നയനയുടെ മരണം: ബാൽക്കണിയുടെ കാര്യത്തിൽ വ്യക്തത വരുത്താൻ ക്രൈംബ്രാഞ്ച്
text_fieldsതിരുവനന്തപുരം: യുവസംവിധായിക നയന സൂര്യനെ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടിലേക്ക് കടക്കുന്ന ബാല്‍ക്കണിയുടെ കാര്യത്തില്‍ വ്യക്തത വരുത്താൻ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താൻ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്. കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിൽ നയനയുടെ മൃതദേഹം കണ്ട വെള്ളയമ്പലം ആൽത്തറ ജങ്ഷന് സമീപമുള്ള വാടകവീട്ടിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ, ബാൽക്കണിയുടെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ബാല്‍ക്കണിയുടെ വാതിലും അതുകഴിഞ്ഞ് ഹാളിലെ മറ്റൊരു വാതിലും കടന്നാലേ നയന കിടന്നിരുന്ന മുറിയിലേക്ക് ആർക്കും എത്താനാകൂവെന്നാണ് പരിശോധനയിൽ ക്രൈംബ്രാഞ്ച് സംഘം മനസ്സിലാക്കിയതെന്നാണ് വിവരം. ബാൽക്കണിയിൽ നിന്നുള്ള വാതിൽ അടഞ്ഞാണ് കിടന്നതെങ്കില്‍ രണ്ട് വാതിലുകള്‍ തകര്‍ക്കുകയോ തുറക്കുകയോ ചെയ്താലേ മുറിയിലേക്ക് എത്താനാകൂ.
അത്തരത്തിൽ വാതിൽ തകർത്തുവെന്നത് സംബന്ധിച്ച കാര്യങ്ങളൊന്നും കേസ് ആദ്യം അന്വേഷിച്ച മ്യൂസിയം പൊലീസിന്‍റെ കേസ് ഡയറിയിലൊന്നും വ്യക്തമാക്കിയിട്ടില്ല. പുനരന്വേഷണ സാധ്യത പരിശോധിച്ച അസി. കമീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇത്തരമൊരു സാധ്യത ചൂണ്ടിക്കാട്ടിയത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച് സംഘം.
അതിന്‍റെ ഭാഗമായി മൃതദേഹം ആദ്യം കണ്ട സുഹൃത്തുക്കളെ അന്വേഷണസംഘം അടുത്തദിവസം വിളിച്ചുവരുത്തി വിശദമായി മൊഴിയെടുക്കും. ചലനമറ്റ് കിടന്ന നയനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സുഹൃത്തുക്കള്‍ നയനയെ മാറ്റിക്കിടത്തിയോ എന്ന കാര്യവും അറിയേണ്ടതുണ്ട്. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തുകയും എല്ലാ സാക്ഷികളുടെയും മൊഴി വീണ്ടും രേഖപ്പെടുത്തുകയും ചെയ്ത ശേഷമാകും അന്വേഷണ സംഘം അടുത്തഘട്ടത്തിലേക്ക് കടക്കുക.
ആദ്യം സാക്ഷിമൊഴിയില്‍ ഒപ്പിട്ട നയനയുടെ സഹോദരനെ മൊഴി രേഖപ്പെടുത്താനായി വിളിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് മറ്റ് സാക്ഷികളെ വിളിപ്പിക്കും. ആദ്യഘട്ട അന്വേഷണം നടത്തി കേസ് അവസാനിപ്പിച്ച മ്യൂസിയം സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെയും ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്തേക്കും. വീഴ്ച കണ്ടെത്തിയാൽ ആദ്യ ഘട്ടത്തില്‍ അന്വേഷണം നടത്തിയവർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്യാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.