നീലേശ്വരം വെടിക്കെട്ട് അപകടം: മരണം മൂന്നായി
text_fieldsനീലേശ്വരം: തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. കൊല്ലംപാറ സ്വദേശി ബിജു (38) ആണ് മരിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 50 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.
ഇതോടെ അപകടത്തിൽ മരണം മൂന്നായി. സാരമായി പൊള്ളലേറ്റ് വെന്റിലേറ്ററിൽ ആയിരുന്ന രതീഷ് (32) ഞായറാഴ്ച രാവിലെ മരണപ്പെട്ടിരുന്നു. കരിന്തളം കിണാവൂർ റോഡിലെ കുഞ്ഞിരാമന്റെ മകൻ സന്ദീപ് (38) ശനിയാഴ്ച മരണപ്പെട്ടു.
കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയാണ് വെടിപ്പുരക്ക് തീപിടിച്ചത്. തിങ്കളാഴ്ച രാത്രി 12.30ന് തെയ്യം ഉറഞ്ഞാടുന്ന സമയത്ത് തീകൊളുത്തിയ പടക്കം പൊട്ടുന്നതിനിടയിൽ കനൽതരി വെടിപ്പുരയുടെ ഷീറ്റ് ഇളകിയ ഭാഗത്തുകൂടി അകത്തേക്ക് പതിക്കുകയായിരുന്നു.
വെടിപ്പുരക്കകത്തും പടക്കത്തിന് ചുറ്റിലുമായി ജനങ്ങൾ ആർപ്പുവിളികളോടെ തെയ്യം കാണുന്നതിനിടയിൽ വീണ കനൽതരിയാണ് മുഴുവൻ പടക്കവും പൊട്ടിത്തെറിക്കുന്നതിലേക്ക് എത്തിച്ചത്.
അതേസമയം, വെടിക്കെട്ടപകടത്തിൽ ക്ഷേത്രം ഭാരവാഹികളായ മൂന്നു പ്രതികൾക്ക് കീഴ്കോടതി അനുവദിച്ച ജാമ്യം കാസർകോട് സെഷൻസ് കോടതി റദ്ദാക്കി. ക്ഷേത്രം പ്രസിഡന്റ് നീലേശ്വരത്തെ ചന്ദ്രശേഖരൻ, സെക്രട്ടറി മന്ദംപുറത്തെ കെ.ടി. ഭരതൻ, വെടിമരുന്നിന് തീകൊളുത്തിയ കൊട്രച്ചാലിലെ പള്ളിക്കര രാജേഷ് എന്നിവർക്ക് മജിസ്ട്രേട്ട് കോടതി അനുവദിച്ച ജാമ്യമാണ് റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.