എൻ.സി.സി കോഴ്സാക്കണമെന്ന നിർദേശവുമായി യു.ജി.സി കോഴ്സുകളുടെ പ്രവേശനത്തിന് വെയ്റ്റേജ് മാർക്കുണ്ട്
text_fieldsകോഴിക്കോട്: കോളജുകളിലെ എൻ.സി.സി (നാഷനൽ കാഡറ്റ് കോർപ്സ്) പരിശീലനത്തെ കോഴ്സായി ഉൾപ്പെടുത്തണമെന്ന് സർവകലാശാലകൾക്ക് യു.ജി.സി നിർദേശം. ഇതുസംബന്ധിച്ച് എൻ.സി.സി ഡയറക്ടർ ജനറൽ സമർപ്പിച്ച വിശദ ശിപാർശകൾ വൈസ് ചാൻസലർമാർക്ക് അയച്ചു.
പുതിയ വിദ്യാഭ്യാസ നയപ്രകാരം ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് സിസ്റ്റത്തിൽ (സി.ബി.സി.എസ്) ജനറൽ ഇലക്ടീവ് ക്രെഡിറ്റ് കോഴ്സായി എൻ.സി.സിയെ പരിഗണിക്കണമെന്നായിരുന്നു ശിപാർശ. സംസ്ഥാനങ്ങളിലെ എൻ.സി.സി മേധാവികളുടെ സഹകരണത്തോടെ ആവശ്യമായ കാര്യങ്ങൾ നടപ്പാക്കണമെന്നും യു.ജി.സി അറിയിപ്പുണ്ട്. കോഴ്സായാൽ എൻ.സി.സിയിൽ ചേരുന്ന വിദ്യാർഥികൾക്ക് ബി, സി സർട്ടിഫിക്കറ്റുകൾക്ക് പുറമേ അക്കാദമിക നേട്ടങ്ങളുമുണ്ടാകും.
പരിശീലനം കൂടുതൽ കാര്യക്ഷമമാകുമെന്നും ജോലിനേടാൻ ആനുകൂല്യം ലഭിക്കുമെന്നും എൻ.സി.സി അധികൃതർ യു.ജി.സിക്ക് നൽകിയ ശിപാർശയിൽ വ്യക്തമാക്കുന്നു.
കോഴ്സായി മാറിയാലും തുടക്കത്തിൽ എൻ.സി.സിയിലെ അംഗസംഖ്യ കൂട്ടില്ല. ബിരുദത്തിന് ആറ് സെമസ്റ്ററുകളിലായി എൻ.സി.സിക്ക് 24 ക്രെഡിറ്റുകൾ നൽകണമെന്നാണ് എൻ.സി.സി അധികൃതർ യു.ജി.സിക്ക് നൽകിയ ശിപാർശയിലുള്ളത്.
ഒന്നും രണ്ടും സെമസ്റ്ററിന് രണ്ട് വീതവും മൂന്നും അഞ്ചും സെമസ്റ്ററിന് ഏഴ് വീതവും നാലും ആറും സെമസ്റ്ററിന് മൂന്ന് വീതവും ക്രെഡിറ്റ് അനുവദിക്കും. ബിരുദകാലത്ത് ആകെ 300 മണിക്കൂർ ക്ലാസുണ്ടാകും.
ആയുധ പരിശീലനം, വ്യക്തിത്വ വികാസ പരിശീലനം, നേതൃഗുണം, ദുരന്തനിലവാരം, സാമൂഹ്യ സേവനം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ 82 മണിക്കൂർ ക്ലാസും 128 മണിക്കൂർ പ്രാക്ടിക്കലുമുണ്ടാകും.
പട്ടാള ചരിത്രവും ഭൂപട വായനയുമുൾപ്പെടെയുള്ള വിഷയങ്ങളിൽ തിയറിയും പ്രാക്ടിക്കലുമായി 90 മണിക്കൂർ നീക്കിവെക്കും.
കേരളത്തിൽ കോഴ്സുകളുടെ പ്രവേശനത്തിന് വെയ്റ്റേജ് മാർക്ക് നൽകുന്നുണ്ട്.
പ്ലസ് ടു 10, ബിരുദം 15, ബിരുദാനന്തര ബിരുദവും ബി.എഡും അഞ്ച്, അധ്യാപക പരിശീലന കോഴ്സുകൾ പത്ത് എന്നിങ്ങനെയാണ് സംസ്ഥാനത്തെ മാർക്കിന്റെ വെയ്റ്റേജ്. എൻജിനീയറിങ്ങിന് 40 സീറ്റ് എൻ.സി.സിക്കാർക്ക് നീക്കിവെച്ചിട്ടുണ്ട്.
മറ്റ് ചില സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയുടെയും ഗവർണറുടെയും പേരിലുള്ള സ്കോളർഷിപ്പും എൻ.സി.സിയിൽ മികച്ച പ്രകടനം നടത്തുന്ന വിദ്യാർഥികൾക്ക് നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.