നവകേരള സദസ് :വികസന കാഴ്ചകളുമായി വീഡിയോ വാൻ അങ്കമാലിയിൽ നിന്ന് പര്യടനം ആരംഭിച്ചു
text_fieldsകൊച്ചി: നവ കേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലതലത്തിൽ പര്യടനം നടത്തുന്ന നവ കേരള സദസിന്റെ പ്രചാരണാർഥം ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ വികസന കാഴ്ചകളുമായി ജില്ലയിൽ വീഡിയോ വാൻ അങ്കമാലി മണ്ഡലത്തിൽ നിന്ന് പര്യടനം ആരംഭിച്ചു.
സംസ്ഥാന സർക്കാരിന്റെ വികസനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വികസന നേട്ടങ്ങളുടെ കാഴ്ചകളുമായാണ് മണ്ഡലത്തിലെ പ്രധാന ഇടങ്ങളിൽ വീഡിയോ വാൻ പര്യടനം നടത്തിയത്. അങ്കമാലി മണ്ഡലത്തിൽ കരയാംപറമ്പ്, മൂക്കന്നൂർ, പാലാ കവല, തുറവൂർ , ചന്ദ്രപ്പുര , നിലീശ്വരം, കാലടി, അങ്കമാലി, പാറക്കടവ്, പുളിയിനം, കുറുമശ്ശേരി, ചെങ്ങമനാട്, അത്താണി എന്നിവിടങ്ങളിൽ പര്യടനം നടത്തി.
വരും ദിവസങ്ങളിലായി എല്ലാ നിയോജക മണ്ഡലങ്ങളിലെയും പ്രധാന സ്ഥലങ്ങളിൽ വീഡിയോ വാൻ എത്തും.ഡിസംബർ ആറ് ബുധനാഴ്ച വൈപ്പിൻ, കൊച്ചി, എറണാകുളം, തൃപ്പൂണിത്തുറ, കളമശ്ശേരി, തൃക്കാക്കര നിയോജക മണ്ഡലങ്ങളിൽ വീഡിയോ വാൻ എത്തും. ഡിസംബർ ഏഴിന് പിറവം, കുന്നത്തുനാട്, പെരുമ്പാവൂർ, മൂവാറ്റുപുഴ,കോതമംഗലം നിയോജകമണ്ഡലങ്ങളിൽ വീഡിയോ വാൻ പര്യടനം നടത്തും.
ഡിസംബർ ഏഴിന് വൈകീട്ട് മൂന്നിന് അങ്കമാലി സെന്റ് ജോസഫ് ഹൈസ്കൂൾ മൈതാനത്താണ് അങ്കമാലി മണ്ഡലതല നവ കേരളസദസ് സംഘടിപ്പിക്കുന്നത്. ഡിസംബർ പത്ത് വരെയാണ് എറണാകുളം ജില്ലയിൽ നവ കേരള സദസ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.