നീറ്റ് പരീക്ഷാ ക്രമക്കേട്; നിഷ്പക്ഷ അന്വേഷണം വേണം- കെ.സി വേണുഗോപാൽ എം.പി
text_fieldsതിരുവനന്തപുരം: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേടുകളെ കുറിച്ച് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി രംഗത്ത്. ഇത് സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി സഞ്ജയ് കുമാറിന് അദ്ദേഹം കത്തുനൽകി.
ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജിയിൽ 67 പേർ ഒന്നാം റാങ്കുകാരായത് വിവാദമായിരുന്നു. ദേശീയ പരീക്ഷ ഏജൻസിയായ (എൻ.ടി.എ) ചില ഉദ്യോഗാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകിയത് ആശങ്കാജനകമാണെന്നും എന്ത് അടിസ്ഥാനത്തിലാണ് ഇവർക്ക് ഗ്രേസ് മാർക്ക് നൽകിയതെന്ന് സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ലെന്നും വേണുഗോപാൽ കത്തിൽ ചൂണ്ടിക്കാട്ടി.
പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും ക്രമക്കേടുകളും ഉയർന്ന സാഹചര്യത്തിൽ പ്രസിദ്ധീകരിച്ച ഫലത്തെ സംശയത്തോടെയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും നോക്കികാണുന്നത്. നീറ്റ് പരീക്ഷയുടെ വിശ്വാസ്യതതന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.
ചോദ്യപേപ്പർ ചോർന്നെന്ന ആരോപണവും ഉയരുന്നുണ്ട്. രക്ഷിതാക്കൾക്ക് ഇതിനെ കുറിച്ചുള്ള ആശങ്ക പരിഹരിക്കേണ്ടതാണ്. നീറ്റ് പരീക്ഷയുടെ വിശ്വാസ്യത നിലനിർത്തുന്നതിന് കേന്ദ്രസർക്കാർ ഇടപെടണമെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.