നീലേശ്വരം വെടിക്കെട്ട് അപകടം: ക്ഷേത്ര കമ്മിറ്റി ഭാരവാഹികളടക്കം മൂന്നുപേർ അറസ്റ്റിൽ
text_fieldsനീലേശ്വരം: അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ മൂന്നുപേർ അറസ്റ്റിൽ. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ചന്ദ്രശേഖരന്‍, ഭരതന്‍, വെടിക്കെട്ട് നടത്തിയ രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. ഭരതന്‍ റിട്ട. എസ്.ഐയാണ്. എ.വി. ഭാസ്‌കരന്‍, തമ്പാന്‍, ചന്ദ്രന്‍, ബാബു, ശശി എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ബി.എന്‍.എസ് 288 (സ്‌ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട് അശ്രദ്ധമായ പെരുമാറ്റം) 125 (എ), 125 (ബി) (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി), സ്‌ഫോടകവസ്തു നിയമം (ജീവനോ സ്വത്തിനോ അപകടമുണ്ടാക്കാന്‍ സാധ്യതയുള്ള സ്‌ഫോടനം നടത്തുക) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മൂവരെയും രാത്രി ഹോസ്ദുർഗ് മജിസ്ട്രേറ്റിന്റെ ചേംബറിൽ ഹാജരാക്കി. എട്ട് ക്ഷേത്ര ഭാരവാഹികളെ പ്രതി ചേർത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ എട്ടുപേരുടെ നില ഗുരുതരമാണ്. 102 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയാണ് വെടിപ്പുരക്ക് തീപിടിച്ചത്. തിങ്കളാഴ്ച രാത്രി 12.30ന് തെയ്യം ഉറഞ്ഞാടുന്ന സമയത്ത് തീകൊളുത്തിയ പടക്കം പൊട്ടുന്നതിനിടയിൽ കനൽതരി വെടിപ്പുരയുടെ ഷീറ്റ് ഇളകിയ ഭാഗത്തുകൂടി അകത്തേക്ക് പതിക്കുകയായിരുന്നു. വെടിപ്പുരക്കകത്തും പടക്കത്തിന് ചുറ്റിലുമായി ജനങ്ങൾ ആർപ്പുവിളികളോടെ തെയ്യം കാണുന്നതിനിടയിൽ വീണ കനൽതരിയാണ് മുഴുവൻ പടക്കവും പൊട്ടിത്തെറിക്കുന്നതിലേക്ക് എത്തിച്ചത്.
അപകടം അന്വേഷിക്കാൻ എ.ഡി.എമ്മിനെ ചുമതലപ്പെടുത്തി. ക്ഷേത്രം ഉത്സവത്തിന് പടക്കം പൊട്ടിക്കുന്നതിന് പൊലീസ് അനുമതിയോ കലക്ടറുടെ അനുമതിയോ വാങ്ങിയില്ല. ക്ഷേത്രത്തോട് ചേർന്നുനിൽക്കുന്ന ഷെഡിലാണ് പടക്കം സൂക്ഷിച്ചത്. ഇതിനടുത്തുവെച്ചാണ് പൊട്ടിച്ചത്. വെടിപ്പുരക്ക് അകത്തും പുറത്തും ജനങ്ങൾ തിങ്ങിക്കൂടിനിന്നു. പരിക്കേറ്റവരുടെ എണ്ണം ഇത്രയേറെ വർധിക്കാനുണ്ടായ കാരണവും ഇതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.