എൻ.സി.പി നേതാവ് കെ.കെ. രാജൻ അന്തരിച്ചു
text_fieldsകോഴിക്കോട്: എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ രാജൻ (75) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിനു രോഗം ഭേദമായെങ്കിലും തുടർ ചികിത്സാവേളയിലാണ് നിര്യാണം സംഭവിച്ചത്.
ധർമ്മടം നിയോജക മണ്ഡലത്തിലെ മുഴപ്പാല സ്വദേശിയായ കെ.കെ രാജൻ, ബീഡി തൊഴിലാളിയായി പൊതുരംഗത്തേക്ക് കടന്നുവന്ന് ജില്ലയിലെ അഭിവക്ത യൂത്ത് കോൺഗ്രസിന്‍റെ നേതൃനിരയിലേക്ക് ഉയർന്ന നേതാവാണ്. ഇന്നത്തെ കാസർകോട് ജില്ലയും മാനന്തവാടി താലൂക്കിൽ ഉൾപ്പെട്ട അവിഭക്ത കണ്ണൂർ ജില്ലയിലെ യൂത്ത് കോൺഗ്രസിന്‍റെ വൈസ് പ്രസിഡന്‍റായി എഴുപതുകളിൽ കെ.കെ രാജൻ പ്രവർത്തിച്ചിട്ടുണ്ട്.
നിർഭയത്വത്തോടെ കൂടി ഏത് പ്രശ്നങ്ങളിലും ഇടപെടുന്ന രാജൻ, മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, മാണി സി. കാപ്പൻ എം.എൽ.എ, അന്തരിച്ച മുൻ മന്ത്രിമാരായ എ.സി. ഷൺമുഖദാസ്, എൻ. രാമകൃഷ്ണൻ, സി.എച്ച്. ഹരിദാസ് എന്നിവരുമായി ആത്മബന്ധം പുലർത്തിയ നേതാവാണ്.
അറിയപ്പെടുന്ന സഹകാരി കൂടിയായ അദ്ദേഹം, അഞ്ചരക്കണ്ടി ബാങ്ക് ഡയറക്ടറായി പ്രവർത്തിച്ചു. എൻ.സി.പിയുടെ കണ്ണൂർ ജില്ലാ ഉപാധ്യക്ഷൻ, ജനറൽ സെക്രട്ടറി, ഐ.എൻ.എൽ ജില്ലാ പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി, ദേശീയ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച കെ.കെ. രാജൻ, ബീഡി തൊഴിലാളി മേഖലയിലെ കരുത്തനായ സംഘാടകനും ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.