കേരളത്തിലെ 10 ബി.എഡ് കോളജുകളുടെ അംഗീകാരം എൻ.സി.ടി.ഇ പിൻവലിച്ചു
text_fieldsതിരുവനന്തപുരം: കേരളത്തിലെ 10 ടീച്ചർ ട്രെയിനിങ് കോളജുകളിലെ ബി.എഡ് കോഴ്സുകൾക്കുള്ള അംഗീകാരം നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ (എൻ.സി.ടി.ഇ) പിൻവലിച്ചു. ഇതിൽ രണ്ട് കോളജുകളിലെ എം.എഡ് കോഴ്സുകൾക്കുള്ള അംഗീകാരവും നഷ്ടമായി. ഇതിനു പുറമെ ഒമ്പത് കോളജുകളിലെ കോഴ്സിന് അംഗീകാരം പിൻവലിക്കുന്നതിെൻറ മുന്നോടിയായി കാരണം കാണിക്കൽ നോട്ടീസ് നൽകാനും എൻ.സി.ടി.ഇ ദക്ഷിണ മേഖല കമ്മിറ്റി യോഗം തീരുമാനിച്ചു.
എൻ.സി.ടി.ഇ നിശ്ചയിച്ച സൗകര്യങ്ങളും അധ്യാപകരുമില്ലാത്തതുൾപ്പെടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോളജുകൾക്കെതിരായ നടപടി. അടിമാലി എസ്.എൻ.ഡി.പി യോഗം ട്രെയിനിങ് കോളജ്, കൊല്ലം കർമലറാണി എന്നീ ട്രെയിനിങ് കോളജുകളിൽ ബി.എഡ്, എം.എഡ് കോഴ്സുകൾക്കുള്ള അംഗീകാരമാണ് പിൻവലിച്ചത്.
തിരുവനന്തപുരം മേനംകുളം സെൻറ് ജേക്കബ്സ് ട്രെയിനിങ് കോളജ്, അരീക്കോട് സുല്ലമുസ്സലാം, കോഴിക്കോട് മലാപ്പറമ്പ് പ്രൊവിഡൻസ് കോളജ് ഒാഫ് ടീച്ചർ എജുക്കേഷൻ ഫോർ വിമൻ, ആലത്തൂർ ബി.എസ്.എസ് ബി.എഡ് ട്രെയിനിങ് കോളജ്, തിരുവനന്തപുരം കോട്ടുകാൽ മരുതൂർകോണം പട്ടംതാണുപിള്ള മൊമ്മോറിയൽ കോളജ് ഒാഫ് ടീച്ചർ എജുക്കേഷൻ, പെരിങ്ങമ്മല ഇക്ബാൽ ട്രെയിനിങ് കോളജ്, മലപ്പുറം വാഴക്കാട് ദാറുൽ ഉലൂം ട്രെയിനിങ് കോളജ്, തലശ്ശേരി പെരിങ്ങത്തൂർ എം.ഇ.സി.എഫ് കോളജ് ഒാഫ് ടീച്ചർ എജുക്കേഷൻ എന്നിവിടങ്ങളിൽ ബി.എഡ് കോഴ്സുകൾക്കുള്ള അംഗീകാരമാണ് പിൻവലിച്ചത്. ഇതോടെ ഇൗ കോളജുകളിൽ 2020-21 വർഷത്തിൽ വിദ്യാർഥി പ്രവേശനം നടത്താനാകില്ല.
ആലപ്പുഴ മുതുകുളം നോർത്ത് ബുദ്ധ കോളജ്, അരീക്കോട് മജ്മഅ്, മേപ്പയ്യൂർ സലഫി, പെരിയ ഡോ. അംബേദ്കർ കോളജ്, ചേലേമ്പ്ര ദേവകിയമ്മ, പുൽപ്പള്ളി സി.കെ. രാഘവൻ മെമ്മോറിയൽ, പെരുമ്പിലാവ് അൻസാർ, മൂത്തകുന്നം എസ്.എൻ.എം, ബാലുശ്ശേരി കെ.ഇ.ടി എന്നീ ട്രെയിനിങ് കോളജുകളിലെ ബി.എഡ് കോഴ്സുകളുടെ അംഗീകാരം പിൻവലിക്കുന്നതിെൻറ മുന്നോടിയായാണ് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ തീരുമാനിച്ചത്. 21 ദിവസത്തിനകം പോരായ്മകൾ പരിഹരിച്ച രേഖകൾ സഹിതം നോട്ടീസിന് മറുപടി നൽകാനാണ് നിർദേശം.
തിരുവല്ല ടൈറ്റസ് രണ്ട്, വർക്കല ചാവർകോട് മെറ്റ്ക ഇൻസ്റ്റിറ്റ്യൂട്ട്, വൈക്കം എം.ജി യൂനിവേഴ്സിറ്റി കോളജ് ഒാഫ് ടീച്ചർ എജുക്കേഷൻ എന്നീ ട്രെയിനിങ് കോളജുകൾക്ക് പോരായ്മകൾ പരിഹരിക്കുന്നതിന് അവസാന ഒാർമപ്പെടുത്തൽ നോട്ടീസ് നൽകാനും തീരുമാനിച്ചു. തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലെ ഏതാനും കോളജുകളുടെ അംഗീകാരവും എൻ.സി.ടി.ഇ പിൻവലിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.