കാരാട്ടിനെ കണ്ടിട്ടും കാര്യമില്ല; എൻ.സി.പി മന്ത്രിമാറ്റത്തിന് വഴങ്ങാതെ പിണറായി
text_fieldsതിരുവനന്തപുരം: എൻ.സി.പിയിൽ മന്ത്രിമാറ്റ ചർച്ച വീണ്ടും മുറുകുമ്പോഴും നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാൻ താൽപര്യമില്ലെന്നാണ് പിണറായി വിജയന്റെ നിലപാട്.
എൻ.സി.പി നേതാവ് ശരദ് പവാർ, പ്രകാശ് കാരാട്ടുമായി വിഷയം ചർച്ച ചെയ്തതിനു ശേഷം ശേഷവും മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തിയിട്ടില്ല. മന്ത്രിമാറ്റ ആവശ്യം നേരിട്ട് ഉന്നയിക്കാൻ തോമസ് കെ. തോമസ് കൂടിക്കാഴ്ച അഭ്യർഥിച്ചെങ്കിലും മുഖ്യമന്ത്രി സമയം അനുവദിച്ചിട്ടില്ല. മന്ത്രിപദത്തിനായുള്ള വടംവലിയിൽ മുഖ്യമന്ത്രിയും സി.പി.എമ്മും എ.കെ. ശശീന്ദ്രനൊപ്പമെന്ന് ഇതോടെ വ്യക്തമായി.
മന്ത്രിസഭ യോഗത്തിനുശേഷം എ.കെ. ശശീന്ദ്രൻ നടത്തിയ പ്രതികരണത്തിൽ ഇക്കാര്യം തുറന്നുപറഞ്ഞു. തോമസിനെ മന്ത്രിയാക്കാന്‍ മാറാൻ തയാറാണെന്നു പറഞ്ഞ എ.കെ. ശശീന്ദ്രൻ, തോമസ് മന്ത്രിയാകാന്‍ സാധ്യതയില്ലെങ്കില്‍ താനെന്തിന് രാജിവെക്കണമെന്ന ചോദ്യമാണ് മുന്നോട്ടുവെക്കുന്നത്. തോമസ് മന്ത്രിയാകില്ലെങ്കിൽ ഞാൻ രാജിവെച്ചതുകൊണ്ട് ആര്‍ക്കാണ് പ്രയോജനം? ഞാന്‍ രാജിവെച്ചാല്‍ അതിനര്‍ഥം മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ പ്രതിഷേധിക്കുന്നെന്നാണ്.
മുഖ്യമന്ത്രിയുടെ തീരുമാനത്തില്‍ പ്രതിഷേധിക്കുന്ന ഒരു രാഷ്ട്രീയ തീരുമാനത്തിലേക്ക് പോകുന്നതിനോട് എനിക്ക് താല്പര്യമില്ല- എ.കെ. ശശീന്ദ്രൻ പറഞ്ഞു. തോമസിനെ മന്ത്രിയാക്കുന്നതിന് താൽപര്യമില്ലെന്ന് മുഖ്യമന്ത്രി എൻ.സി.പിയെ അറിയിച്ചിട്ടുണ്ടെന്ന പരോക്ഷ സൂചനയാണ് എ.കെ. ശശീന്ദ്രൻ നൽകുന്നത്. ഈ പശ്ചാത്തലത്തിലാണ് സി.പി.എം ദേശീയ നേതൃത്വം മുഖേന പിണറായി വിജയനുമേൽ സമ്മർദം ചെലുത്താൻ തോമസും പി.സി. ചാക്കോയും ശരദ്പവാറിനെയും കൂട്ടി പ്രകാശ് കാരാട്ടിനെ കണ്ടത്. അതിനു ശേഷവും പിണറായി വിജയന്റെ എതിർപ്പ് മാറിയില്ല.
ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് നിലപാട് അറിയിക്കാനാണ് പി.സി. ചാക്കോയുടെ തീരുമാനം. മന്ത്രി മാറ്റമില്ലെങ്കിൽ, പാർട്ടിക്ക് മന്ത്രിപദവി വേണ്ടെന്ന നിലപാട് അറിയിച്ചേക്കും. അങ്ങനെയുണ്ടായാൽ എ.കെ. ശശീന്ദ്രൻ എന്തു നിലപാട് സ്വീകരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.