നെടുമുടിയെന്ന കൊടുമുടി
text_fieldsസ്നേഹിക്കാനും ശാസിക്കാനും അറിയുന്ന അച്ഛനായും മുത്തച്ഛനായും ചേട്ടനായും തമ്പുരാനായും സംഗീതജ്ഞനായും, അങ്ങനെ പലതുമായും മലയാളിയുടെ ഹൃദയത്തിൽ നിശ്ശബ്ദമായി അലിഞ്ഞുചേർന്ന നടനാണ് നെടുമുടി വേണു. മഴത്തുള്ളിയായും നദിയായും പുഴയായും പ്രളയമായും മാറുന്ന ജലത്തെപ്പോലെ അനായാസമായി നാലു പതിറ്റാണ്ടിൽ ആടിത്തീർത്തത് 600ഓളം വേഷങ്ങൾ. മണ്ണിെൻറ മണമുള്ള, നാട്ടിൻപുറത്തിെൻറ നൈർമല്യമുള്ള കുട്ടനാട്ടുകാരൻ മലയാള സിനിമയിൽ എഴുതിച്ചേർത്തത് സൂക്ഷ്മാഭിനയത്തിെൻറ പാഠങ്ങളാണ്. അരവിന്ദൻ സംവിധാനം ചെയ്ത 'തമ്പി'ലൂടെ ആരംഭിച്ച സിനിമാജീവിതം, 42 വർഷങ്ങൾക്കിപ്പുറത്ത് പ്രിയദർശൻ സംവിധാനം ചെയ്ത കുഞ്ഞാലി മരയ്ക്കാറിലെ കോഴിക്കോട് സാമൂതിരിയിൽ അവസാനിച്ചിരിക്കുന്നു. ദേശീയ പുരസ്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങൾ ഇതിനിടെ നെടുമുടിയെ തേടിയെത്തി. മാധ്യമം 'കുടുംബം' മാസികയിൽ പ്രസിദ്ധീകരിച്ച നെടുമുടി വേണുവുമായി പ്രിയ പയ്യന്നൂർ നടത്തിയ അഭിമുഖം വായിക്കാം...
സത്യങ്ങൾ തിരിച്ചറിയുന്ന കാലം
വെറുതെയിരിക്കുക എന്നത് എന്നെ സംബന്ധിച്ച് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല, ഈ കോവിഡ്കാലത്ത്. വല്ലാതെ ഓടിനടന്ന് സിനിമ ചെയ്യുന്നത് വേണ്ടെന്നുവെച്ചിട്ട് കുറച്ചുകാലമായി. അതുകൊണ്ട് കുറച്ചുനാളായി വീട്ടിലുണ്ട്. ഈ മഹാമാരിയുടെ ദിവസങ്ങളിൽ സ്വസ്ഥമായി ഇരിക്കാൻ പറ്റുന്നില്ല. ഓരോ ദിവസവും സഹിക്കാൻ പറ്റാത്ത വാർത്തകളും കാഴ്ചകളുമാണ് മുന്നിൽ വരുന്നത്. പലരും പറയും, വെറുതേയിരിക്കുന്ന കാലമല്ലേ, കഥയോ ആത്മകഥയോ സ്ക്രിപ്റ്റോ എഴുതൂന്ന്. ഇതൊന്നും പക്ഷേ, നടക്കുന്ന കാര്യമല്ല, കാരണം മനസ്സിന് സ്വസ്ഥതയുണ്ടെങ്കിലേ എനിക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കൂ.
അടങ്ങിയൊതുങ്ങിയിരിക്കുന്നുണ്ടെങ്കിലും മനസ്സ് ഒട്ടും സ്വസ്ഥമല്ല. നമ്മുടെ നാട്ടിൽ ഇത്രയേറെ ആളുകൾ തൊഴിലില്ലാത്തവരും സ്വന്തമായി കിടപ്പാടമില്ലാത്തവരും സ്വന്തം നാട്ടിൽ പണിയില്ലാത്തവരുമാണെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്. ഏതെല്ലാം ദേശങ്ങളിൽനിന്നാണ് ആളുകൾ തിരിച്ചുവരുന്നത്. ഒരുപാട് സത്യങ്ങൾ തിരിച്ചറിയുന്ന കാലം. നമ്മൾ സമ്പന്നമാണ്, സാംസ്കാരിക പൈതൃകമുള്ളവരാണ് എന്ന് അഭിമാനംകൊള്ളുമ്പോഴും നമുക്കു ചുറ്റും നടക്കുന്നത് വല്ലാതെ വേദനിപ്പിക്കുന്ന കാര്യങ്ങളാണ്. നമ്മൾ തിരിച്ചറിഞ്ഞേ പറ്റൂ...
