താമരക്കുടം
text_fieldsതലയിലെഴുത്ത് നേരെയാവണം എന്ന് കാരണവന്മാർ തലതിരിഞ്ഞ മക്കളോട് പറയാറുണ്ട്. പിള്ളാര് വഴി തെറ്റിയതിന് സ്വയം കണ്ടെത്തുന്ന ന്യായം കൂടിയാണത്. എന്നാൽ, ‘ചുമരെഴുത്ത് നന്നാവണം’ എന്ന് ആരെങ്കിലും ആരോടെങ്കിലും പറഞ്ഞിരിക്കുേമാ? പറഞ്ഞില്ലെങ്കിൽ ഇനി പറയണം- തൃശൂരിലെ ബി.ജെ.പിയോട്, അല്ല എൻ.ഡി.എയോട്. താമരയും കുടവും മാറ്റി വരച്ചുവരച്ച് വിഭ്രമം വന്ന് ചിഹ്നം ഏതാണ്ട് ‘താമരക്കുടം’ ആയ പരുവമാണിവിടെ.
വോട്ടിെൻറ കണക്കും വളർച്ചയുടെ ഗ്രാഫും പറഞ്ഞ് സീറ്റും സ്ഥാനാർഥിയെയും ഉറപ്പിച്ച് ചുമരായ ചുമരെല്ലാം പാട്ടത്തിനെടുത്ത് ‘തെരഞ്ഞെടുെപ്പാന്ന് വന്നോെട്ട’ എന്ന മട്ടിൽ ഇരിക്കുകയായിരുന്നു തൃശൂരിലെ ബി.ജെ.പിക്കാർ. ‘തെരഞ്ഞെ...’ എന്ന് കേട്ട പാടെ ഒാടിച്ചെന്ന് നീലയും കാവിയുമൊക്കെ നിറമുള്ള താമരചിഹ്നം വരച്ചിട്ടു. അത് മാത്രമോ, ‘നമ്മുടെ സ്ഥാനാർഥി’ എന്ന് എഴുത്തും കഴിഞ്ഞു.
‘വിട്ടുപോയ ഭാഗം’ പൂരിപ്പിക്കാനുള്ള പെയിൻറ് കലക്കി റെഡിയാക്കി ബ്രഷും കൈയിൽപിടിച്ച് നിൽക്കുേമ്പാഴാണ് വാക്കിന് മറുവാക്ക് അനുവദിക്കാത്ത നേതാവ് അമിത് ഷാ തൃശൂർ സീറ്റ് വെള്ളാപ്പള്ളി നടേശെൻറ മകൻ തുഷാറിെൻറ പാർട്ടിക്ക് കൈമാറുകയാണെന്ന് പ്രഖ്യാപിച്ചത്. അതോടെ താമര വാടി. കുെറ ചുമരുകളിൽ താമര അങ്ങനെ വിടർന്നോ കൊഴിഞ്ഞോ എന്നറിയാത്ത അവസ്ഥയിൽ കിടന്നു.
ചിലയിടത്ത് അൽപ്പം നാണമുള്ള പരിവാറുകാർ രാത്രി ചെന്ന് മായ്ച്ചു. ബി.ഡി.ജെ.എസിെൻറ പുലിക്കുട്ടികളാകെട്ട, പലയിടത്തും താമര കുടമാകുന്ന വിദ്യ എങ്ങനെയെന്ന് ചുമരിൽ ചിത്രംവരച്ച് പഠിച്ചു. അത് താമരയോ കുടമോ എന്നറിയാൻ മഷിവെച്ച് നോക്കേണ്ട ഗതികേടിലായി എൻ.ഡി.എ. അപ്പോഴാണ് തുഷാറിെൻറ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. അതോടെ താമര സമ്പൂർണ്ണമായി വാടിയെങ്കിലും കുടത്തിെൻറ ചിത്രകാരന്മാർ ഉഷാറായി. ചിഹ്നം വര മാത്രമല്ല, സ്ഥാനാർഥി ചിരിച്ച് നിൽക്കുന്ന പോസ്റ്റുകളും നാടാകെ പതിച്ചു.
അതിനിടക്കാണ് വയനാട് കൺഫ്യൂഷൻ അവസാനിപ്പിച്ച് രാഹുലിെൻറ സ്ഥാനാർഥിത്വ പ്രഖ്യാപനം. മല്ലനെ മലർത്തിയടിക്കാൻ മറ്റൊരു മല്ലനല്ലേ പറ്റൂ? രാഹുലിനെ നേരിടാൻ താനല്ലാതെ വേറായാർ എന്ന ഭാവത്തിൽ തുഷാർ നട്ടുച്ചക്ക് കുടവും താഴെയിട്ട് ബി.ഡി.ജെ.എസുകാരെയും കൂട്ടി നേരെ വയനാട്ടിലേക്ക് വിട്ടു. രാഹുൽ ഒന്ന് കിടുങ്ങിയത്രെ!
തൃശൂർ സീറ്റ് കൈയിൽ കിട്ടിയെങ്കിലും ഇനി പണി ബി.ജെ.പിക്കാണ്. കുടവും തുഷാറുമൊക്കെ നിരന്ന ചുമരുകളെല്ലാം തപ്പിപ്പിടിക്കണം. കുടത്തിനെ താമരയാക്കുന്ന ചിത്രപ്പണി നടത്തണം. ഏതെങ്കിലും ചുമർ കാണാതെ പോയാൽ ബി.ജെ.പിയും ബി.ഡി.െജ.എസും മത്സരിക്കുന്നുണ്ടോ എന്ന ആശയക്കുഴപ്പം വരുമല്ലോ?.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.