നാവികസേന സ്വയം നവീകരിക്കണം- രാഷ്ട്രപതി
text_fieldsകൊച്ചി: നാവികസേന സാങ്കേതിക മുന്നേറ്റങ്ങളെ അറിയുന്നതിനൊപ്പം സമുദ്രമേഖലയിലെ ചലനാത്മകത മനസ്സിലാക്കി സ്വയം നവീകരിക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. നാവികസേനയുടെ പരിശീലന കേന്ദ്രമായ ഐ.എൻ.എസ് ദ്രോണാചാര്യക്ക് പ്രസിഡന്റ്സ് കളര്‍ (പ്രത്യേക നാവിക പതാക) ബഹുമതി സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അവർ. മൂന്ന് ദിവസത്തെ സന്ദർശനത്തിന് കേരളത്തിലെത്തിയ രാഷ്ട്രപതി, ഫോർട്ട്കൊച്ചിയിലെ നാവിക കേന്ദ്രത്തിൽ നടന്ന ചടങ്ങിലാണ് പ്രസിഡന്റ്സ് കളർ സമ്മാനിച്ചത്.
ലെഫ്റ്റനന്റ് കമാൻഡന്റ് ദീപക് സ്കറിയ ബഹുമതി ഏറ്റുവാങ്ങി. യുദ്ധത്തിലും സമാധാനത്തിലും രാജ്യത്തിന് നൽകിയ അസാധാരണ സേവനത്തിനുള്ള അംഗീകാരമാണിതെന്ന് അവർ പറഞ്ഞു. സംസ്ഥാനത്ത് ആദ്യ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഉജ്ജ്വല സ്വീകരണമാണ് നൽകിയത്.
ഉച്ചക്ക് 1.45ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവരടങ്ങിയ സംഘം സ്വീകരിച്ചു. തുടർന്ന് തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് സന്ദർശിച്ചു. വിക്രാന്ത് യാഥാർഥ്യമാക്കുന്നതിൽ സഹകരിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. ഐ.എന്‍.എസ് ദ്രോണാചാര്യയിൽ തുറന്നവാഹനത്തിൽ സഞ്ചരിച്ച് നാവികസേനയുടെ ഗാർഡ് ഓഫ് ഓണറും രാഷ്ട്രപതി സ്വീകരിച്ചു.
പ്രസിഡന്റ്സ് കളര്‍ ബഹുമതി സമ്മാനിക്കുന്നതിനോടനുബന്ധിച്ച് തപാൽ വകുപ്പ് തയാറാക്കിയ സ്പെഷൽ കവർ രാഷ്ട്രപതി പുറത്തിറക്കി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, നാവികസേന മേധാവി അഡ്മിറൽ ആർ. ഹരികുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.