എന്റെ കൂട്ട്, എന്റെ ഭാഗ്യം
ഗൃഹനാഥൻ എന്ന നിലക്കുള്ള എെൻറ പരാധീനതകളും പോരായ്മകളും പരിഹരിച്ചുപോകാൻ പറ്റിയ ആളാണ് എനിക്കു കിട്ടിയ കൂട്ട്, എെൻറ ഭാര്യ സുശീല. അതാണെെൻറ ഏറ്റവും വലിയ ഭാഗ്യവും. സിനിമയിൽ നല്ല ഭർത്താവ്, നല്ല ഗൃഹനാഥൻ, നല്ല അച്ഛൻ, നല്ല അയൽക്കാരൻ എന്നിവെയാക്കെയാകാൻ സാധിക്കും. പച്ചയായ നിത്യജീവിതത്തിൽ ഇതൊന്നുമാവാൻ സാധിക്കില്ല. '82ലായിരുന്നു ഞങ്ങളുടെ വിവാഹം. ഉണ്ണിയും കണ്ണനുമാണ് മക്കൾ. ഞാൻ എപ്പോഴും ഒരു സെറ്റിൽനിന്ന് അടുത്ത സെറ്റിലേക്കുള്ള ഓട്ടത്തിലായതിനാൽ 38 വർഷം എനിക്കനുഭവപ്പെട്ടത് വെറുമൊരു നാലു വർഷംപോലെയാണ്.
എന്നാൽ, അവർക്കത് 80 വർഷത്തെ ദൈർഘ്യമായാണ് അനുഭവപ്പെടുക, അവരാണല്ലോ മക്കളുടെ ഓരോ വളർച്ചയിലൂടെയും വികൃതിയിലൂടെയുമെല്ലാം കടന്നുപോയത്. രണ്ടുപേരിൽ ഒരാൾ സ്ട്രോങ്ങായി നിൽക്കണം, എങ്കിലേ കുടുംബം മുന്നോട്ടുപോകൂ. പൊരുത്തമെന്നത് ജ്യോതിഷം മാറ്റിവെച്ചാൽതന്നെയും പ്രധാനമാണ്. ഒരാളുടെ ബലഹീനതകൾ മറ്റൊരാളുടെ ബലമായും സാധ്യതയായും മാറണം. ഞങ്ങൾ ജാതകം നോക്കി വിവാഹം കഴിച്ചതൊന്നുമല്ല, സ്വയം തീരുമാനിച്ച് വിവാഹിതരായതാണ്.
മുത്തച്ഛന്റെ റോൾ ആസ്വദിക്കുന്നു
നിരഞ്ജെൻറയും അതീതിെൻറയും മുത്തച്ഛെൻറ റോൾ നന്നായി ആസ്വദിക്കുന്നു. മൂത്തമകൻ ഉണ്ണിയുടെ മക്കളാണ് അവർ. ഒരാൾക്ക് ഏഴും ഒരാൾക്ക് മൂന്നും വയസ്സ്. കുടുംബമായി ദുബൈയിലാണ് അവർ. മക്കളെക്കാൾ കൂടുതൽ പേരക്കുട്ടികളോടാണ് അടുപ്പമെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. അത് സത്യമാണെന്ന് ഇപ്പോൾ തോന്നുന്നു. വിഡിയോകാളിലൂടെ എല്ലാം ദിവസവും കാണും, സംസാരിക്കും. മരുമകൾ രണ്ടാമത് ഗർഭിണിയായിരിക്കുമ്പോൾ പെൺകുഞ്ഞിനു പറ്റിയ അതീത എന്ന പേര് ഞാൻ സ്വപ്നത്തിൽ കണ്ടിരുന്നു. അങ്ങനെ ഒരു പേര് എവിടെയും കണ്ടിട്ടില്ല. ആ പേര്, ആൺകുഞ്ഞായപ്പോൾ അതീത് എന്നാക്കി. രണ്ടാമത്തെ മകൻ കണ്ണെൻറ കല്യാണം ചിങ്ങത്തിലേക്ക് നിശ്ചയിച്ചിരിക്കുകയാണ്. അവനും ദുബൈയിലാണ്.
