എ.ഡി.ജി.പി ആർ.എസ്.എസ് നേതാവിനെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; പൂരം കലക്കിയതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: എ.ഡി.ജി.പി അജിത് കുമാർ ആർ.എസ്.എസ് നേതാവിനെ കണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവോടെയെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. തൃശൂർ പൂരം കലക്കിയതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൃശൂരിൽ ബി.ജെ.പി സ്ഥാനാർഥിയെ ജയിപ്പിക്കാനുള്ള ഗൂഢാലോചനയുടെ തുടക്കമായിരുന്നു അത്. പൂരം കലങ്ങിയതോടെ മുഴുവൻ വികാരവും ബി.ജെ.പിക്ക് അനുകൂലമായി. അതിന്റെ ഭാഗമായാണ് ബി.ജെ.പി സ്ഥാനാർഥി ജയിച്ചത്. ആർ.എസ്.എസ് നേതാവിനെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ കാണാൻ പോകുമ്പോൾ മുഖ്യമന്ത്രിയോ, ഡി.ജി.പിയോ അറിയേണ്ടതാണ്. സ്വകാര്യ സന്ദർശനമാണെന്നാണ് അജിത് കുമാർ പറയുന്നത്.
കൂടിക്കാഴ്ചയിൽ ആർ.എസ്.എസ് നേതാവുമായി മുഖ്യമന്ത്രിയുടെ സന്ദേശം പങ്കുവെക്കുകയാണ് എ.ഡി.ജി.പി ചെയ്തതെന്നും മുരളീധരൻ ആരോപിച്ചു.
എ.ഡി.ജി.പിയും ആർ.എസ്.എസ് നേതാവും തമ്മിലുള്ള കൂടിക്കാഴ്ചക്ക് പൂരം കലക്കിയതുമായി ബന്ധമുണ്ട്. ഈ കൂടിക്കാഴ്ചക്ക് ശേഷമാണ് തൃശൂർ പൂരവുമായി ബന്ധപ്പെട്ട തറവാടക 35 ലക്ഷത്തിൽ നിന്ന് രണ്ടു കോടി രൂപയാക്കി മാറ്റിയത്. അന്ന് ടി.എൻ പ്രതാപൻ എം.പി ഉപവാസം നടത്തിയപ്പോൾ താനാണ് അത് ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി ഇടപെട്ട് പിന്നീട് തറവാടക 45 ലക്ഷമാക്കി കുറച്ചു. 2023 മേയ് 22ന് തൃശൂരിൽ ആർ.എസ്.എസ് ക്യാമ്പിനിടെ ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് എ.ഡി.ജി.പി തന്നെയാണ് സമ്മതിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിന് നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം സമ്മതിച്ചത്.
ആർ.എസ്.എസ് നേതാവിന്റെ കാറിലാണ് ക്യാമ്പ് നടന്ന പാറമേക്കാവ് വിദ്യാമന്ദിറിൽ പോയത്. സ്വകാര്യ സന്ദർശനം ആണെന്നാണ് വിശദീകരണം. ദത്താത്രേയ ഹൊസബലെ തൃശൂരിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച ദിവസം അജിത്കുമാർ അവിടെയെത്തിയിരുന്നതായി അടുത്തദിവസം തന്നെ കേരള പൊലീസ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. ആർ.എസ്.എസിന്റെ പോഷകസംഘടനയായ വിജ്ഞാനഭാരതിയുടെ ദേശീയ ഭാരവാഹിക്കൊപ്പമാണ് എ.ഡി.ജി.പി എത്തിയതെന്നും തൃശൂർ സ്പെഷൽ ബ്രാഞ്ച് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.