മോഷ്ടിച്ച ബൈക്കിൽ കറങ്ങി മാലകവർച്ച: രണ്ടുപേർ അറസ്റ്റിൽ
text_fieldsപെരിന്തൽമണ്ണ: മോഷ്ടിച്ച ബൈക്കില്‍ കറങ്ങി മാല കവരുന്ന രണ്ടുപേരെ പെരിന്തല്‍മണ്ണയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി മാടവന സിദ്ദീഖ് (46), കൂട്ടാളിയായ പാണ്ടിക്കാട് സ്വദേശി പട്ടാണി അബ്ദുൽ അസീസ് (46) എന്നിവരാണ് അറസ്റ്റിലായത്. തൃശൂര്‍ ജില്ലയില്‍ ബൈക്ക് മോഷണവും സ്ത്രീകളുടെ മാലപൊട്ടിച്ച സംഭവങ്ങളും സംബന്ധിച്ച അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
ജില്ലയില്‍ ബസ്സ്റ്റാന്‍ഡുകള്‍, ഹോസ്പിറ്റല്‍ പരിസരങ്ങള്‍ എന്നിവിടങ്ങളില്‍നിന്നാണ് ബൈക്കുകള്‍ മോഷണം പോയിരുന്നത്. സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചും ഇത്തരം കേസുകളിലെ മുന്‍ പ്രതികളുടെ വിവരങ്ങള്‍ ശേഖരിച്ചും നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ മാര്‍ച്ചിൽ ജാമ്യത്തിലിറങ്ങിയ പ്രതികളുടെ പങ്ക് വ്യക്തമായിരുന്നു.
മോഷ്ടിച്ച ബൈക്കില്‍ പെരിന്തല്‍മണ്ണയിലേക്ക് വരുന്നതായി വിവരം ലഭിച്ചതോടെയാണ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ, നിലമ്പൂര്‍ സ്റ്റേഷന്‍ പരിധികളില്‍നിന്ന് രണ്ട് ബൈക്കുകള്‍ മോഷണം നടത്തിയതായും ആ ബൈക്കുകളില്‍ കറങ്ങി തൃശൂര്‍ ജില്ലയില്‍ വഴിയാത്രക്കാരായ രണ്ടു സ്ത്രീകളുടെ മാല പൊട്ടിച്ചതായും പ്രതികൾ സമ്മതിച്ചു.
കൂടുതല്‍ മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ചുവരുകയാണ്. ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന്‍റെ നിർദേശാനുസരണം പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാര്‍, സി.ഐ സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐമാരായ സി.കെ. നൗഷാദ്, രാജീവ് കുമാർ, പ്രബേഷന്‍ എസ്.ഐ ഷൈലേഷ്, ഉല്ലാസ്, സജീര്‍ എന്നിവരും പെരിന്തല്‍മണ്ണയിലെ മയക്കുമരുന്നു വിരുദ്ധ സ്ക്വാഡും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.