കോവിഡ് ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്
ലോക്ഡൗൺ സമയത്ത് കേരള പൊലീസിൽനിന്ന് കോവിഡ് ബോധവത്കരണം എന്ന ആവശ്യവുമായി സമീപിച്ചിരുന്നു. ആളുകൾ ശ്രദ്ധിക്കത്തക്ക രീതിയിൽ വ്യത്യസ്തത വേണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. കൈ കഴുകണം, മാസ്ക് ധരിക്കണം എന്നു പറഞ്ഞാൽ ആരും ശ്രദ്ധിക്കില്ല. അങ്ങനെ പെട്ടെന്നു തോന്നിയതാണ് ഇടയ്ക്ക വായിച്ചുള്ള ഗാനാർച്ചന. അതു പിന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു. മൃദംഗവും ഇടയ്ക്കയും തുടങ്ങി എല്ലാ കൊട്ടുന്ന ഇൻസ്ട്രുമെൻറ്സും എനിക്കിഷ്ടമാണ്. ചേട്ടന്മാരാണ് ഇതൊക്ക ശരിക്കും പഠിച്ചത്. ഞാൻ അവരുടെ കൂടെ നടന്നു പഠിച്ചുവെന്നേയുള്ളൂ. കൊട്ടുന്ന ഒരുവിധം എല്ലാം ഇൻസ്ട്രുമെൻറ്സും ഇവിടെയുണ്ട്. വല്ലപ്പോഴും അതൊക്കെയൊന്ന് വായിക്കും.
ഫാസിലും ഞാനും...
ഞാനും ഫാസിലും ഒന്നിച്ച് കോളജിൽ പഠിക്കുന്ന കാലം. ആലപ്പുഴയിലെ ഒരു നാടകമത്സരത്തിൽ കാവാലമായിരുന്നു (കാവാലം നാരായണപ്പണിക്കർ) ജഡ്ജ്. ഞങ്ങളും മത്സരത്തിൽ പങ്കെടുത്തിരുന്നു. ഫാസിലായിരുന്നു നാടകത്തിെൻറ സംവിധാനം. റിസൽട്ട് വന്നപ്പോൾ നാടകത്തിന് ഒന്നാംസ്ഥാനവും ഫാസിൽ മികച്ച നടനും. തുടർന്ന് കാവാലം ഞങ്ങളെ പുതിയ നാടകസമിതിയിലേക്ക് വിളിക്കുകയായിരുന്നു. അന്നു വന്ന പലരും പിന്നെ പിരിഞ്ഞുപോയി. ഫാസിൽ രണ്ടു നാടകം വരെ അവിടെയുണ്ടായിരുന്നു. ഞാൻ അതിൽതന്നെ ഉറച്ചുനിന്നു. ഇന്ത്യ മുഴുവൻ നാടകം കളിച്ചുനടന്നു. പിന്നീട് സിനിമയിലുമെത്തി. കാവാലത്തിെൻറ നാടകക്കളരിയിൽ സാഹിത്യകാരന്മാർ, ശിൽപികൾ, സിനിമാപ്രവർത്തകർ തുടങ്ങി എല്ലാരും വരും. ഒരുപാട് സഹൃദയന്മാർ ഒത്തുകൂടുന്ന സ്ഥലമായിരുന്നു അത്. സിനിമയിൽ എെൻറ പെർഫോമൻസിന് എന്തെങ്കിലും പ്രത്യേകതയുണ്ടെങ്കിൽ അത് അവിടെനിന്ന് കിട്ടിയതാണ്.
