നവീൻ ബാബുവിന്റെ കുടുംബത്തിന് വിശ്വാസം സി.ബി.ഐ അന്വേഷണമെന്ന് മലയാലപ്പുഴ മോഹനന്
text_fieldsപത്തനംതിട്ട: എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന എം.വി ഗോവിന്ദന്റെ നിലപാട് തള്ളാതെ സി.ഐ.ടി.യു നേതാവ് മലയാലപ്പുഴ മോഹനൻ. സി.ബി.ഐ അന്വേഷണത്തെ എതിർക്കുകയല്ല പാർട്ടി സെക്രട്ടറി ചെയ്തതെന്ന് മോഹൻ പറഞ്ഞു. സി.ബി.ഐ അവസാന വാക്കല്ല എന്നതാണ് എം.വി ഗോവിന്ദന്റെ പ്രതികരണമെന്നും അതിനോട് യോജിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി എന്ന നിലയിൽ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല. ഈ വിഷയത്തിൽ കുടുംബത്തിന്റെ താൽപര്യത്തിന്റെ കൂടെയാണ്. സി.ബി.ഐ അന്വേഷണത്തിലൂടെ നീതി ലഭിക്കൂവെന്ന് കുടുംബം വിശ്വസിക്കുന്നു. ആ നിലപാടിനെ എതിർക്കുന്നില്ലെന്നും പിന്തുണക്കുന്നു. സിറ്റിങ് ജഡ്ജിയെ കൊണ്ട് ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് തന്റെ നിലപാടെന്നും അത് നീതിപൂർവം നടക്കുമെന്നും മലയാലപ്പുഴ മോഹനൻ വ്യക്തമാക്കി.
‘കൂട്ടിലടച്ച തത്ത’; സി.ബി.ഐ അന്വേഷണം തള്ളി എം.വി. ഗോവിന്ദൻ
തൊടുപുഴ: എ.ഡി.എം നവീൻബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സി.ബി.ഐ. എന്നത് അവസാന വാക്കല്ല. സി.ബി.ഐ അന്വേഷണത്തിൽ സി.പി.എമ്മിന് വ്യക്തമായ നിലപാടുണ്ട്. സി.ബി.ഐ കൂട്ടിലടച്ച തത്തയാണെന്നും അദേഹം തൊടുപുഴയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അന്വേഷണം സംബന്ധിച്ച് കോടതി കേസ് ഡയറി പരിശോധിച്ച് പറയട്ടെയെന്നും പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്നും ഗോവിന്ദൻ വ്യക്തമാക്കി. ഒരു ഘട്ടത്തിലും സി.പി.എം ജമാ അത്തെ ഇസ്ലാമിയുമായോ എസ്.ഡി.പി.ഐയുമായോ കൂട്ട് കൂടിയിട്ടില്ലെന്നും അദേഹം ചോദ്യങ്ങളോട് പ്രതികരിച്ചു.
ഭൂരിപക്ഷ വർഗീയതക്കും ന്യൂനപക്ഷ വർഗീയതക്കും സി.പി.എം എതിരാണ്. സാമൂഹ്യ പെൻഷൻ അനർഹമായി കൈപ്പറ്റിയവർക്കെതിരെ കർശന നടപടി എടുക്കട്ടെയെന്നും സർക്കാർ ജീവനക്കാരിലും കള്ള നാണയങ്ങൾ ഉണ്ടാകുമെന്നും ഗോവിന്ദൻ പറഞ്ഞു.
കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഭാര്യ കെ. മഞ്ജുഷ ഹൈകോടതിയിൽ ഹരജി നൽകിയത്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കേന്ദ്ര ഏജൻസിയുടെ നിഷ്പക്ഷ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്. നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന സംശയവും ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്.
