നവീന്‍ ബാബുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; പൊലീസ് ഗൂഢാലോചന അന്വേഷിച്ചില്ലെന്ന് കുടുംബം
text_fieldsപത്തനംതിട്ട: കണ്ണൂർ മുൻ എ.ഡി.എം നവീന്‍ ബാബുവിന്റേത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംശയകരമായ മുറിവുകളോ മറ്റ് പാടുകളോ ശരീരത്തിലില്ലെന്നും വ്യക്തമാക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. ശരീരത്തിലെ നിറവ്യത്യാസം മരണശേഷം സ്വാഭാവികമായി വരുന്നതാണെന്നും പരിയാരം മെഡിക്കൽ കോളജിൽനിന്ന് നൽകിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ കൊലപാതകമാണെന്ന് സംശയിക്കുന്നതായി കുടുംബം പ്രതികരിച്ചിരുന്നു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പെടെ കാണിച്ച് ആത്മഹത്യയാണെന്ന നിലപാടിൽ പൊലീസ് ഉറച്ചുനിൽക്കുകയായിരുന്നു. സംശയങ്ങളും വിവാദങ്ങളും ഉയരുന്ന പശ്ചാത്തലത്തിൽ ആന്തരികാവയവങ്ങളും സാമ്പിളുകളും രാസപരിശോധനക്ക് അയക്കാറുണ്ട്. എന്നാൽ അതും ഉണ്ടായിട്ടില്ല.
ധൃതിപ്പെട്ട് നടത്തിയ ഇൻക്വസ്റ്റ് നടപടികളിൽ ഉൾപ്പെടെ സംശയം പ്രകടിപ്പിച്ച കടുംബം, പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തണമെന്ന കുടുംബത്തിന്റെ ആവശ്യം അധികൃതർ തള്ളുകയും ചെയ്തു.
ആത്മഹത്യയാണെന്നും മറ്റ് സംശയങ്ങളില്ലെന്നും കാണിച്ച് പൊലീസ് നൽകിയ സത്യവാങ്മൂലം നവീൻ ബാബുവിന്റെ കുടുംബം തള്ളി. മരണവുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനയെ കുറിച്ച് അന്വേഷിച്ചിട്ടില്ല. പി.പി. ദിവ്യക്ക് എന്തെങ്കിലും പങ്കുള്ളതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നില്ല. കൃത്യമായ അന്വേഷണം വേണമെന്ന ആവശ്യം കോടതിയിൽ ഉന്നയിക്കുമെന്നും നവീൻ ബാബുവിന്റെ ബന്ധു അഡ്വ. അനിൽ പി. നായർ വ്യക്തമാക്കി.
ഒക്ടോബർ 15ന് രാവിലെയാണ് കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽനിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യാത്രയയപ്പ് നൽകിയിരുന്നു. ഈ ചടങ്ങിൽ പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് പിറ്റേന്ന് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടത്.
യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെയാണ് പി.പി. ദിവ്യ എത്തിയത്. എ.ഡി.എമ്മിനെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി കയറിവന്ന ദിവ്യ, ചെങ്ങളായിയിൽ പെട്രോൾ പമ്പിന് അനുമതി നൽകുന്നത് മാസങ്ങളോളം വൈകിപ്പിച്ച എ.ഡി.എമ്മിന്റെ നടപടിയിൽ വിമർശനം ഉന്നയിച്ചിരുന്നു. സ്ഥലംമാറ്റം വന്നതിനുശേഷം രണ്ടുദിവസം മുമ്പ് അനുമതി നൽകിയെന്നും അത് എങ്ങനെയാണെന്ന് തനിക്കറിയാമെന്നും പറഞ്ഞ ദിവ്യ, രണ്ട് ദിവസത്തിനകം വിവരങ്ങൾ പുറത്തുവിടുമെന്നും പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.