'ആശ്രയ കേന്ദ്രം' വേണം –ഹൈകോടതി
text_fieldsകൊച്ചി: പോക്സോ കേസുകളിൽ മൊഴിയെടുപ്പും വൈദ്യപരിശോധനയും വിചാരണയുമടക്കം നടപടികൾ ഒരിടത്തുതന്നെ നടത്താൻ 'ആശ്രയ കേന്ദ്രങ്ങൾ' തുടങ്ങണമെന്ന് ഹൈകോടതി. നിരീക്ഷണത്തിന് ജില്ലകൾ തോറും വനിത ഐ.പി.എസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിെയ പീഡിപ്പിച്ച കേസിൽ എറണാകുളം പോക്സോ കോടതി വിധിച്ച ശിക്ഷക്കെതിരെ പ്രതി എറണാകുളം ആമ്പല്ലൂർ സ്വദേശി അഭിഷേക് നൽകിയ ഹരജി തള്ളിയാണ് കോടതിയുടെ നിർദേശം.
ആശ്രയ കേന്ദ്രങ്ങൾ തുടങ്ങാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. വകുപ്പുകളെ ഏകോപിപ്പിക്കാൻ രണ്ടു മാസത്തിനകം നോഡൽ ഒാഫിസറെ നിയമിക്കണം. പൊലീസ് ഉദ്യോഗസ്ഥരുടെ പരിശീലനമടക്കമുള്ള കാര്യങ്ങളുടെ ചുമതല ഇദ്ദേഹത്തിനാകും. ജുഡീഷ്യൽ ഒാഫിസർമാരുടെ പരിശീലനത്തിന് ഹൈകോടതി രജിസ്ട്രി നടപടിയെടുക്കണം.
എല്ലാ പൊലീസ് സ്റ്റേഷനുകളിലും ചൈൽഡ് പ്രൊട്ടക്ഷൻ ഒാഫിസർമാരെ നിയോഗിക്കുകയും ഇവരെ പ്രത്യേക കേഡറാക്കി മാറ്റാനുള്ള സാധ്യത പരിശോധിക്കുകയും വേണം. ഫോറൻസിക് ലാബുകളിലെ ഒഴിവ് നികത്തണം. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരായി കഴിവും യോഗ്യതയുമുള്ളവരെ നിയമിക്കുകയും പരിശീലനം പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഉറപ്പ് വരുത്തുകയും വേണം.
പോക്സോ കേസുകളുടെ നിരീക്ഷണത്തിന് ജില്ല തലത്തിൽ നിയമിക്കാൻ വേണ്ടത്ര വനിത ഐ.പി.എസുകാരില്ലെങ്കിൽ മറ്റ് ഐ.പി.എസുകാരെ ഡി.ജി.പിക്ക് നിയമിക്കാം. ബാല നീതി തത്ത്വങ്ങൾ പാലിച്ചാണ് കേസുകൾ നടത്തുന്നതെന്നും പരിശീലനം ലഭിച്ചവരാണ് മൊഴിയെടുക്കുന്നതെന്നും ഇവർ ഉറപ്പ് വരുത്തണം. അന്തിമ റിപ്പോർട്ട് സമർപ്പിക്കും മുമ്പ് തെളിവുകളുൾപ്പെടെ പരിശോധിച്ച് ഉറപ്പു വരുത്തണം. ഇരകൾക്ക് നഷ്ട പരിഹാരം ലഭ്യമാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
'പീഡനം: രേഖയിൽ ഇരയെ തിരിച്ചറിയരുത്'
കൊച്ചി: പീഡനക്കേസിലെ ഇരകളെ തിരിച്ചറിയാൻ കഴിയുന്ന രേഖകൾ മുദ്രവെച്ച കവറിൽ വേണം സമർപ്പിക്കാനെന്ന് ൈഹകോടതി. ഇവ സൂക്ഷിക്കാൻ പ്രത്യേക സംവിധാനം ഒരുക്കണമെന്നും ഹൈകോടതി രജിസ്ട്രിക്ക് ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ നിർദേശം നൽകി. പാലത്തായി പീഡനക്കേസിലെ പ്രതി പത്മരാജെൻറ ജാമ്യം ചോദ്യം ചെയ്യുന്ന ഹരജിയിലെ വിധിക്കൊപ്പമുള്ള പ്രത്യേക ഉത്തരവിലാണ് ഈ നിർദേശം.
കുടുംബാംഗങ്ങൾ, ബന്ധുക്കൾ, അയൽക്കാർ എന്നിവരെക്കുറിച്ച വിവരങ്ങൾ, പഠിക്കുന്ന സ്ഥാപനത്തിെൻറ പേര്, ജോലി ചെയ്യുന്ന സ്ഥലം എന്നിവയെല്ലാം ഇരയെ തിരിച്ചറിയാൻ സഹായിക്കും. ഹൈകോടതി രേഖകളിൽ ഇത്തരം വിവരമുണ്ടെങ്കിൽ മുദ്രവെച്ച കവറിലാകണം. ഇവ സൂക്ഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും രേഖകൾ സൂക്ഷിക്കാൻ സൗകര്യം ഒരുക്കുകയും വേണം. മുദ്രവെച്ച കവർ കോടതി തുറന്നുപരിശോധിച്ചാൽ വീണ്ടും മുദ്ര പതിച്ച് സൂക്ഷിക്കണം. അഭിഭാഷകർക്ക് കോടതിയുടെ അനുമതിയോടെ മാത്രമേ രേഖകൾ പരിശോധിക്കാൻ നൽകാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.