നെടുങ്കണ്ടം കസ്റ്റഡി മരണം: ഉത്തരവാദികളായ പൊലീസുകാരെ പിരിച്ചുവിടും
text_fieldsതിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടം രാജ്‌കുമാറിെൻറ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടും. പൊലീസ് സംഘടനകളുടെ എതിർപ്പുകൾ അവഗണിച്ചാണ് സർക്കാറിെൻറ ഇൗ തീരുമാനം. റിട്ട. ജസ്റ്റിസ് കെ. നാരായണക്കുറുപ്പിെൻറ റിപ്പോർട്ട് അംഗീകരിച്ച മന്ത്രിസഭായോഗമാണ് ഇൗ തീരുമാനം കൈക്കൊണ്ടത്. ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം.
പൊലീസ് കസ്റ്റഡിയിലുണ്ടായ മർദനം മൂലമാണ് രാജ്‍കുമാർ മരിച്ചതെന്ന് കമീഷൻ റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നു. നിയമങ്ങളും കോടതി ഉത്തരവുകളും ലംഘിച്ച സമാനതകളില്ലാത്ത സംഭവമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചശേഷം ജസ്റ്റിസ് നാരായണക്കുറുപ്പ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
2019 ജൂൺ 12നാണ് ഹരിത ഫിനാൻസ് ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് വാഗമൺ സ്വദേശി രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് പിടികൂടുന്നത്. എന്നാൽ, കസ്റ്റഡി രേഖപ്പെടുത്താതെ നാലുദിവസം ലോക്കപ്പിലിട്ടു. ക്രൂരമർദനങ്ങൾക്ക് വിധേയനാക്കിയശേഷം നില ഗുരുതരമായതോടെ മജിസ്ട്രേറ്റിനെപോലും കബളിപ്പിച്ച് പീരുമേട് ജയിലിൽ റിമാൻഡ് ചെയ്തു.
ആരോഗ്യസ്ഥിതി വഷളായ രാജ്കുമാർ ജൂൺ 21ന് ജയിലിൽ മരിച്ചു. ആദ്യഘട്ടത്തിൽ ഹൃദയാഘാതമെന്ന് പറഞ്ഞെങ്കിലും ബന്ധുക്കൾ പൊലീസിനെതിരെ രംഗത്തെത്തിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. നെടുങ്കണ്ടം സ്റ്റേഷനിൽ അന്നുണ്ടായിരുന്ന എസ്.ഐ അടക്കമുള്ള ഏഴ് പൊലീസുകാരെ അറസ്റ്റ് ചെയ്തു. കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നതിനെതിരെ പരാതി ഉയർന്നതോടെയാണ് 2019 ജൂലൈ നാലിന് ജുഡീഷ്യൽ കമീഷനെ സർക്കാർ നിയോഗിച്ചത്.
റിട്ട. ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് കമീഷൻ കേസിൽ 73 സാക്ഷികളെ വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തി. പോസ്റ്റ്മോർട്ടത്തിൽ പല പോരായ്മകളും കണ്ടെത്തിയതിനെതുടർന്ന് റീ പോസ്റ്റ്മോർട്ടം വരെ കമീഷെൻറ ഇടപെടലിനെതുടർന്ന് നടന്നു.ആദ്യ പോസ്റ്റ്മോർട്ടത്തിൽ ജയിൽ ഉദ്യോഗസ്ഥരുടെ ഒത്തുകളിയും കമീഷൻ പരാമർശിച്ചിരുന്നു. രാജ്‌കുമാറിെൻറ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഈ ശിപാർശകളെല്ലാം പൊതുവിൽ അംഗീകരിക്കുന്നെന്നാണ് മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നത്. എന്നാൽ, കമീഷൻ റിപ്പോർട്ടിലെ ശിപാർശകൾ പൊലീസ് സംഘടനകള്‍ എതിർക്കുന്നുണ്ട്. ഇൗ എതിർപ്പ് മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും അറിയിക്കുകയും ചെയ്തു. എന്നാൽ, അത് വകവെക്കാതെയാണ് സർക്കാർ തീരുമാനം.
തീരുമാനം നീതിയുടെ വിജയം -ജ. നാരായണക്കുറുപ്പ്
തിരുവനന്തപുരം: കസ്റ്റഡി മരണത്തിൽ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള തെൻറ ശിപാർശ സർക്കാർ അംഗീകരിച്ചത് നീതിയുടെ വിജയമാണെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് പ്രതികരിച്ചു. രാജ്‌കുമാറിെൻറ ശരീരം രണ്ടാമത് പോസ്റ്റ്മോർട്ടം നടത്തിയതുകൊണ്ടാണ് കസ്റ്റഡി കൊലപാതകത്തിെൻറ കൃത്യമായ തെളിവുകൾ ലഭിച്ചത്.
മിക്ക കേസുകളിലും പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ല. കസ്റ്റഡി മരണക്കേസുകളിൽ തെളിവുകൾ ലഭിച്ചാൽ കുറ്റക്കാരെ പിരിച്ചുവിടാൻ ഭരണഘടനാപരമായ വ്യവസ്ഥയുണ്ട്. ഇത് ചൂണ്ടിക്കാണിച്ചാണ് താൻ റിപ്പോർട്ട് നൽകിയത്. സർക്കാർ തീരുമാനം അഭിനന്ദനാർഹമെന്നും നാരായണക്കുറുപ്പ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.