നാടകത്തെ പരിപോഷിപ്പിക്കാൻ ആരുമില്ല
സംഗീത നാടക അക്കാദമി പോലുള്ളവയുണ്ടെങ്കിലും, അതൊന്നും നാടകത്തിന് കാര്യമായ ഗുണംചെയ്യുന്നില്ല. നാടകത്തെ പരിപോഷിപ്പിക്കാൻ ആരുമില്ല. നാടകം നല്ല ചെലവുള്ള പരിപാടിയാണ്. സിനിമക്ക് പ്രൊഡ്യൂസറുള്ളതുപോലെ നാടകത്തിനില്ല. അർപ്പണബോധമുള്ള ചെറുപ്പക്കാർ മുമ്പത്തേക്കാൾ കൂടുതൽ ഇന്ന് നാടകത്തിലുണ്ട്. അവർ പല പരീക്ഷണങ്ങളും നടത്തുന്നുമുണ്ട്. എന്നാൽ, വേണ്ടത്ര മാധ്യമശ്രദ്ധ കിട്ടുന്നില്ല.
കുട്ടനാട് ഒത്തിരി മാറി
നാട്ടിൻപുറവുമായി ബന്ധപ്പെട്ട കഥാപാത്രങ്ങൾ ചെയ്യുമ്പോൾ എെൻറ നാട്ടിലെ ആയിരക്കണക്കിനാളുകളാണ് മനസ്സിൽ ഓടിയെത്തുക. കുട്ടനാട് ഇന്ന് ഒത്തിരി മാറി. ഞാൻ ജനിച്ചുവളർന്ന നാടല്ല ഇന്നത്. കുട്ടനാടിെൻറ താളമേ തെറ്റി. അവിടത്തെ നിവാസികളും പ്രകൃതിയും എല്ലാം മാറി. നാട്ടിൽ പോകാനുള്ള താൽപര്യം പഴയതുപോലെ ഇപ്പോഴില്ല. പിന്നെ എെൻറ തലമുറയിൽപെട്ട ആളുകളൊക്കെ പോയി. ഇപ്പോഴുള്ളത് എല്ലാം കൊച്ചുപിള്ളേരാണ്. അവർക്ക് ഞാൻ ഒരു സിനിമാനടൻ മാത്രമാണ്. എെൻറ നാട്ടിൽ ഒരു സിനിമാനടനായി ജീവിക്കാൻ എനിക്ക് താൽപര്യമില്ല. എങ്കിലും ചില ബന്ധങ്ങൾ പുതുക്കാൻ ഇടക്ക് പോകാറുണ്ട്.
ലാൽ സ്നേഹം പിടിച്ചുവാങ്ങുന്നയാൾ
പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനുമുള്ള മനസ്സ് എനിക്കും ലാലിനുമുണ്ട്. രണ്ടുപേരും മിടുക്കന്മാരാണെന്ന് പറഞ്ഞിട്ടു കാര്യമില്ല. മനോധർമമാണ് അഭിനയത്തെ കൂടുതൽ മികവുറ്റതാക്കുന്നത്. ഒപ്പമഭിനയിക്കുന്നയാൾ മിടുക്കനാണെങ്കിൽ നമ്മൾ നൽകുന്നതിെൻറ ഇരട്ടി അവർ തിരിച്ചുതരും. അങ്ങോട്ടുമിങ്ങോട്ടും അങ്ങനെതന്നെ. ലാലിെൻറ ആദ്യ സിനിമയായ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലാണ് ആദ്യമായി ഒന്നിച്ചഭിനയിച്ചത്. പിന്നെ കുറെയധികം സിനിമകൾ ഒന്നിച്ചു ചെയ്തു. മോഹൻലാലിെൻറ കൂടെ അഭിനയിക്കാൻ വളരെ ഇഷ്ടമാണ്. നടനെന്ന രീതിയിൽ മാത്രമല്ല, വ്യക്തിപരമായും ഒരുപാട് ഇഷ്ടമുള്ള ആളാണ് എനിക്ക് ലാൽ. ആദ്യകാലം മുതൽ പരിചയമുള്ള, സ്നേഹം പിടിച്ചുവാങ്ങുന്ന ഒരാൾ.
