എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണം: ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കുമെന്ന് കോടതി
text_fieldsകണ്ണൂർ: എ.ഡി.എം കെ. നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രതിചേർക്കപ്പെട്ട പി.പി. ദിവ്യക്കെതിരെ ചുമത്തിയ ആത്മഹത്യാപ്രേരണക്കുറ്റം കേസിൽ നിലനിൽക്കുമെന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി. കേസിൽ റിമാൻഡിൽ കഴിയുന്ന ദിവ്യക്ക് ജാമ്യം അനുവദിച്ച് കോടതി പുറപ്പെടുവിച്ച 33 പേജുള്ള വിധിന്യായത്തിലാണ് ഈ പരാമർശം.
സാമൂഹികഘടനയിൽ കുടുംബത്തിന്റെ നാഥ എന്ന പരിഗണനയിലാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചതെന്ന് കോടതി വ്യക്തമാക്കി. കുറഞ്ഞ സമയത്തേക്കാണെങ്കിൽ പോലും കുടുംബനാഥയുടെ അസാന്നിധ്യത്തിൽ കുടുംബം അസ്വസ്ഥമാകുമെന്നും കോടതി നിരീക്ഷിച്ചു. ചികിത്സാരേഖകൾ ഹാജരാക്കിയതുപ്രകാരം ദിവ്യയുടെ പിതാവിന്റെ രോഗാവസ്ഥയും കോടതി പരിഗണിച്ചു.
പ്രതിക്കെതിരെ സമൂഹത്തിന്റെ വികാരം പരിഗണിച്ച് ജാമ്യം നിഷേധിക്കാനാവില്ലെന്ന് നിരീക്ഷിച്ച ജില്ല സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് 11 ദിവസത്തെ റിമാൻഡിനുശേഷം കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥർക്കുമുന്നിൽ ഹാജരാകണം, കണ്ണൂര്‍ ജില്ല വിട്ടുപോകാന്‍ പാടില്ല, പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, ജാമ്യകാലയളവിൽ കുറ്റകൃത്യങ്ങളിലൊന്നും പ്രതി ചേർക്കപ്പെടരുത് എന്നീ ഉപാധികളും കോടതി മുന്നോട്ടുവെച്ചു.
ഹരജിയിൽ ചൊവ്വാഴ്ച വാദം കേട്ടശേഷം വെള്ളിയാഴ്ച വിധിപറയാൻ മാറ്റുകയായിരുന്നു. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം.
എ.ഡി.എം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്നും സദുദ്ദേശ്യത്തിലാണ് ആരോപണം ഉന്നയിച്ചതെന്നും ദിവ്യ കോടതിയിൽ പറഞ്ഞിരുന്നു. വെള്ളിയാഴ്ച രാവിലെ 11ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചതിനുപിന്നാലെ ഇതുസംബന്ധിച്ച രേഖകൾ പള്ളിക്കുന്നിലെ വനിത ജയിലിൽ എത്തിച്ചു. പിന്നാലെ ജയിൽ മോചിതയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.