‘ഒാപറേഷൻ സഹായ’വുമായി നാവികസേന; 87 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
text_fields
കൊച്ചി: ഒാഖി ചുഴലിക്കാറ്റിൽ കടലിൽ അകപ്പെട്ട 87 മത്സ്യത്തൊഴിലാളികളെ കൂടി രക്ഷപ്പെടുത്തി. 25 പേരെ നാവികസേനയും 62 പേരെ തീരസംരക്ഷണ സേനയുമാണ് ബുധനാഴ്ച രക്ഷപ്പെടുത്തിയത്. നാവികസേനയുടെ 12 കപ്പലുകൾ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ തിരച്ചിൽ തുടരുകയാണ്.
ബുധനാഴ്ച പുലർച്ചെ മൂന്നിന് കവരത്തിക്ക് വടക്കുപടിഞ്ഞാറ് 180 നോട്ടിക്കൽ മൈൽ അകലെ നാവികസേന വിമാനം തിരച്ചിൽ നടത്തുന്നതിനിടെയാണ് 13 തൊഴിലാളികളുമായി കടലിൽ കുടുങ്ങിയ സെൻറ് ഡാമിയൻ എന്ന ബോട്ട് കണ്ടെത്തിയത്.
തുടർന്ന് െഎ.എൻ.എസ് ചെന്നൈ കപ്പലിെൻറ സഹായത്തോടെ തൊഴിലാളികളെ രക്ഷപ്പെടുത്തി ലക്ഷദ്വീപ് തീരത്തെത്തിക്കുകയായിരുന്നു. കന്യാകുമാരി സ്വദേശികളായ തദേവൂസ് (32), ജസ്റ്റിൻ (40), ജിനോ (21), സി. രാജ്കുമാർ (37), ജെ. വിൻസൻറ് (45), ജസ്റ്റിൻ (37), ബ്രിട്ടിൽ ജോയി (24), മാത്യൂസ് (42), പ്രഭസ്യ (16), സുനിൽ (18), പ്രശാന്ത് (21), പീറ്റർ (50), ജിജോ (25) എന്നിവരാണ് രക്ഷപ്പെട്ടത്. ഇവർക്ക് അടിയന്തരചികിത്സയും ഭക്ഷണവും ലഭ്യമാക്കി.
കടലിൽ ഒഴുകിനടന്ന ‘ഒാൾമൈറ്റി ഗോഡ്’ എന്ന ബോട്ടും ഇതിലെ 12 തൊഴിലാളികളെയും നാവികസേന രക്ഷപ്പെടുത്തി തോപ്പുംപടി ഹാർബറിലെത്തിച്ചു. തമിഴ്നാട്, അസം സ്വദേശികളാണ് തൊഴിലാളികൾ. ഹോളി ബ്രൈറ്റ് എന്ന ബോട്ടിലെ 12ഉം ബ്രൈറ്റിലെ 14ഉം വുസ്ഡോമിലെ 12ഉം ക്യൂൻമേരിയിലെ 11ഉം സീ എയ്ഞ്ചലിലെ 13ഉം തൊഴിലാളികളെയാണ് തീരസംരക്ഷണസേന ലക്ഷദ്വീപിന് സമീപത്തെ കടലിൽനിന്ന് രക്ഷപ്പെടുത്തിയത്.
നാവികസേനയുടെ ചെറുതും വലുതുമായ 12 കപ്പലുകൾ ‘ഒാപറേഷൻ സഹായം’ എന്നപേരിലാണ് കേരള, ലക്ഷദ്വീപ് തീരങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. കൊച്ചിയിൽനിന്നുള്ള ആറു മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി നാവികസേനയുടെ െഎ.എൻ.എസ് കൽപേനി കപ്പലും കൊല്ലത്തുനിന്നുള്ള രണ്ടു മത്സ്യത്തൊഴിലാളികളുമായി െഎ.എൻ.എസ് കബ്രയും ബുധനാഴ്ച തിരച്ചിൽ ആരംഭിച്ചു. തങ്ങളുടെ സഹപ്രവർത്തകരെ കണ്ടെത്താൻ എത്രദിവസവും നാവികസേനയുമായി സഹകരിക്കാമെന്ന നിലപാടിലാണ് മത്സ്യത്തൊഴിലാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.