ഡോ. നീന പ്രസാദിന്റെ നൃത്തം നിർത്തിവെപ്പിച്ചത് വിവാദമാകുന്നു
text_fieldsപാലക്കാട്: സാംസ്കാരിക പരിപാടിയോടനുബന്ധിച്ച് നഗരത്തിൽ നടത്തിയ പ്രശസ്ത നർത്തകി ഡോ. നീന പ്രസാദിന്റെ മോഹിനിയാട്ടക്കച്ചേരി ശബ്ദശല്യത്തിന്റെ പേരിൽ ജില്ല ജഡ്ജിയുടെ നിർദേശപ്രകാരം പൊലീസ് നിർത്തിവെപ്പിച്ചത് വിവാദമാകുന്നു. ശനിയാഴ്ച രാത്രി താരേക്കാട് മോയൻസ് എൽ.പി സ്കൂൾ കോമ്പൗണ്ടിലായിരുന്നു ശേഖരീപുരം ഗ്രന്ഥശാല സൗഹൃദവേദി സംഘടിപ്പിച്ച പരിപാടി.
സ്പീക്കർ എം.ബി. രാജേഷ് ആയിരുന്നു സാംസ്കാരിക സായാഹ്നത്തിന്റെ ഉദ്ഘാടകൻ. സുനിൽ പി. ഇളയിടത്തിന്റെ പ്രഭാഷണം, പുസ്തക പ്രകാശനം, നൃത്തം എന്നിവ ഉൾപ്പെടെയുള്ള പരിപാടിക്ക് രാത്രി 9.30 വരെ പൊലീസിന്റെ അനുവാദം ലഭിച്ചിരുന്നു. മറ്റു ചടങ്ങുകൾ എട്ടോടെ കഴിയുകയും തുടർന്ന് ഒന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ള നൃത്തപരിപാടി ആരംഭിക്കുകയും ചെയ്തു. നൃത്തം ആരംഭിച്ചതു മുതൽ പൊലീസ്, സ്ഥലത്തെത്തി പരിപാടി കൂടുതൽ നീട്ടിക്കൊണ്ടുപോകരുതെന്നും തൊട്ടടുത്ത കോമ്പൗണ്ടിൽ താമസിക്കുന്ന ജില്ല ജഡ്ജിക്ക് ശബ്ദം ശല്യമാകുന്നുവെന്നും ഓർമിപ്പിച്ചുകൊണ്ടിരുന്നു.
ഒടുവിൽ 8.30ന് ടൗൺ നോർത്ത് എസ്.ഐ വന്ന് പരിപാടി ഉടൻ നിർത്തണമെന്നാവശ്യപ്പെട്ടു. ജില്ല ജഡ്ജിയുടെ നിർദേശമുണ്ടെന്നും മൈക്ക് ഓഫ് ചെയ്യണമെന്നും പറഞ്ഞു. 9.15ന് പരിപാടി തീരുമെന്ന് സംഘാടകർ പറഞ്ഞുനോക്കിയെങ്കിലും പൊലീസ് നിലപാട് മാറ്റിയില്ല. ഒടുവിൽ എസ്.ഐയുടെ നിർദേശപ്രകാരം 8.55ന് മൈക്ക് ഓഫ് ചെയ്തു. തുടർന്ന് 9.30 വരെ ശബ്ദസംവിധാനമില്ലാതെ നൃത്ത പരിപാടി അല്പം വെട്ടിച്ചുരുക്കിയാണ് ഡോ. നീന പ്രസാദും സംഘവും പൂർത്തിയാക്കിയത്. അതേസമയം, 9.30നുശേഷം പരിപാടി തുടരരുതെന്നും അതുവരെ അൽപം ശബ്ദം കുറച്ച് ചെയ്യണമെന്നുമാണ് ആവശ്യപ്പെട്ടതെന്നാണ് പൊലീസ് വിശദീകരണം.
ഡോ. നീന പ്രസാദിന്റെ നൃത്തപരിപാടി തടസ്സപ്പെടുത്തിയതിൽ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. സർഗാവിഷ്കാരങ്ങൾക്കെതിരെ ഉയർന്നുവരുന്ന ഭീഷണിയെ ജനങ്ങൾ ഒന്നിച്ചുനിന്ന് എതിർക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ഷാജി എൻ. കരുണും ജനറൽ സെക്രട്ടറി അശോകൻ ചരുവിലും പ്രസ്താവിച്ചു.
അപമാനിക്കപ്പെട്ടു –ഡോ. നീന പ്രസാദ്
പാലക്കാട്: അത്യധികം അപമാനിക്കപ്പെട്ട ഒരു അനുഭവമായിരുന്നു പാലക്കാട്ട് കഴിഞ്ഞ ദിവസം ഉണ്ടായതെന്ന് ഡോ. നീന പ്രസാദ് ഫേസ്ബുക്കിൽ കുറിച്ചു. ഈ സംഭവത്തിൽ ഒരു സ്ത്രീയെന്ന നിലയിലും കലാകാരി എന്ന നിലയിലും കടുത്ത പ്രതിഷേധം അറിയിക്കുന്നു.
കലാകാരന്റെ ജീവിതവും തൊഴിലിടവും മാന്യമായി കാണാനും ഉൾക്കൊള്ളാനും എല്ലാവർക്കും കഴിയണം. പ്രൊഫഷനൽ നർത്തകരോട് ശബ്ദം ശല്യമാകുന്നു, പരിപാടി ഉടൻ നിർത്തണം എന്ന് ജില്ല ജഡ്ജി കൽപിക്കുന്നു എന്ന് പറയുമ്പോൾ, കഥകളിയും ശാസ്ത്രീയ നൃത്തവുമെല്ലാം ഗൗരവമായ തൊഴിലായി കൊണ്ടുനടക്കുന്ന സാംസ്കാരിക കലാ പ്രവർത്തകരുടെ നേർക്കുള്ള അപമര്യാദയായേ കാണാൻ കഴിയൂവെന്ന് ഡോ. നീന പ്രസാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.