നേവിയുടെ സ്ഥലത്തെ കുഴിയിൽ വീണ് കുട്ടിയുടെ മരണം: നഷ്ടപരിഹാരം നിർണയിക്കാൻ റിട്ട. ജില്ല ജഡ്ജി
text_fieldsകൊച്ചി: നാവികസേനയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ സുരക്ഷാവേലിയില്ലാത്ത താൽക്കാലിക കുഴിയിൽ വീണ് കുട്ടി മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം നിശ്ചയിക്കാൻ ഹൈകോടതി റിട്ട. ജില്ല സെഷൻസ് ജഡ്ജിയെ ചുമതലപ്പെടുത്തും. ഫോർട്ട്കൊച്ചിയിൽ നാവികന്റെ മകൻ മരിക്കാനിടയായ സംഭവത്തിലാണ് ഉത്തരവാദിത്തം നാവികസേനയടക്കം എതിർകക്ഷികളിൽ ചുമത്തി ജസ്റ്റിസ് അമിത് റാവലിന്റെ ഉത്തരവ്.
നാവികനായ വിശാഖപട്ടണം സ്വദേശി എസ്.ടി റെഡ്ഡിയുടെയും നാരായണമ്മയുടെയും മകൻ സായി ആകാശ് റെഡ്ഡി ഫോർട്ട് കൊച്ചി നേവൽ റെസിഡൻഷ്യൽ കോംപ്ലക്സിലെ കുട്ടികളുടെ പാർക്കിന് സമീപത്തെ കുഴിയിൽ വീണ് 2015 ഫെബ്രുവരി 22നാണ് മരിച്ചത്. പാർക്കിൽനിന്ന് 10 മീറ്റർ അകലം മാത്രമാണ് ഒന്നര മീറ്ററോളം താഴ്ചയുള്ള കുഴിയിലേക്ക് ഉണ്ടായിരുന്നതെങ്കിലും ഇതുസംബന്ധിച്ച് മുന്നറിയിപ്പൊന്നും നൽകിയിരുന്നില്ല. എതിർ കക്ഷികളുടെ അനാസ്ഥയടക്കം ചൂണ്ടിക്കാട്ടി നേവൽ കമാൻഡിങ് ഓഫിസർക്ക് അപേക്ഷ നൽകിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
കുഴി അപകടരഹിതമായി സൂക്ഷിക്കേണ്ട ചുമതല കരാറുകാരനായിരുന്നുവെന്നും മരണത്തിന് ഉത്തരവാദി കരാറുകാരനാണെന്നുമായിരുന്നു നാവികസേനയുടെ വാദം. കുട്ടിയെ രക്ഷിതാക്കൾ ശ്രദ്ധിച്ചില്ലെന്ന വാദവും സേന ഉന്നയിച്ചിരുന്നു. എന്നാൽ, സുരക്ഷ സംബന്ധിച്ച് ആവശ്യമായ നിർദേശം നൽകേണ്ട ഉത്തരവാദിത്തം നാവികസേനക്കുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഈ വാദങ്ങൾ തള്ളി. കേന്ദ്ര ആസ്ഥാനവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമറിയിക്കാമെന്ന് അറിയിച്ച നാവികസേനയുടെ അഭിഭാഷകൻ ഇതിന് ഒരു മാസം സമയവും ആവശ്യപ്പെട്ടു. തുടർന്ന് ഹരജി ഒക്ടോബർ 27ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.