എൻ.ഡി.എക്ക് നാല് ജാതികൾ, ഇവരെ സഹായിക്കാനാണ് സർക്കാർ ശ്രമം -മോദി
text_fieldsതൃശൂർ: ദരിദ്രർ, യുവാക്കൾ, കർഷകർ, വനിതകൾ എന്നിവരെയാണ് നാല് ജാതികളായി ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) സർക്കാർ കണക്കാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വിഭാഗങ്ങള്‍ക്ക് സഹായം ലഭ്യമാക്കാനാണ് സർക്കാർ ശ്രമമെന്നും തൃശൂരിൽ ബി.ജെ.പി സംഘടിപ്പിച്ച ‘സ്ത്രീശക്തി മോദിക്കൊപ്പം’ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
സ്ത്രീ ശക്തിയാണ് നാടിനെ വികസിതമാക്കുന്നത്. സ്വാതന്ത്ര്യാനന്തരം വന്ന കോൺഗ്രസ്, ഇടതു സർക്കാർ സ്ക്രീശക്തിയെ ദുർബലമായാണ് പരിഗണിച്ചത്. വനിത സംവരണം രാജ്യത്ത് നിയമമായിക്കഴിഞ്ഞു. മുത്തലാഖിൽ ബുദ്ധിമുട്ടിയ സ്ത്രീകളെ സർക്കാർ മോചിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യം ചർച്ച ചെയ്യുന്നത് മോദിയുടെ ഗ്യാരന്റിയെക്കുറിച്ചാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇവ ഓരോന്നും പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. മോദിയുടെ ഗ്യാരണ്ടി എന്ന് മലയാളത്തില്‍ പറഞ്ഞാണ് വിവിധ പദ്ധതികളെക്കുറിച്ച് പരാമര്‍ശിച്ചത്.
ലോകം കൊറോണ, സുഡാൻ-ഉക്രൈൻ, ഗാസ സംഘർഷങ്ങളെല്ലാം കണ്ടു. അവിടെ നിന്നെല്ലാം മലയാളികളെ സുരക്ഷിതമായി തിരികെയെത്തിച്ചു. ഇന്ത്യയുടെ ആസ്തി കൊള്ളയടിക്കുക മാത്രമാണ് ഇൻഡ്യ മുന്നണിയുടെ ലക്ഷ്യം. എന്നാൽ, രാജ്യത്തിന്റെ വികസനം മാത്രമാണ് കേന്ദ്ര സർക്കാറിന്റെ ലക്ഷ്യം. കേരളത്തിലെ ഇരുമുന്നണികളും തമ്മിൽ പേരിൽ മാത്രമാണ് മാറ്റം. ഇവരെ ബി.ജെ.പി പരാജയപ്പെടുത്തും. സ്വർണക്കള്ളക്കടത്ത് നടത്തിയത് ഏത് ഓഫിസ് വഴിയാണെന്ന് എല്ലാവർക്കും അറിയാമെന്ന് മോദി പറഞ്ഞു. കേന്ദ്രം കൊടുക്കുന്ന ഫണ്ടുകളുടെ കണക്ക് ചോദിക്കാൻ പാടില്ലെന്നാണ് കേരള സർക്കാർ പറയുന്നത്. കൊള്ള നടത്താനുള്ള അനുവാദമാണ് അവർക്ക് വേണ്ടത്.
ഇൻഡ്യ മുന്നണി വിശ്വാസങ്ങളെ വ്രണപ്പെടുത്തുകയാണെന്ന് തൃശൂർ പൂരവും ശബരിമലയും പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു. ബി.ജെ.പിയും എൻ.ഡി.എയും എല്ലാ വിശ്വാസങ്ങളെയും ആദരിക്കുന്നുണ്ട്. ക്രൈസ്തവർ കൂടുതലുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അതുകൊണ്ടാണ് ബി.ജെ.പി അധികാരത്തിലിരിക്കുന്നതെന്നും മോദി പറഞ്ഞു. കേന്ദ്ര മന്ത്രി വി. മുരളീധരനാണ് പ്രസംഗം ക്ക് മൊഴിമാറ്റം ചെയ്തത്.
‘അമ്മമാരെ സഹോദരിമാരെ....
തൃശൂർ: ‘കേരളത്തിലെ എന്റെ അമ്മമാരെ, സഹോദരിമാരെ’ എന്ന് പലയാവർത്തി പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. മന്നത്ത് പത്മനാഭന്‍റെ ജന്മ ജയന്തിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയാണെന്ന് മോദി പറഞ്ഞു.
കാശിയിൽ നിന്ന് വരുന്ന താന്‍ വടക്കുന്നാഥൻ ക്ഷേത്ര മൈതാനിയിലെത്തിയ എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു. തൃശൂരിൽ നിന്നുയരുന്നത് പുതിയ കേരള സന്ദേശമാണ്. അഭിമാനകരമായ ഒരുപാട് പുത്രിമാർക്ക് ജന്മം നൽകിയ മണ്ണാണ് കേരളം. എ.വി. കുട്ടിമാളുവമ്മ, അക്കമ്മ ചെറിയാൻ, റോസമ്മ പുന്നൂസ് എന്നിവർ സ്വാതന്ത്ര്യ സമരത്തിൽ നൽകിയ ഊർജം ചെറുതല്ല. കാർത്യായനിയമ്മ, ഭാഗീരഥിയമ്മയും വിദ്യാഭ്യാസത്തിന് പ്രായം തടസ്സമല്ല എന്ന് കാണിച്ചു തന്നു. ആദിവാസി കലാകാരി നാഞ്ചിയമ്മ ദേശീയ പുരസ്കാര ജേതാവായി. പി.ടി. ഉഷ, അഞ്ജു ബോബി ജോർജ് എന്നിവർ കേരളത്തിന്‍റെ സംഭാവനയാണെന്നും മോദി ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.