മുതിർന്ന നക്സൽ നേതാവ് കുന്നേൽ കൃഷ്ണൻ അന്തരിച്ചു
text_fieldsമാനന്തവാടി: കേരളത്തിലെ തലമുതിർന്ന നക്സലൈറ്റ് നേതാവ് മാനന്തവാടി വാളാട് കുന്നേൽ കൃഷ്ണൻ (85) നിര്യാതനായി. അർബുദ ബാധിതനായി തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചക്ക് 1.15 ഓടെയാണ് അന്ത്യം. തൊടുപുഴ ഇടമറുകിലെ കുന്നേൽ കുടുംബാംഗമായ കൃഷ്ണൻ 1948ലാണ് വയനാട്ടിൽ മാനന്തവാടിക്കടുത്ത് വാളാട്ടെത്തുന്നത്.
ഹൈസ്കൂൾ പഠനകാലത്ത് കെ.എസ്.എഫിലും തുടർന്ന് സി.പി.എമ്മിലും പ്രവർത്തിച്ചു. പാർട്ടി പിളർന്നതിനുപിന്നാലെ നക്സൽ വിഭാഗത്തിൽ ഉറച്ചു നിന്നു. അവസാന നാൾവരെ ഈ നിലപാടിൽ മാറ്റമുണ്ടായില്ല. പഠനകാലം മുതൽ എ. വർഗീസിന്റെ സഹപ്രവർത്തകനായിരുന്നു.
കേണിച്ചിറ മഠത്തിൽ മത്തായി വധം, കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണം തുടങ്ങിയ നക്സൽ ഓപറേഷനുകളിൽ പങ്കെടുത്തു. ദീർഘനാൾ ജയിൽവാസം അനുഭവിച്ചു. പലതവണ പൊലീസ് പീഡനത്തിനിരയായി.
സി.പി.ഐ (എം.എൽ) റെഡ് ഫ്ലാഗ് സംസ്ഥാന കൗൺസിലിൽ ക്ഷണിതാവായ അദ്ദേഹം ജനകീയ സമരങ്ങളിൽ അവസാനകാലംവരെ സജീവമായിരുന്നു. വർഗീസ് സ്മാരക ട്രസ്റ്റ് ട്രഷററായിരുന്നു.
കനകയാണ് ഭാര്യ. മക്കൾ: അജിത് കുമാർ, (കെ.എസ്.ആർ.ടി.സി കാസർകോട്) അനൂപ് കുമാർ, (ബംഗളൂരു), അനിഷ്യ അരുൺകുമാർ (മൈസൂരു), അനീഷ് കുമാർ (സൗദി). മരുമക്കൾ: ബിന്ദു, ഹർഷ (നഴ്സ് ബംഗളൂരു), ചാർളി ചാക്കോ (ചെന്നൈ), സൗപർണിക, അബ്ജു (എറണാകുളം). സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.