കാപ്പന് പിന്തുണയില്ല, നേതാക്കളുടെ പിന്നാലെ പോകുന്നയാളല്ല പവാർ -ടി.പി. പീതാംബരൻ
text_fieldsന്യൂഡൽഹി: എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്ക് പോയ മാണി സി. കാപ്പന് ശരദ് പവാറിന്‍റെ പിന്തുണയില്ലെന്ന് എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ. കാപ്പന്‍റെ നീക്കത്തിന് പവാറിന്‍റെ പിന്തുണയില്ല. നേതാക്കളുടെ പിന്നാലെ പോകുന്നയാളല്ല പവാർ. കാപ്പന്‍റെ നാളത്തെ നീക്കം അറിഞ്ഞശേഷം തുടർ നടപടി സ്വീകരിക്കുമെന്നും ടി.പി. പീതാംബരൻ പറഞ്ഞു.
ശനിയാഴ്ച രാവിലെയാണ് മാണി സി. കാപ്പൻ എൽ.ഡി.എഫ് വിട്ടത്. യു.ഡി.എഫ് ഘടക കക്ഷിയാകുമെന്നും രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയിൽ പങ്കെടുക്കുമെന്നും മാണി സി. കാപ്പൻ പറഞ്ഞു.
മുന്നണി മാറ്റം സംബന്ധിച്ച എൻ.സി.പി ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം ശനിയാഴ്ച വൈകിട്ട് പ്രഖ്യാപിക്കും. കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം അനുകൂലമായില്ലെങ്കിലും എം.എൽ.എ സ്ഥാനം രാജിവെക്കില്ല. നേതൃത്വം ഒപ്പം നിൽക്കുമെന്നാണ് വിശ്വാസമെന്നും മാണി സി. കാപ്പൻ പറഞ്ഞു.
ഏഴ് ജില്ല പ്രസിഡന്‍റുമാരും 17 സംസ്ഥാന ഭാരവാഹികളിൽ ഒമ്പത് പേരും തന്നോടൊപ്പമുണ്ടെന്നും നാളത്തെ ജാഥയിൽ അവർ പങ്കെടുക്കുമെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.