വികസനവും രാഷ്ട്രീയവും നിഴലിക്കുന്ന നെടുമങ്ങാട്
text_fieldsനെടുമങ്ങാട്: പ്രചാരണച്ചൂട് കനക്കുമ്പോൾ നെടുമങ്ങാട് നിയമസഭ മണ്ഡലത്തിലെ വോട്ടുകൾ അനുകൂലമാവുമെന്നാണ് ഇരുമുന്നണികളുടെയും കണക്കുകൂട്ടൽ. കാൽനൂറ്റാണ്ടിനുശേഷം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ ലോക്സഭ മണ്ഡലം യു.ഡി.എഫ് തിരിച്ചുപിടിച്ചപ്പോഴും നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് പിന്നിലായിരുന്നു.
മണ്ഡലത്തിലെ മറ്റ് ആറ് നിയമസഭ മണ്ഡലങ്ങളിലും യു.ഡി.എഫ് വ്യക്തമായ ലീഡ് നേടിയപ്പോൾ നെടുമങ്ങാട് മണ്ഡലത്തിൽ അടൂർ പ്രകാശ് 763 വോട്ടുകൾക്ക് പിന്നിലായത് യു.ഡി.എഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. ഇത്തവണ ലീഡ് ഉയർത്താൻ എൽ.ഡി.എഫും ലീഡ് നേടാൻ യു.ഡി.എഫും ശക്തമായ പ്രചാരണമാണ് മണ്ഡലത്തിൽ നടത്തുന്നത്. വോട്ട് വിഹിതം വർധിപ്പിക്കുന്നതിനുള്ള ശ്രമം എൻ.ഡി.എയും നടത്തുന്നു.
കഴിഞ്ഞ തവണത്തേക്കാൾ കാര്യങ്ങൾ അനുകൂലമാണെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. എന്നാൽ നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ശക്തമായ മുന്നേറ്റം നടത്താൻ കഴിഞ്ഞത് എൽ.ഡി.എഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് നഗരസഭ, കരകുളം, മാണിക്കൽ, പോത്തൻകോട് പഞ്ചായത്തുകളിൽ ഇടത് സ്ഥാനാർഥി എ. സമ്പത്ത് ആയിരുന്നു മുന്നിൽ.
വെമ്പായം, അണ്ടൂർക്കോണം പഞ്ചായത്തുകളിൽ അടൂർ പ്രകാശ് ലീഡ് ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പിൽ നേടിയ 763 വോട്ടിന്റെ ഭൂരിപക്ഷം നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ കാര്യമായി വർധിപ്പിക്കാൻ എൽ.ഡി. എഫിനായി. നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മണ്ഡലത്തിൽ 23,309 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. ഇത് മണ്ഡല ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു.
എൽ.ഡി.എഫ് സ്ഥാനാർഥി ജി.ആർ. അനിൽ 72742 വോട്ട് നേടിയപ്പോൾ യു.ഡി.എഫിലെ പി.എസ്. പ്രശാന്തിന് 49433 വോട്ടേ ലഭിച്ചുള്ളൂ. ബി.ജെ.പി 26861 വോട്ട് നേടി. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി നേടിയ വോട്ടുകൾ നിയമസഭ തെരഞ്ഞെടുപ്പിൽ നേടാനായില്ല.
നെടുമങ്ങാട് നഗരസഭയും അഞ്ച് ഗ്രാമപഞ്ചായത്തുകളും ചേരുന്നതാണ് നെടുമങ്ങാട് നിയോജക മണ്ഡലം. നഗരസഭ ഉൾപ്പെടെ കരകുളം, മാണിക്കൽ, പോത്തൻകോട്, അണ്ടൂർക്കോണം പഞ്ചായത്തുകളിലെ ഭരണം ഇടത് മുന്നണിക്കാണ്. വെമ്പായം ഗ്രാമപഞ്ചായത്ത് ഭരണം മാത്രമാണ് യു.ഡി.എഫിനുള്ളത്.
മണ്ഡല രൂപവത്കരണകാലം മുതൽ ഇടത് കോട്ടയായി തുടർന്നിരുന്ന മണ്ഡലം 1991ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് വലത്തോട്ട് ചാഞ്ഞത്. സി.പി.ഐയുടെ കുത്തക മണ്ഡലമായിരുന്ന നെടുമങ്ങാട് 1991ലും 96ലും പാലോട് രവിയിലൂടെ യു.ഡി.എഫ് പിടിച്ചെടുത്തെങ്കിലും തുടർന്നുവന്ന തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷം തിരിച്ചുപിടിച്ചു.
പിന്നീട് മണ്ഡലം പുനർനിർണയത്തിന് ശേഷം 2011-ലെ തെരഞ്ഞെടുപ്പിൽ വീണ്ടും യു.ഡി. എഫിനൊപ്പമായി. എന്നാൽ 2016ലും 2021ലും വിജയം എൽ.ഡി.എഫിനായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിലും തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് വൻ തിരിച്ചടിയാണ് മണ്ഡലത്തിലുണ്ടായത്.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 3621 വോട്ടിെൻറ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് വിജയിച്ച മണ്ഡലത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വൻ മുന്നേറ്റം നടത്തിയത്.
നെടുമങ്ങാട് നഗരസഭയും വെമ്പായം, കരകുളം, മാണിക്കൽ, പോത്തൻകോട്, അണ്ടൂർക്കോണം പഞ്ചായത്തുകളും ഉൾപ്പെടുന്ന നിയോജക മണ്ഡലത്തിൽ വെമ്പായത്ത് മാത്രമാണ് ഭരണം പിടിക്കാൻ യു.ഡി.എഫിനായത്. നഗരസഭയിലെ 39 വാർഡുകൾ ഉൾപ്പെടെ 140 വാർഡുകളിൽ എൽ.ഡി.എഫ് 91 വാർഡുകൾ പിടിച്ചപ്പോൾ യു.ഡി.എഫിന് 31 വാർഡുകളിലാണ് വിജയിക്കാനായത്. ബി.ജെ.പി 15 വാർഡുകളിലും വിജയിച്ചു.
നെടുമങ്ങാട് നഗരസഭയിൽ എൽ.ഡി.എഫ് 5957 വോട്ടും മാണിക്കലിൽ 2991ഉം വെമ്പായത്ത് 377ഉം പോത്തൻകോട്ട് 3304ഉം അണ്ടൂർക്കോണത്ത് 1385ഉം കരകുളത്ത് 6138 വോട്ടും ഭൂരിപക്ഷം ലഭിച്ചു. പോത്തൻകോട്ട് കോൺഗ്രസിനെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി ബി.ജെ.പിയാണ് രണ്ടാമതെത്തിയത്.
മലയോരത്തു തുടങ്ങി കായലോരം വരെയുള്ള ഭൂപ്രദേശങ്ങളടങ്ങിയ മണ്ഡലത്തിൽ വികസനവും രാഷ്ട്രീയ നിലപാടുകളും തെരഞ്ഞെടുപ്പ് വിഷയങ്ങളാണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പ്രവർത്തനങ്ങൾ വോട്ടർമാർ വിലയിരുത്തുന്ന തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും ഏറെ പ്രതീക്ഷ വെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.