കൂടുതൽ ഇഷ്ടപ്പെടാത്തത്
കഥാപാത്രങ്ങൾ തമ്മിൽ പക്ഷഭേദമില്ല. എങ്കിലും ഇഷ്ടപ്പെടാത്തതാണ് കൂടുതൽ. പലപ്പോഴും ബന്ധത്തിെൻറ പേരിലും സൗഹൃദത്തിെൻറ പേരിലും സമ്മതിക്കുന്ന സിനിമകൾ പിന്നീട് പോരായെന്ന് തോന്നിയിട്ടുണ്ട്. നമുക്ക് നല്ലതെന്ന് തോന്നുന്ന സിനിമകൾ പ്രേക്ഷകർക്കും നല്ലതായിരിക്കും. ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള, മിന്നാമിനുങ്ങിെൻറ നുറുങ്ങുവെട്ടം, അച്ചുവേട്ടെൻറ വീട്, തകര തുടങ്ങി എണ്ണിപ്പറയാവുന്ന സിനിമകളുണ്ട്. ആക്ടർ എന്ന നിലയിൽ തൃപ്തി നൽകുന്നത്, നമ്മൾ വ്യത്യസ്തമായ കഥാപാത്രങ്ങളുടെ പേരിൽ അറിയപ്പെടുമ്പോഴാണ്. നെടുമുടി വേണുവിനെ പിറകിൽ നിർത്തി കഥാപാത്രം മുന്നിൽ വരുക, അങ്ങനെ അഞ്ചോ ആറോ കഥാപാത്രങ്ങളുണ്ടെകിൽ ആക്ടർ എന്ന നിലയിൽ ഞാൻ സംതൃപ്തനാണ്.
നല്ലത് വളരെ കുറച്ചേ ഉണ്ടാവൂ
എല്ലാ കാലത്തും ഒരുപാട് സിനിമകൾ ഇറങ്ങുന്നുണ്ടെങ്കിലും നല്ല സിനിമകൾ കുറവാണ്. ഒരുവർഷം നൂറോളം സിനിമ ഇറങ്ങിയാൽ, അതിൽ രണ്ടോ മൂന്നോ ആയിരിക്കും ഓർമയിൽ നിൽക്കുന്നവ. ബാക്കിയെല്ലാം പാഴാണ്. ദിനംപ്രതി എത്ര പുസ്തകങ്ങൾ ഇറങ്ങുന്നു. അതിൽ എത്രയെണ്ണം നമ്മുടെ മനസ്സിൽ നിൽക്കും. എല്ലാ കാലത്തും നല്ലത് വളരെ കുറച്ചേ ഉണ്ടാവൂ. ഹൈ ബജറ്റ് സിനിമകളാണ് ഇപ്പോൾ കൂടുതലായും പ്രേക്ഷകരെ ആകർഷിക്കുന്നത്. കുഞ്ഞാലി മരയ്ക്കാറിനു കാത്തിരിക്കുകയാണ് എല്ലാവരും. വലിയ വലിയ ആഘോഷങ്ങളുള്ള സിനിമകൾ കാണാനാണ് ഇന്ന് താൽപര്യം.
എങ്കിലും കുമ്പളങ്ങി നൈറ്റ്സ്, സുഡാനി ഫ്രം നൈജീരിയ, തൊണ്ടിമുതലും ദൃക്സാക്ഷിയും, മഹേഷിെൻറ പ്രതികാരം എന്നിവ പോലുള്ള പടങ്ങളും ആളുകൾ കാണുന്നുണ്ട്. ഓരോ സിനിമക്കും എന്തെങ്കിലും പ്രത്യേകതയുണ്ടാകണം, ഈ പ്രത്യേകത ഉണ്ടാക്കിയെടുക്കാൻ വലിയ പാടാണ്. ഇന്ന് മലയാള സിനിമ മത്സരിക്കുന്നത് മറ്റു പ്രാദേശിക സിനിമകളോടും ലോക സിനിമയോടുമാണ്.
