കെ.പി.സി.സി നിലപാടിലേക്ക് തരൂരും; വന്ദേ ഭാരത് കെ റെയിലിന് ബദലാകുമോയെന്ന് പരിശോധിക്കണമെന്ന് ആവശ്യം
text_fieldsതിരുവനന്തപുരം: കഴിഞ്ഞ ദിവസം ബജറ്റിൽ പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിനുകൾ കെ റെയിലിന് ബദലാകുമോയെന്ന് പരിശോധിക്കണമെന്ന് കോൺഗ്രസ് എം.പി ശശി തരൂർ. ഫേസ്ബുക്കിലൂടെയാണ് കെ റെയിലിൽ നിലപാട് വ്യക്തമാക്കി തരൂർ വീണ്ടും രംഗത്തെത്തിയത്.
കേന്ദ്ര ബജറ്റിൽ കേരളത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായത് മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയുള്ള 400 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ പ്രഖ്യാപനമാണെന്ന് തരൂർ പറഞ്ഞു. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഈ പദ്ധതി ഇപ്പോൾ കേരളത്തിൽ പ്രഖ്യാപിച്ചിട്ടുള്ള കെ റെയിൽ സിൽവർലൈൻ പദ്ധതിയെക്കാൾ ചെലവ് കുറഞ്ഞതും ഊർജ്ജ-കാര്യക്ഷമമായതുമായ ഒരു ബദലാകുമോ എന്ന് നോക്കേണ്ടത് അത്യാവശ്യമാണ്.
വന്ദേ ഭാരത് ട്രെയിനുകളുടെ സേവനം കേരളത്തിന് ലഭിക്കുകയാണെങ്കിൽ കേരളത്തിന്റെ വികസനത്തിന് വേണ്ടി സംസ്ഥാനത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് വേഗതയുള്ള ഗതാഗത സൗകര്യം എന്ന സർക്കാരിന്റെ ആവശ്യകതക്കും അതേസമയം പ്രതിപക്ഷത്തിന്റെ പ്രസ്തുത പദ്ധതിയുടെ സാമ്പത്തിക ബാധ്യത, ഭൂമി ഏറ്റെടുക്കൽ, പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട ആശങ്കകൾക്കുള്ള പരിഹാരവുമായേക്കാമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കെ റെയിലിനെ അനുകൂലിച്ചുള്ള ശശി തരൂരിന്‍റെ നിലപാട് കോൺഗ്രസിനകത്ത് വലിയ ചർച്ചകൾക്ക് കാരണമായിരുന്നു. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ ഉൾപ്പടെയുള്ളവർ തരൂരിനെതിരെ വലിയ വിമർശനമാണ് ഉയർത്തിയത്. തരൂരിനെതിരെ കോൺഗ്രസ് നേതൃത്വം നടപടിക്കൊരുങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വന്ദേഭാരത് ട്രെയിൻ പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തിൽ കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.