വിടപറഞ്ഞത് നക്സലൈറ്റുകളുടെ സ്വന്തം മണി ചേച്ചി
text_fieldsകോഴിക്കോട് : കേരളത്തിലെ നക്സലൈറ്റുകൾക്ക് 1980 കളിൽ തണലായിരുന്നു കെ.വേണുവിെൻറ കണ്ടശാംകടവിലെ വീടും മണിച്ചേച്ചിയും. സംസ്ഥാനത്ത് അപൂർവമായ രാഷ്ട്രീയ വിവാഹമാണ് വേണുവിേൻറത്. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത തൊണ്ട് തല്ലി ജീവിച്ച ഒരു തൊഴിലാളി സ്ത്രീയെ പ്രപഞ്ചവും മുഷ്യനും വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങളും അടക്കമുള്ള കൃതികളെഴുതിയ ബുദ്ധിജീവിയായ വേണു വിവാഹം കഴിച്ചു.
അന്തിക്കാട് കുന്നംപള്ളി ശങ്കരന്റെ ഏഴുമക്കളിൽ രണ്ടാമത്തയാളായായിരുന്നു മണി. രണ്ടാം ക്ലാസ് വിദ്യാഭ്യാസം. അമ്മ കൂലിപ്പണിക്ക് പോയതിനാൽ രണ്ടാം ക്ലാസിൽ പഠനം നിർത്തേണ്ടിവന്നു. 12 വയസു മുതൽ ചകിരി തല്ലി തുടങ്ങി. അച്ഛൻ കറകളഞ്ഞ കമ്മ്യൂണിസ്റ്റായിരുന്നു. അന്നത്തെ അന്തിക്കാട് കമ്മ്യൂണിസ്റ്റ് കോട്ടയായിരുന്നു. മണിയും അക്കാലത്തെ സമരങ്ങളിൽ അച്ഛനോടൊപ്പം സമരങ്ങളിൽ പങ്കെടുത്തു. അന്തിക്കാട്ടെ ചകിരിത്തൊഴിലാളി സഹകരണസംഘത്തിലെ സമരത്തിൽ മണി നാലു ദിവസം ജയിലിൽകിടന്നു. അതോടെ സി.പി.ഐ.(എം.എൽ) പ്രസ്ഥാനവുമായി അടുത്തു. അങ്ങനെ പ്രസ്ഥാനമാണ് വിവാഹം തീരുമാനിച്ചത്.
അടിയന്തരാവസ്ഥക്ക് ശേഷം ജയിലിൽനിന്ന് പുറത്തിറങ്ങി ജനകീയ സാംസ്കാരിക വേദിക്ക് രൂപം നൽകിയ കാലം. മാർച്ച് 22നാണ് വിവാഹം നടന്നത്. പൊലീസിനെ വെട്ടിച്ച് സംഘടിപ്പിച്ച വിവാഹം. സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന തൃശ്ശൂർ ജില്ലയിലെ സഖാവിനായിരുന്നു വിവാഹത്തിെൻറ ചുമതല. സംസ്ഥാന കമ്മിറ്റി അന്തിക്കാട് കൂടാനും അതിനെ തുടർന്ന് വിവാഹം നടത്തുവാനുമാണ് പാർട്ടി തീരുമാനിച്ചത്. 22ന് സംസ്ഥാന കമ്മിറ്റിയും രാത്രി വിവാഹവും എന്നതായിരുന്നു പദ്ധതി.
തിരുവനന്തപുരത്ത് വേണു ഉണ്ടായിരുന്ന കാലത്തെ പ്രധാന സുഹൃത്തുക്കളും രാഷ്ട്രീയ സഹയാത്രികരുമായിരുന്ന കെ.ജി ശങ്കരപ്പിള്ള, ബി. രാജീവൻ, മേഘനാഥൻ തുടങ്ങിയവർ അടക്കം ഏതാനും പേരാണ് വിവാഹത്തിൽ പങ്കെടുത്തത്. മണിയുടെ വിവാഹം എന്ന് മാത്രമാണ് അടുത്ത ബന്ധുക്കളെ അറിയിച്ചത്. ആരാണ് വിവാഹം കഴിക്കുന്നതെന്ന് ബന്ധുക്കളോട് പോലും വെളിപ്പെടുത്തിയിരുന്നില്ല.
ആ വീട്ടിലേക്ക് ഏതു വഴി വന്നാലും പൊലീസിന് കുറച്ചു നടക്കേണ്ടി വരും. ആ സമയം കൊണ്ട് രക്ഷപ്പെടാൻ കഴിയുന്ന ഏർപ്പാടുകൾ സഖാക്കൾ ഒരുക്കി. ചെമ്പരത്തിപ്പൂവും തുളസിയിലയും കൊണ്ട് കെട്ടി ഉണ്ടാക്കിയ മാലയിടിയിൽ മാത്രമായിരുന്നു വിവാഹ ചടങ്ങ്. തുടർന്ന് എല്ലാവരും വട്ടമിരുന്ന് ഒരു ചെറിയ യോഗവും നടത്തി. പാർട്ടിയെ പ്രതിനിധീകരിച്ച് ഭാസുരേന്ദ്ര ബാബു സംസാരിച്ചു. തുടർന്ന് ചെറിയ സദ്യയും ഏർപ്പാടാക്കി.
