ഉഴവൂർ വിജയൻ അന്തരിച്ചു; സംസ്കാരം തിങ്കളാഴ്ച
text_fieldsകോട്ടയം/കൊച്ചി: ചിരിപ്പടക്കങ്ങൾ െപാട്ടിച്ച ഭാഷാപ്രയോഗങ്ങളിലൂടെ രാഷ്ട്രീയ കേരളത്തിന് പ്രിയങ്കരനായ എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയൻ (65) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ 6.56നായിരുന്നു അന്ത്യം. സംസ്കാരം ഒൗദ്യോഗിക ബഹുമതികളോടെ തിങ്കളാഴ്ച ഉച്ച 12ന് കുറിച്ചിത്താനത്തെ വീട്ടുവളപ്പിൽ. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽനിന്ന് വിദഗ്ധചികിത്സക്ക് ജൂലൈ11നാണ് കൊച്ചിയിലേക്ക് കൊണ്ടുപോയത്.
കേരള രാഷ്ട്രീയത്തിലെ ചിരിയുടെ മുഖമായിരുന്ന വിജയൻ കുറിച്ചിത്താനം കാരാംകുന്നേല്‍ ഗോവിന്ദന് നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി 1952 മാർച്ച് 20ന് ജനിച്ചു. കെ.ആര്. നാരായണന് ഗവ. എല്‍.പി സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലായിരുന്നു ഹൈസ്കൂള്‍ പഠനം. ഉഴവൂര്‍ സെൻറ് സ്റ്റീഫന്‍സ് കോളജില്‍നിന്ന് ധനതത്വശാസ്ത്രത്തില്‍ ബിരുദമെടുത്തു.കോളജ് പഠനകാലത്ത് സജീവ കെ.എസ്.യു പ്രവര്‍ത്തകനായിരുന്നു. പിന്നീട് കെ.എസ്.യു ജില്ല പ്രസിഡൻറായും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. കോണ്‍ഗ്രസിലെ തര്‍ക്കങ്ങളെത്തുടര്‍ന്ന് വയലാര്‍ രവി, പി.സി. ചാക്കോ, എ.കെ. ആൻറണി എന്നിവര്‍ക്കൊപ്പം കോണ്‍ഗ്രസ്-എസിലേക്ക് ചേക്കേറി. നേതാക്കള്‍ തിരികെ മടങ്ങിയിട്ടും ഉഴവൂര്‍ കോണ്‍ഗ്രസ്-എസിൽ തുടർന്നു.
1999ൽ എന്‍.സി.പി രൂപവത്കരിച്ചപ്പോൾ ശരത് പവാറിനൊപ്പെം നിലയുറപ്പിച്ചു. ഒരുതവണ കോട്ടയം ജില്ല കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2001ൽ പാലായില്‍ കെ.എം. മാണിക്കെതിരെ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും ജയിച്ചില്ല. വികലാംഗക്ഷേമ കോർപറേഷൻ ചെയർമാൻ, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗം, എഫ്.സി.െഎ ഉപദേശകസമിതി അംഗം, കെ.ആര്. നാരായണന് ഫൗണ്ടേഷന് ചെയര്മാൻ, കോണ്‍ഗ്രസ്-എസ് ജില്ല പ്രസിഡൻറ്, ദേശീയ സമിതി അംഗം, എൻ.സി.പി തൊഴിലാളി വിഭാഗമായ എൻ.എൽ.പി സംസ്ഥാന വര്‍ക്കിങ് പ്രസിഡൻറ്, കേന്ദ്ര പൊതുമേഖല വ്യവസായ തൊഴിലാളി ഫെഡറേഷന് അഖിലേന്ത്യ പ്രസിഡൻറ് എന്നീ പദവികൾ വഹിച്ചു.
2015ലാണ് എന്‍.സി.പി സംസ്ഥാന അധ്യക്ഷനായത്. നേരേത്ത പാർട്ടി സംസ്ഥാന ആക്ടിങ് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. മേലേപറമ്പിൽ ആൺവീട്, ജനം, ആലിബാബയും 41 കള്ളന്മാരും, കൃസുതിക്കാറ്റ് തുടങ്ങി എട്ട് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഭാര്യ: വള്ളിച്ചിറ സ്വദേശി ചന്ദ്രമണിയമ്മ (റിട്ട. അധ്യാപിക, തൊടുപുഴ സെൻറ് സെബാസ്റ്റ്യൻസ് സ്കൂൾ ). മക്കള്‍: വന്ദന (എം.ഡി.എസ് വിദ്യാർഥി, എസ്.ആർ.എം യൂനിവേഴ്സിറ്റി, ചെന്നൈ), വര്‍ഷ (ബിരുദവിദ്യാർഥി, ഉഴവൂർ സെൻറ് സ്റ്റീഫൻസ് കോളജ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.