നവീന് അക്ഷരംകൊണ്ട് യാത്രയയപ്പ്; വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് ദിവ്യ എസ്. അയ്യർ
text_fieldsതിരുവനന്തപുരം: എ.ഡി.എം നവീൻ ബാബുവിന് അക്ഷരംകൊണ്ട് ഹൃദയഭേദകമായ യാത്രയയപ്പുമായി ഐ.എ.എസ് ഉദ്യോഗസ്ഥർ. ഇതിലും മികച്ചൊരു യാത്രയയപ്പിന് അർഹതയുള്ള ആളാണ് നവീനെന്നാണ് പത്തനംതിട്ട മുൻ ജില്ല കലക്ടർ പി.ബി. നൂഹ് ഓർക്കുന്നത്.
ഒരു പരാതിയും കേൾപ്പിക്കാത്ത, ഏതു കാര്യവും വിശ്വസിച്ച് ഏൽപ്പിക്കാൻ കഴിയുന്ന ചുരുക്കം ഉദ്യോഗസ്ഥരിൽ ഒരാളാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. 2018 മുതൽ 2021 ജനുവരി വരെ ജില്ല കലക്ടർ ആയ കാലം സംഭവബഹുലമായിരുന്നു. വെള്ളപ്പൊക്കവും, ശബരിമലയിലെ സ്ത്രീ പ്രവേശന വിവാദങ്ങളും കോവിഡ് മഹാമാരിയും ഈ കാലത്താണ്. ഈ ഘട്ടങ്ങളെ ഒരു പരിധി വരെ തരണം ചെയ്യാൻ സാധിച്ചത് നവീനെപോലുള്ള ഉദ്യോഗസ്ഥരുടെ സഹായത്താലാണെന്ന് നൂഹ് കുറിച്ചു.
എപ്പോഴും ചിരിച്ചു മാത്രം കണ്ടിട്ടുള്ള വ്യക്തി.ഒടുവിൽ ഇത്തരത്തിൽ യാത്ര പറഞ്ഞു പോകുന്നത് അസ്സഹനീയമാണ്. ഒരു വകുപ്പിൽ 30ലേറെ വർഷം ജോലി ചെയ്ത് യാത്ര പറഞ്ഞു പോകുമ്പോൾ അദ്ദേഹം കുറഞ്ഞപക്ഷം ഇതിലും മികച്ചൊരു യാത്രയയപ്പ് അർഹിച്ചിരുന്നതായി വികാരനിർഭരമായി നൂഹ് എഴുതുന്നു.
മറ്റൊരു ഐ.എ.എസ് ഉദ്യോഗസ്ഥ ദിവ്യ എസ്. അയ്യരും വികാരനിർഭരയാത്രയയപ്പാണ് നവീൻ ബാബുവിന് നൽകിയത്. ‘‘ഒറ്റക്കുടുംബമായാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഒരു വീട്ടില്‍ കഴിയുന്നത് പോലെയാണ് ഞങ്ങള്‍ സംസാരിച്ചിരുന്നതും ഭക്ഷണം കഴിച്ചിരുന്നതും ജോലി ചെയ്തിരുന്നതുമെല്ലാം. ഞങ്ങളുടെ കൂടെ നിര്‍ലോഭം പ്രവര്‍ത്തിച്ചയാളാണ്. ഒരു പാവത്താനാണ്. നവീന്‍ ഇനിയില്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല’’ -ദിവ്യ പ്രതികരിച്ചു.
ബന്ധുക്കളുടെ മൊഴിയെടുത്തു
കോന്നി: നവീൻ ബാബുവിന്‍റെ മരണത്തിൽ ബന്ധുക്കളുടെ മൊഴി കണ്ണൂർ പൊലീസ് രേഖപ്പെടുത്തി. ടൗൺ എസ്.ഐ സവ്യ സാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ, സഹോദരൻ അഡ്വ. പ്രവീൺ, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റ് ജയലാൽ, മലയാലപ്പുഴ മോഹനൻ എന്നിവരുടെയും മറ്റ് ബന്ധുക്കളുടെയും അയൽവാസികളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തിയത്. മൊഴിയെടുപ്പ് അഞ്ചുമണിക്കൂർ നീണ്ടു.
സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനൻ ശക്തമായ മൊഴിയാണ് നൽകിയത്. നവീന്‍റെ മരണത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യക്കൊപ്പം കണ്ണൂർ ജില്ല കലക്ടർക്കും പങ്കുണ്ടെന്ന് മലയാലപ്പുഴ മോഹനൻ പറഞ്ഞു. നവീൻ ബാബുവിന്‍റെ സഹോദരൻ അഡ്വ. പ്രവീൺ കണ്ണൂർ ടൗൺ പൊലീസിന് പരാതി നൽകിയിട്ടും കേസെടുക്കാൻ തയാറായില്ലെന്ന ആക്ഷേപത്തെതുടർന്നാണ് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മൊഴിയെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.