ക്ക് മുമ്പുതന്നെ നടന്ന കാര്യമാണ്. ഇപ്പോള്‍ ഇദ്ദേഹം പോകുന്നത് കൊണ്ട് ആ സംരംഭകന് എന്‍.ഒ.സി കിട്ടിയെന്ന് അറിഞ്ഞു. ഏതായാലും നന്നായി, ആ എന്‍.ഒ.സി. എങ്ങനെ കിട്ടിയെന്ന് എനിക്ക് അറിയാം. ആ എന്‍.ഒ.സി നല്‍കിയതിന് ഇദ്ദേഹത്തിനോട് നന്ദി പറയാനാണ് ഞാന്‍ ഇപ്പോള്‍ ഈ പരിപാടിയില്‍ പങ്കെടുത്തത്. ജീവിതത്തില്‍ സത്യസന്ധത എപ്പോഴും പാലിക്കണം. കണ്ണൂരില്‍ അദ്ദേഹം നടത്തിയത് പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ആയിരിക്കരുത് അദ്ദേഹം പോകുന്ന സ്ഥലത്ത് നടത്തേണ്ടത്’ -എന്നാണ് ദിവ്യ പറഞ്ഞത്. ഇതിന്റെ വിശദാംശങ്ങൾ രണ്ട് ദിവസത്തിനകം പുറത്തറിയുമെന്നും ദിവ്യ യോഗത്തിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.