ഒക്ടോബർ 14ന് യാത്രയയപ്പ് യോഗത്തിനുശേഷം നവീൻ ബാബുവിനെ ആരെല്ലാം സന്ദർശിച്ചു എന്നത് കണ്ടെത്തേണ്ടത് അനിവാര്യമാണെങ്കിലും സി.സി.ടി.വി ദൃശ്യങ്ങൾ പ്രത്യേക അന്വേഷണസംഘം പിടിച്ചെടുത്തിട്ടില്ലെന്നാണ് അറിയുന്നത്. നവീൻ മരിച്ചതായി കലക്ടറേറ്റ് ഉദ്യോഗസ്ഥൻ ഒക്ടോബർ 15ന് രാവിലെ എട്ടിന് അറിയിച്ചതിന് പിന്നാലെ വീട്ടുകാർ എത്തും മുമ്പുതന്നെ പൊലീസ് തിടുക്കപ്പെട്ട് ഇൻക്വസ്റ്റ് തയാറാക്കി. ഇൻക്വസ്റ്റിന് അടുത്ത ബന്ധുക്കളുടെ സാന്നിധ്യം ഉറപ്പാക്കണമെന്നാണ് നിയമം.
നവീൻ കോഴ വാങ്ങിയെന്ന് ആരോപിച്ച് പെട്രോൾ പമ്പ് അപേക്ഷകൻ മുഖ്യമന്ത്രിക്ക് അയച്ചതായി പറയുന്ന കത്ത് കെട്ടിച്ചമച്ചതാണ്. വകുപ്പുതലത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിക്കാതെ കയറിവന്ന ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, നവീൻ അഴിമതിക്കാരനാണെന്ന് വ്യാജ ആരോപണമുന്നയിക്കുകയും കൂടെ കൊണ്ടുവന്ന കാമറമാനെ ഉപയോഗിച്ച് റെക്കോഡ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തു.
നവീന് സ്ഥലംമാറ്റം കിട്ടിയ പത്തനംതിട്ട ജില്ലയിലെ ജീവനക്കാർക്കും ദൃശ്യങ്ങൾ അയച്ചുകൊടുത്തു. എന്നാൽ, പ്രത്യേക അന്വേഷണസംഘം ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം നടത്തിയില്ലെന്ന് മാത്രമല്ല, തെളിവ് ശേഖരിക്കുന്നതിലും താൽപര്യം പ്രകടിപ്പിക്കുന്നില്ല. തെളിവ് കെട്ടിച്ചമക്കാൻ ഏക പ്രതിയായ ദിവ്യയെ പ്രോത്സാഹിപ്പിക്കുന്നതായും സംശയമുണ്ട്.
തെറ്റ് ചെയ്തതായി നവീൻ തന്റെ ചേംബറിലെത്തി പറഞ്ഞുവെന്ന നിലയിൽ ജില്ല കലക്ടർ അരുൺ കെ. വിജയന്റേതായി വൈകിവന്ന പ്രസ്താവനയും ദിവ്യയുടെ സ്വാധീനത്തിലാണ്. ദിവ്യയുടെ ഭർത്താവിന്റെ സഹപ്രവർത്തകനായ പ്രശാന്തന് പെട്രോൾ പമ്പ് നടത്തിപ്പിനുള്ള സാമ്പത്തികശേഷിയോ അനുമതിയോ ഉണ്ടായിരുന്നില്ല. സി.പി.എമ്മിന്റെയും ജനാധിപത്യ മഹിള അസോസിയേഷന്റെയും നേതാവായി തുടരുന്ന ദിവ്യയെ ഭയന്ന് നവീന്റെ സഹപ്രവർത്തകരാരും വസ്തുത പുറത്തുപറയുന്നില്ല. സി.പി.എം നേതാക്കൾ നിശ്ചയിക്കുമ്പോലെ അന്വേഷണം നടക്കുന്ന രീതിയാണ് ഇപ്പോഴത്തേതെന്ന് ഹരജിയിൽ ആരോപിക്കുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുരളീധരൻ കോഞ്ചേരിയില്ലവും ഹരജി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.