എൻ.ഡി.എ സീറ്റ് വിഭജനം: ഘടകകക്ഷികളിൽ അതൃപ്തി
text_fieldsകൊച്ചി: സീറ്റ് വിഭജനത്തിൽ എൻ.ഡി.എ മുന്നണിയിൽ അതൃപ്തി പുകയുന്നു. ബി.ജെ.പിക്ക് പുറമെ ബി.ഡി.ജെ.എസും മാത്രമാണ് മുന്നണിയിൽ എന്ന നിലയിലാണ് കാര്യങ്ങളെന്നാണ് മറ്റ് ഘടക കക്ഷികളുടെ പരാതി.
അനിൽ ആന്റണിയുടെ സ്ഥാനാർഥിത്വം ഗുണകരമാകില്ലെന്ന വിലയിരുത്തലുമുണ്ട് ചെറുകക്ഷികൾക്ക്.
വിജയത്തിന് ക്രൈസ്തവ വോട്ടുകൾകൂടി ലക്ഷ്യമിടുന്ന ബി.ജെ.പി, സ്ഥാനാർഥി നിർണയത്തിൽ ആ പരിഗണന കാണിക്കുന്നില്ലെന്ന് എൻ.ഡി.എ ഘടകകക്ഷിയായ നാഷനലിസ്റ്റ് കേരള കോൺഗ്രസ് പറയുന്നു. ക്രൈസ്തവ നാമധാരി ആയതുകൊണ്ട് മാത്രം ആ വിഭാഗത്തിന്റെ വോട്ട് വീഴില്ലെന്നും അനിൽ ആന്റണിയുടെ സ്ഥാനാർഥിത്വം പരോക്ഷമായി ചൂണ്ടി ഘടകകക്ഷികൾ പറയുന്നു.
പി.സി. ജോർജിനെ ഗൂഢരാഷ്ട്രീയ ലക്ഷ്യംവെച്ച് വളഞ്ഞിട്ട് ആക്രമിക്കാനുള്ള ചിലരുടെ നീക്കം അംഗീകരിക്കാൻ കഴിയില്ലെന്നും നാഷനലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ് പറഞ്ഞു.
ഇനി പ്രഖ്യാപിക്കാനുള്ള എട്ട് സീറ്റുകളിൽ കോട്ടയം നാഷനലിസ്റ്റ് കേരള കോൺഗ്രസിനും ഇടുക്കി കേരള കാമരാജ് കോൺഗ്രസിനും ചാലക്കുടി സോഷ്യലിസ്റ്റ് ജനതാദളിനും വയനാട് ജെ.ആർ.പിക്കും നൽകണം എന്ന താൽപര്യം കേന്ദ്ര നേതൃത്വത്തിനു മുന്നിൽ സമർപ്പിച്ചിരിക്കുകയാണിവർ.
ബാക്കി സീറ്റുകളുടെ വിജയസാധ്യതയെപ്പറ്റിയും നിർദേശം സമർപ്പിക്കും. കോട്ടയം മണ്ഡലത്തിന്റെ സമവാക്യം കണക്കിലെടുത്താൽ നാഷനലിസ്റ്റ് കേരള കോൺഗ്രസ് സ്ഥാനാർഥിക്കായിരിക്കും കൂടുതൽ സാധ്യതയെന്നും കുരുവിള അവകാശപ്പെട്ടു.
കോട്ടയം സീറ്റ് ബി.ഡി.ജെ.എസിനെന്നാണ് മുന്നണിയിലെ ധാരണ. ബി.ഡി.ജെ.എസ് ഇടപെടലാണ് പി.സി. ജോർജിന്റെ പത്തനംതിട്ടയിലെ സ്ഥാനാർഥിത്വം തെറിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.