ബി.ജെ.പിയുടെ വോട്ട് വേണം, അവരെ കാണാനും തയ്യാർ; ലീഗിനെ വെട്ടിലാക്കി പി.എം.എ സലാമിന്റെ ശബ്ദരേഖ
text_fieldsലീഗിനെ വെട്ടിലാക്കി മുസ്ലിം ലീഗ് ആക്ടിങ് ജനറൽ സെക്രട്ടറി പി. എം. എ സലാമിന്‍റെ ശബ്ദസന്ദേശം പുറത്ത്. ബി.ജെ.പിയുടെ വോട്ട് വേണമെന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. ബി.ജെ.പിയുടെ വോട്ട് ലീഗിന് വേണമെന്നും അവരുമായി സംസാരിക്കാൻ താൻ തയ്യാറാണെന്നും പി. എം. എ സലാം പറയുന്നുണ്ട്. മാധ്യമങ്ങളാണ് ഇത് പുറത്തുവിട്ടത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ കാലത്ത് കോഴിക്കോട് സൗത്തിലെ ലീഗ് നേതാവുമായി സലാം സംസാരിക്കുന്നതിന്റെ ശബ്ദ സന്ദേശമാണ് ഇത്. കോഴിക്കോട് സൗത്തിൽ വനിതാ സ്ഥാനാർഥിയെ ഇറക്കി ലീഗ് വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലായിരുന്നു സലാമിന്റെ നീക്കം.'നമുക്ക് വോട്ടാണ് വലുത്.
അതിന് അവർ ബൂത്ത് കമ്മിറ്റി ചേർന്നോ, മണ്ഡലം കമ്മിറ്റി ചേർന്നോ എന്നത് പ്രശ്‌നമല്ല. ബി.ജെ.പിക്കാർ നമുക്ക് വോട്ട് ചെയ്യുമെങ്കിൽ അവരുടെ വോട്ട് നമുക്ക് വേണം. അതിന് അവരെ പോയി കാണണമെങ്കിൽ ഞാൻ അതിന് തയ്യാറാണ്' -ഇതായിരുന്നു സലാമിന്റെ ഫോൺ സംഭാഷണം.
കോഴിക്കോട് സൗത്തിൽ നേരത്തെ തന്നെ ബി.ജെ.പി വോട്ടുകൾ ലീഗിന് ലഭിക്കുന്നതായി സി.പി.എം ആരോപിച്ചിരുന്നു. എം. കെ മുനീറും സി. പി മുസാഫർ അഹമ്മദും തമ്മിൽ മത്സരിച്ചപ്പോഴുണ്ടായ ബി.ജെ.പി വോട്ടുകളിലെ ചോർച്ച വലിയ ചർച്ചയായിരുന്നു.
കോഴിക്കോട് സൗത്തിനോട് ചേർന്നുള്ള ബേപ്പൂർ മണ്ഡലത്തിലെ മുൻകാല കോ.ലീ.ബി ബന്ധം കേരളത്തിലെ എല്ലാ തെരഞ്ഞെടുപ്പുകളിലും ചർച്ചയാകാറുമുണ്ട്. ഇത്തരം വാദങ്ങൾ ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ശബ്ദസന്ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.