സംവരണ അട്ടിമറിക്ക് സവർണാധിപത്യ ശക്തികൾ സജീവം –ഡോ. നീലലോഹിതദാസ്
text_fieldsതിരുവനന്തപുരം: സംവരണാവകാശങ്ങൾ അട്ടിമറിക്കുന്നതിന് ഭരണത്തിെൻറ ഇടനാഴികളിൽ സവർണാധിപത്യ ശക്തികൾ സജീവമാണെന്നും ഇത്തരം നീക്കങ്ങളെ തിരിച്ചറിയണമെന്നും മുൻ മന്ത്രി ഡോ. നീലലോഹിതദാസ്. കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിലെ (കെ.എ.എസ്) സംവരണ അട്ടിമറിക്കെതിരെ സോളിഡാരിറ്റി യൂത്ത്മൂവ്മെൻറ് നടത്തിയ നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എ.എസിലെ സംവരണാവകാശങ്ങൾ ഇല്ലാതാക്കാൻ ഉന്നതങ്ങളിലെ ദല്ലാൾമാർ സജീവമായി പരിശ്രമിക്കുകയാണ്. ഇത്തരം ഗൂഢശക്തികൾക്ക് മുഖ്യമന്ത്രി വശംവദനാകരുത്. സർക്കാർ സർവിസിലെ സംവരണം നിഷേധിക്കപ്പെടുന്ന പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവരുടെ വിപുലമായ കൺവെൻഷൻ വിളിച്ചുചേർത്ത് ഇത്തരം നീക്കങ്ങളെ ചെറുക്കണം. സമാന മനസ്കരെ കൂട്ടിയുള്ള ശക്തമായ പ്രേക്ഷാഭം അനിവാര്യമാണ്. ദേവസ്വം ബോർഡിലെ മുന്നാക്ക സംവരണം ശരിയായ നടപടിയല്ലെന്നും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ഇടതു സർക്കാറും കേന്ദ്രത്തിലെ ബി.െജ.പി സർക്കാറും സംവരണ അട്ടിമറിക്ക് ഒരുപോലെ കൂട്ടുനിൽക്കുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ.എൻ.എ. ഖാദർ എം.എൽ.എ പറഞ്ഞു.
സംവരണത്തിനെതിരെ നിലപാടെടുക്കുന്ന ഉന്നതരുടെയും ഭരണാധികാരികളുടെയും എണ്ണം കൂടിവരുകയാണ്. സംവരണ സമുദായങ്ങൾക്കെതിരെ വർഷങ്ങളായി തുടരുന്ന നിലപാടിെൻറ ഒടുവിലത്തെ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇടതുസർക്കാർ സംഘ്പരിവാർ അജണ്ടയിലേക്ക് നീങ്ങുകയാണെന്ന് അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സ്വാലിഹ് പറഞ്ഞു. കെ.എ.എസിൽ പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളോട് കടക്ക് പുറത്തെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്്.
സംവരണനിഷേധ നിലപാടിൽനിന്ന് സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, അഡ്വ.കെ.പി. മുഹമ്മദ്, ഡോ.സതീഷ്കുമാർ, കടയ്ക്കൽ ജുനൈദ്, കെ.എസ്. കുഞ്ഞി, ആർ.അജയൻ, പ്രഫ. ഇബ്രാഹീം റാവുത്തർ, ഉമർ ആലത്തൂർ, സക്കീർ നേമം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.