മാല മോഷ്ടാവ് വൈദ്യുതിത്തൂണിൽ; പുലിവാലുപിടിച്ച് പൊലീസും അഗ്നിരക്ഷാസേനയും
text_fieldsകാഞ്ഞങ്ങാട്: വഴിയാത്രക്കാരിയുടെ സ്വർണമാല പൊട്ടിച്ചോടിയ മോഷ്ടാവ് നാട്ടുകാർ പിന്തുടരുന്നതറിഞ്ഞ് വൈദ്യുതിത്തൂണിൽ കയറി മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മാവുങ്കാലിനുസമീപം പൈരടുക്കത്ത് കഴിഞ്ഞദിവസം ഉച്ചക്കാണ് സംഭവം.
ടൗണിൽനിന്ന് സ്ത്രീയുടെ മാല പൊട്ടിച്ചോടിയ മോഷ്ടാവിനെ നാട്ടുകാർ പിന്തുടരുകയായിരുന്നു. ആളുകൾ വരുന്നതറിഞ്ഞ് ഒരു കിലോമീറ്ററോളം ഓടിയ മോഷ്ടാവ് പൈരടുക്കത്തെ ട്രാൻസ്ഫോർമറിന് മുകളിൽ ഓടിക്കയറി. നാട്ടുകാർ ട്രാൻസ്ഫോർമർ വളഞ്ഞതോടെ തൊട്ടടുത്ത വൈദ്യുതിത്തൂണിന് മുകളിൽ കയറി. കൂടുതൽ ആളുകൾ സ്ഥലത്ത് തടിച്ചുകൂടിയതോടെ ഇയാൾ വൈദ്യുതിക്കമ്പിക്ക് മുകളിലേക്ക് ചാടി. നാട്ടുകാരിൽ ചിലർ ഇതിനകം കെ.എസ്.ഇ.ബി മാവുങ്കാൽ ഓഫിസിൽ വിളിച്ച് വൈദ്യുതിബന്ധം വിച്ഛേദിപ്പിച്ചിരുന്നു. വിവരമറിഞ്ഞ് കാഞ്ഞങ്ങാട്ടുനിന്നും അഗ്നിരക്ഷാസേന പ്രവർത്തകരും പൊലീസുമെത്തി.
ഉച്ച 1.30 ഓടെയായിരുന്നു മോഷ്ടാവ് തൂണിന് മുകളിൽ കയറിയത്. സുരക്ഷ ഉദ്യോഗസ്ഥരും പൊലീസും ആവശ്യപ്പെട്ടിട്ടും ഇയാൾ താഴെയിറങ്ങാൻ തയാറായില്ല. അഗ്നിരക്ഷാപ്രവർത്തകർ താഴെയിറക്കാൻ ശ്രമം ആരംഭിച്ചപ്പോൾ മോഷ്ടാവ് തൂണിൽനിന്ന് വൈദ്യുതിക്കമ്പിയിലേക്ക് വലിഞ്ഞുകയറി.ഭാരമേറിയ ഏണി വൈദ്യുതിക്കമ്പിയുടെ നാലുഭാഗത്ത് വെച്ചിട്ടും ഫലമുണ്ടായില്ല. ഒരുഭാഗത്ത് അഗ്നിരക്ഷാപ്രവർത്തകർ കയറുമ്പോൾ വൈദ്യുതി ലൈനിൽനിന്ന് മറ്റൊരു കമ്പിയിലേക്ക് ഇയാൾ ചാടുകയായിരുന്നു.
യുവാവ് കയറിയ വൈദ്യുതി ലൈനിന് താഴെ മുൾച്ചെടികളായതിനാൽ വല കെട്ടാനും സാധിച്ചില്ല. ഏറെ പരിശ്രമത്തിനുശേഷമാണ് ഇയാളെ താഴെ ഇറക്കിയത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഒരുമണിക്കൂറിലേറെ വൈദ്യുതിബന്ധം തടസ്സപ്പെട്ടു. ഉത്തർപ്രദേശ് സ്വദേശിയാണ് മോഷ്ടാവ്. വെള്ളിയാഴ്ച രാവിലെ ചന്തേര പൊലീസ് അമ്പലത്തറയിലെ സ്നേഹാലയത്തിൽ പ്രവേശിപ്പിച്ച യുവാവ് ഇവിടെനിന്ന് കണ്ണുവെട്ടിച്ച് പുറത്തേക്ക് ചാടുകയായിരുന്നു.
കാഞ്ഞങ്ങാട് അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ പി.വി. പവിത്രൻ, ഫയർമാൻമാരായ എച്ച്. ഉമേഷ്, വി.എം. വിനോദ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. എസ്.ഐമാരായ കെ.പി. സതീഷ്, ശരത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.