പുതിയ ചെറുപ്പക്കാർ പ്രാക്ടിക്കലാണ്
25 വർഷത്തിനുള്ളിൽ സാമൂഹിക ജീവിതം മാറി. ആഹാരത്തിൽ, വസ്ത്രധാരണത്തിൽ, പൊതുജനസമ്പർക്കത്തിൽ... എല്ലാ കാര്യങ്ങളിലും മാറ്റം വന്നു. സ്വാഭാവികമായും അത് സിനിമയെ ബാധിച്ചേ പറ്റൂ. എെൻറയൊക്കെ ആദ്യ കാലത്ത് സിനിമ സെറ്റ് എക്സ്കർഷൻ മൂഡിലായിരുന്നു. അന്ന് എല്ലാവർക്കും മുറിയുണ്ടാകും, എന്നാലും ഒന്നിച്ചായിരിക്കും ഭക്ഷണവും കിടപ്പുമെല്ലാം. പാട്ടൊക്കെ പാടി... അത് ആ കാലത്തെ രസം. ഇന്ന് എല്ലാവരും ഷൂട്ട് കഴിഞ്ഞാൽ റൂമിലേക്കോ വീട്ടിലേക്കോ പോകും. ഷൂട്ടിങ്ങിനു മാത്രമേ ഒന്നിച്ചുകാണൂ. അങ്ങനെ എല്ലാംകൊണ്ടും വലിയ മാറ്റം സിനിമക്കുണ്ടായിട്ടുണ്ട്.
പുതിയ ചെറുപ്പക്കാർ പ്രാക്ടിക്കലാണ്. കിട്ടുന്ന പണം സ്വരുക്കൂട്ടിവെക്കാനും വസ്തു വാങ്ങാനും ബിസിനസിൽ ഇൻവെസ്റ്റ് ചെയ്യാനുമൊക്കെ വാസനയുള്ള കുട്ടികളാണ്. എെൻറ തലമുറ അങ്ങനെയായിരുന്നില്ല. മക്കളോട് ചേർന്നുപോകുന്നപോലെ അവരെയും ചേർത്തുപിടിക്കും. പണ്ട് നമ്മൾ ഒരു പെൻസിൽകൊണ്ട് ഒരു വർഷം കഴിഞ്ഞ കഥ പിള്ളേരോട് പറഞ്ഞാൽ അവർ ചിരിക്കും. അവരുടെ ജീവിതശൈലി മാറി, അവരോട് യോജിച്ചു മുന്നോട്ടുപോകണം.
കാലത്തിനനുസരിച്ച് സിനിമ മാറും
ബന്ധങ്ങൾക്ക് ഇന്ന് കുടുംബത്തിൽ പ്രാധാന്യമുണ്ടോ? പിന്നെ കുടുംബകഥകൾ സിനിമയിലില്ലെന്ന് പറയുന്നതിൽ അർഥമില്ല. ഇന്ന് അണുകുടുംബമല്ലേ. ഒരു മുത്തശ്ശിയുടെയും മുത്തശ്ശെൻറയും കഥ പറഞ്ഞാൽ പുതിയ തലമുറക്ക് മനസ്സിലാകണമെന്നില്ല. സിനിമ കാലത്തിനനുസരിച്ച് മാറാൻ തയാറായി നിൽക്കുന്ന കലാരൂപമാണ്. ഇപ്പോൾ മലയാളത്തിൽതന്നെ വെസ്റ്റേൺ സിനിമകളാണുണ്ടാകുന്നത്. ഇംഗ്ലീഷ് സിനിമ പോലെയുള്ളവ എടുക്കാനാണ് ഇന്ന് താൽപര്യം. മനുഷ്യെൻറ മനസ്സിൽനിന്ന് എന്നതുപോലെ സിനിമയിൽനിന്നും മലയാളവും കേരളവും മാഞ്ഞുപോകുന്നു. കൂെട ഒരു നാടിെൻറ പ്രത്യേകതയും സംസ്കാരവും പ്രകൃതിയും.
പൊന്തൻമാടയാകാൻ സമീപിച്ചിരുന്നു
സമയം കിട്ടാത്തതുകൊണ്ട് ചെയ്യാൻ പറ്റാതെപോയ ധാരാളം വേഷങ്ങളുണ്ട്. നടൻ മുരളിക്ക് നാഷനൽ അവാർഡ് ലഭിച്ച നെയ്ത്തുകാരൻ ചെയ്യാൻ ആദ്യം എന്നെ സമീപിച്ചിരുന്നു. അതിെൻറ സ്ക്രിപ്റ്റ് ഇപ്പോഴും ഇവിടെയുണ്ട്. അതിൽ അഭിനയിക്കാൻ സാധിക്കാത്തതിൽ എനിക്ക് ഒരു ശതമാനംപോലും സങ്കടമില്ല. പൊന്തൻമാടയും ഇതുപോലെയായിരുന്നു. പല കാരണങ്ങൾകൊണ്ട് അന്ന് അഭിനയിക്കാൻ സാധിച്ചില്ല. പിന്നീട് ആ റോൾ ചെയ്തത് മമ്മൂട്ടിയാണ്. അങ്ങനെയുള്ള മാറ്റിമറിച്ചിലുകൾ സിനിമയിൽ സാധാരണയാണ്.