വാസുവേട്ടൻ (ഗ്രോവാസു) ഒരു കത്ത് കൊടുത്തു വിട്ടു. കോഴിക്കോട് നടക്കാൻ പോകുന്ന ജനകീയ വിചാരണയെക്കുറിച്ച് ആയിരുന്നു കത്ത്. വിവാഹം കഴിഞ്ഞതോടെ അവിടെയധികം തങ്ങാൻ സുരക്ഷിതമല്ലാത്തതിനാൽ രണ്ടുപേരും സഖാക്കൾെക്കാപ്പം യാത്രയായി. വിവാഹം നടന്നുവെന്ന വാർത്ത പുറത്താകും മുമ്പ് വേണു മണിയേയും കൂട്ടി സ്ഥലംവിട്ടു.
സഖാക്കൾക്കൊപ്പം നടന്ന് കായലോരത്തെത്തി. അവിടെ ഒരു തോണി ഏർപ്പാട് ചെയ്തിരുന്നു. അതിൽ കയറി കായലിനക്കരെ എത്തി അവിടെ ഒരു ടാക്സിയിൽ ഗുരവായൂരിലേക്കാണ് പോയത്. വിവാഹ ദിവസം പോലും വൈകീട്ട് വരെ മണി ചുമടെടുത്തിരുന്നു. പിന്നീട് കേരളത്തിൽ 1991 വരെ നടന്ന എല്ലാ പാർട്ടി പ്രവർത്തനത്തിലും വേണുവിനൊപ്പം മണിയുമുണ്ടായിരുന്നു. ഇതിനിടെ, വേണുവിെൻറ വീട്ടിലേക്ക് വിവരങ്ങൾ ചോർത്താൻ പൊലീസ് പറഞ്ഞുവിട്ട് പെൺകുട്ടിക്ക് പോലും മണിചേച്ചി അഭയം നൽകി. വൈക്കത്ത് മനുസ്മൃതി കത്തിച്ചതുൾപ്പെടെയുള്ള സമരങ്ങളിൽ പ്രധാന പങ്ക് വഹിച്ചു.
സായുധ വിപ്ലവം ലക്ഷ്യമിട്ട് പാർട്ടി അവസാനം നടത്തിയ ‘മണി ആക്ഷൻ’ കണ്ണൂർ തോട്ടട ബാങ്ക് ശാഖയിലെ പണാപഹരണമാണ്. തോട്ടട സംഭവം എന്നപേരിൽ അറിയപ്പെട്ട ആ ആക്ഷനിൽ പങ്കെടുത്തത് നാലുപേരാണ്. കാഞ്ഞിരംചിര കേസിൽ ജീവപര്യന്തം ശിക്ഷിച്ച് ജയിലായിരുന്ന പൊടിയനായിരുന്നു സംഘത്തലവൻ. അദ്ദേഹം പരോളിൽ ഇറങ്ങി ഒളിവിൽനിന്ന് പാർട്ടി പ്രവർത്തനം നടത്തുകയായിരുന്നു. മറ്റൊരു ആലപ്പുഴക്കാരനും രണ്ടു കണ്ണൂർ സഖാക്കളുമാണ് സംഘത്തലുണ്ടായിരുന്നത് പഴയ സഖാക്കൾ പറയുന്നു. അന്നത്തെ ആക്ഷൻ പാളി. പങ്കെടുത്തവർ ഓടി രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും പലയിടത്തുനിന്നുമായി മുന്ന് പേരെ പിടികൂടി.
കണ്ണൂരിൽനിന്ന് പങ്കെടുത്ത് യുവാവായ ഒരാൾ കിട്ടിയ പണവുമായിട്ടാണ് രക്ഷപ്പെട്ടു. അയാൾക്ക് എവിടേക്ക് പോകണമെന്ന് അറിയില്ല. കണ്ണൂരിൽ എല്ലായിട്ടും പൊലീസ് പരിശോധന നടത്തി. ആ യുവാവ് തൃശൂരിലേക്കാണ് വണ്ടി കയറിയത്. എത്തിയത് മണിച്ചേച്ചിയുടെ മുന്നിൽ. പ്രധാന സഖാക്കളെ ആരെയെങ്കിലും കാണണമെന്ന് ആവശ്യപ്പെട്ടു. മണിചേച്ചിയാണ് കൊടുങ്ങല്ലൂർ ശ്രീനാരയാണപുത്തെ നാരായണനെ (അടുത്തിടെ മരണെപ്പട്ട) പരിചയപ്പെടുത്തി. ഈ രീതിയിലുള്ള ഇടപെടലുകളുടെ ചരിത്രമാണ് മണിചേച്ചിയുടെ നിര്യാണത്തോടെ ഓർമ്മയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.