ക്ഷേത്രങ്ങളിൽ തിരക്കിനിടെ മാലമോഷണം; മൂന്നു തമിഴ്നാട് സ്വദേശിനികൾ പിടിയിൽ
text_fieldsആലപ്പുഴ: ക്ഷേത്രങ്ങളിലെ പൂജകള്‍ക്കിടയില്‍ ഉണ്ടാകുന്ന തിരക്ക് മുതലെടുത്ത് മാലമോഷണം നടത്തിവന്ന തമിഴ്‌നാട് സ്വദേശികളായ മൂന്ന് സ്ത്രീകളെ ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ പാപ്പനക്കല്‍ പാളയം പള്ളിയാര്‍കോവില്‍ തെരുവില്‍ താമസക്കാരായ സാറ (40), വേലമ്മ (48), മേഘന (38) എന്നിവരാണ് പിടിയിലായത്.
ഡിസംബര്‍ ഒന്നിന് ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ പ്രസാദം വാങ്ങാനുള്ള തിരക്കിനിടയില്‍ ചെങ്ങന്നൂര്‍ സ്വദേശിനിയായ സുമയുടെ കഴുത്തില്‍നിന്നു ഒന്നേമുക്കാല്‍ പവന്റെ സ്വര്‍ണാഭരണമാണ് ഇവര്‍ കവര്‍ന്നത്.
ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഇതിനുശേഷം മുളക്കുഴ പറയരുകാല ക്ഷേത്രത്തിലെ ഗണപതിഹോമത്തിനിടയില്‍ രണ്ട് അമ്മമാരുടെ കഴുത്തില്‍നിന്നായി അഞ്ച് പവന്റെയും നാലുപവന്റെയും മാലകള്‍ ഇവര്‍ പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു. കാരക്കാട് സ്വദേശിനിയായ പ്രിന്‍സിയുടെ കൈയിലെ അരലക്ഷത്തോളം രൂപ ഇത്തരത്തില്‍ ഇവര്‍ ബസില്‍ വെച്ച് കവര്‍ന്നിട്ടുണ്ട്. ഈ പരാതിയിലും അന്വേഷണം നടന്നുവരികയായിരുന്നു.
സ്ഥിരമായി ബസില്‍ കയറി കൃത്രിമത്തിരക്ക് സൃഷ്ടിച്ച് യാത്രക്കാരുടെ ബാഗില്‍നിന്നു പണവും സ്വര്‍ണവും കവരുന്നതാണ് ഇവരുടെ പതിവ്. കേരളത്തിലെ ഇരുപതോളം സ്റ്റേഷനുകളിലായി നൂറോളം കേസുകള്‍ ഇവര്‍ക്കെതിരെയുള്ളതായി പൊലീസ് അറിയിച്ചു. കരുനാഗപ്പള്ളിയില്‍ ബസില്‍ മോഷണം നടത്തുന്നതിനിടയിലാണ് സംഘം പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.