എന്റെ തിരക്കഥകൾ
കാറ്റത്തെ കിളിക്കൂട്, സവിധം, അങ്ങനെ ഒരു അവധിക്കാലത്ത് തുടങ്ങി ഏഴു സിനിമകൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. തിരക്കഥകൾ പലതും എഴുതാൻവേണ്ടി എഴുതിയതല്ല. ഡിസ്കഷനിൽ ഇരിക്കുമ്പോൾ പലതും നന്നായില്ലെന്ന് തോന്നുമ്പോൾ ഒന്ന് കൈവെക്കുന്നതായിരിക്കും. അത് മുഴുവൻ മാറ്റിയെഴുതിയെന്നും വരും. അതെല്ലാം ആ പ്രോജക്ടിെൻറ വിജയത്തിനാണ്. പേരുവെക്കാതെതന്നെ പല സിനിമകളും വന്നിട്ടുമുണ്ട്. ഒരു കല്യാണവീട്ടിൽ പോയാൽ നമ്മൾ ചിലപ്പോൾ കറിക്കരിയും, വെള്ളം കോരും... എല്ലാം ചെയ്യില്ലേ. അതുപോലെ.
സിനിമയിൽ ഞാൻ സന്തോഷവാനാണ്
നടനെന്ന നിലയിൽ മറ്റ് ഏതു കലാരൂപത്തേക്കാൾ കൂടുതൽ ഞാൻ തിരിച്ചറിയപ്പെടുന്നു. മറ്റ് ഏതു രംഗത്ത് പ്രവർത്തിക്കുന്ന കലാകാരന്മാരെക്കാൾ സാമ്പത്തിക സൗകര്യങ്ങൾ ഉണ്ടായതും സിനിമയിലായതുകൊണ്ട് മാത്രമാണ്. സിനിമയിലെ ഏറ്റവും മിടുക്കന്മാരായ അരവിന്ദൻ, പത്മരാജൻ, ഭരതൻ, കെ.ജി. ജോർജ്, ഫാസിൽ, പ്രിയദർശൻ, സിബി, കമൽ തുടങ്ങി നിരവധി പേർക്കൊപ്പമാണ് ഞാൻ പ്രവർത്തിച്ചത്. ഞാൻ എനിക്കുതന്നെ പ്ലസ് മാർക്കാണ് കൊടുക്കുന്നത്. കിട്ടിയ അംഗീകാരങ്ങളിലും ഞാൻ സന്തോഷവാനാണ്. ഒന്നും നിസ്സാര അവാർഡുകളല്ല ലഭിച്ചത്. എല്ലാം കൊള്ളാവുന്ന അവാർഡുകൾതന്നെയാണ്.
കമൽഹാസനോടൊപ്പം ഇന്ത്യൻ-2ൽ
'ഇന്ത്യെൻറ' ആദ്യ ചിത്രത്തിലേതുപോലെതന്നെ പ്രത്യേകത ഈ വേഷത്തിനുമുണ്ട്. കൃഷ്ണസ്വാമിയെന്ന അന്വേഷണ ഉദ്യോഗസ്ഥെൻറ വേഷമായിരുന്നു ആദ്യ ഭാഗത്തിൽ. ഇതിെൻറ ഷൂട്ടിനായി ഇടക്കിടെ ചെന്നൈയിൽ പോകുന്നുണ്ട്. ഇതൊഴികെ തുടങ്ങിവെച്ച എല്ലാ സിനിമകളും ലോക്ഡൗണിനു മുേമ്പ പൂർത്തിയായിരുന്നു. ഡോ. ബിജുവിെൻറ ഓറഞ്ച് മരങ്ങളുടെ വീട്, സന്തോഷ് ശിവെൻറ ജാക്ക് ആൻഡ് ജിൽ, ആഷിക് അബുവിെൻറ സിനിമ എന്നിവ റിലീസിങ്ങിനായി പെട്ടിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.