എൻ.സി.സി ക്യാമ്പ്:ഭക്ഷ്യവിഷബാധയേറ്റത് 107 വിദ്യാർഥികൾക്ക്
text_fieldsകാക്കനാട്: തൃക്കാക്കര കെ.എം.എം കോളജിലെ എൻ.സി.സി ക്യാമ്പിൽനിന്ന് ഭക്ഷ്യവിഷ ബാധയേറ്റത് 107 വിദ്യാർഥികൾക്ക്. 86 കുട്ടികൾ കളമശ്ശേരി മെഡിക്കൽ കോളജിലും 11 കുട്ടികൾ സൺറൈസ് ആശുപത്രിയിലും പത്തോളം കുട്ടികൾ ജില്ലയിലെ വിവിധ ആശുപത്രികളിലുമാണ് ചികിത്സ തേടിയത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.
മെഡിക്കൽ കോളജ് അടക്കം വിവിധ ആശുപത്രിയിൽ ചികിൽസ തേടിയിരുന്ന കുട്ടികൾ ആശുപത്രിവിട്ടു. ജില്ല ആരോഗ്യ വിഭാഗവും തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗവും എൻ.സി.സി ക്യാമ്പിൽ പരിശോധന നടത്തി. ഭക്ഷണങ്ങളുടെയും വെള്ളത്തിന്‍റെയും സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കയച്ചു. വെള്ളത്തിൽ നിന്നാണ് വിഷബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ജില്ലയിലെ സ്കൂൾ-കോളജ് വിദ്യാർഥികളായ 513 കാഡറ്റുകളാണ് പങ്കെടുത്തിരുന്നത്. ഇതിൽ കെ.എം.എം കോളജിൽ 283 ആൺകുട്ടികളും കൊച്ചിൻ പബ്ലിക് സ്കൂളിൽ 235 പെൺകുട്ടികളുമാണുണ്ടായിരുന്നത്.
എൻ.സി.സി ഡയറക്ടറേറ്റിന്റെ കീഴിലുള്ള 21 കേരള ബറ്റാലിയന് കീഴിൽ ഡിസംബർ 21 മുതൽ 30 വരെയുളള പത്തുദിവസത്തെ കമ്പയിൻഡ് വാർഷിക ട്രെയിനിങ് ക്യാമ്പാണ് നടന്നിരുന്നത്. തിങ്കളാഴ്ച ഉച്ചഭക്ഷണത്തിനുശേഷമാണ് കൂടുതൽ വിദ്യാർഥികൾക്ക് അസ്വസ്ഥത തുടങ്ങിയത്. വൈകീട്ടോടെ ഒട്ടേറെപ്പേർ തളർന്നുവീണു. തുടർന്ന് പൊലീസ് വാഹനങ്ങളിലും ആംബുലൻസുകളിലും മറ്റു വാഹനങ്ങളിലുമായി വിദ്യാർഥികളെ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു.
കൂടുതൽ പേർക്കും കഠിനമായ വയറുവേദനയായിരുന്നു. ചിലർക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.