എൻ.സി.പിയിലെ വിഭാഗീയത: കാപ്പൻ വിഭാഗം പവാറിനെ കാണാൻ മുംബൈയിൽ
text_fieldsപാലാ: സംസ്ഥാനത്ത് എൻ.സി.പിയിൽ വിഭാഗീയത രൂക്ഷമായതോടെ ദേശീയ അധ്യക്ഷൻ ശരത്പവാറുമായി കൂടിക്കാഴ്ച നടത്താൻ മാണി സി.കാപ്പൻ വിഭാഗം നേതാക്കൾ മുംബൈയിലെത്തി. ദേശീയ നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് മുംബൈയിലേക്ക് പോയതെന്ന് ഇവർ അറിയിച്ചു. ഇന്ന് എത്തണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് നേതാക്കൾക്ക് വിളിവന്നത്. ചർച്ചയിൽ പ്രഫുൽ പട്ടേലും പങ്കെടുക്കും.
തദ്ദേശ തെരഞ്ഞെടുപ്പിൽ എൻ.സി.പിയോട് എൽ.ഡി.എഫ് അനീതി കാട്ടിയെന്നാണ് പീതാംബരൻ- മാണി സി. കാപ്പൻ വിഭാഗത്തിന്‍റെ നിലപാട്. ഇവരുടെ യു.ഡി.എഫ് അനുകൂല നീക്കത്തിനെതിരെ മന്ത്രി എ.കെ. ശശീന്ദ്രൻ രംഗത്തെത്തിയിരുന്നു. ജില്ല നേതൃയോഗങ്ങൾ വിളിച്ച് ഇരുവിഭാഗവും ശക്തിസമാഹരണം തുടങ്ങിയതോടെ നിയമസഭ സമ്മേളനത്തോടെ പാർട്ടി പിളരുമെന്നാണ് സൂചന.
പാലാ, കുട്ടനാട് സീറ്റുകൾ വിട്ടുകൊടുക്കില്ലെന്ന് ടി.പി. പീതാംബരനും മാണി സി.കാപ്പനും വ്യക്തമാക്കിയപ്പോൾ ജോസ് കെ മാണി വിഭാഗത്തിന് സീറ്റ് ചോദിക്കാനുള്ള അവകാശമുണ്ടെന്നും അവരെ മാനിക്കണമെന്നുമായിരുന്നു മന്ത്രി ശശീന്ദ്രന്‍റെ പ്രതികരണം. എങ്കിൽ ശശീന്ദ്രൻ സ്വന്തം സീറ്റ് വിട്ടു കൊടുക്കട്ടെയെന്ന് കാപ്പനും തിരിച്ചടിച്ചിരുന്നു. തമ്മിലടി പരസ്യമായതോടെയാണ് ദേശീയ നേതൃത്വം ഇടപെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.