നീറ്റ് പരീക്ഷ പൂർത്തിയായി; ബയോളജിക്ക് കടുപ്പമേറിയെന്ന് വിദ്യാർഥികൾ
text_fieldsതിരുവനന്തപുരം: മെഡിക്കൽ, ഡെൻറൽ, അനുബന്ധ ബിരുദ കോഴ്സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യു.ജി) പരീക്ഷ പൂർത്തിയായി. രജിസ്റ്റർ ചെയ്ത18.72 ലക്ഷം പേരിൽ 95 ശതമാനം പേർ ഹാജരായതായി പരീക്ഷ നടത്തിപ്പ് ചുമതലയുള്ള നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. കേരളത്തിൽ 1,29,750 പേരാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്. ഇതിൽ 31,361 പേർ ആൺകുട്ടികളും 98,387 പേർ പെൺകുട്ടികളുമാണ്.
ആൾമാറാട്ടം ഉൾപ്പെടെയുള്ള ക്രമക്കേട് തടയാൻ ബയോമെട്രിക് പരിശോധന ഉൾപ്പെടെ നടത്തിയാണ് വിദ്യാർഥികളെ പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. വിദ്യാർഥികളുടെ വിരലടയാളം ഫിംഗർ പ്രിന്‍റ് റീഡറിൽ പതിപ്പിച്ച ശേഷമാണ് പരീക്ഷ ഹാളിലേക്ക് പ്രവേശനം നൽകിയത്. മിക്ക പരീക്ഷ കേന്ദ്രങ്ങളിലും ലൈവ് സി.സി.ടി.വി നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ഇതിന് പുറമെ വിദ്യാർഥികളുടെ ഫോട്ടോയും പകർത്തി. പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി പാർട്ടിൽനിന്നുള്ള ചോദ്യങ്ങൾ എളുപ്പമായിരുന്നെങ്കിൽ ബയോളജിയിൽനിന്നുള്ളവ അൽപം കടുപ്പമുള്ളവയായിരുന്നെന്നാണ് വിദ്യാർഥികൾ പറയുന്നത്. നേരിട്ടുള്ള ചോദ്യരീതിയായിരുന്നില്ല ബയോളജിയിൽ. സാധാരണ അവഗണിക്കപ്പെടാറുള്ള ഭാഗങ്ങളിൽനിന്നും ബയോളജിയിൽ ചോദ്യങ്ങൾ വന്നതായി കുട്ടികൾ പറയുന്നു. വിദ്യാർഥികൾ രേഖപ്പെടുത്തിയ ഉത്തരങ്ങളും ഉത്തര സൂചികയും വെബ്സൈറ്റിൽ പിന്നീട് അപ്ലോഡ് ചെയ്യും. ആഗസ്റ്റ് അവസാനത്തിലോ സെപ്റ്റംബർ ആദ്യത്തിലോ ഫലം പ്രതീക്ഷിക്കാം.
ഉച്ചക്ക് ശേഷം രണ്ട് മുതൽ വൈകീട്ട് 5.20 വരെയായിരുന്നു പരീക്ഷ. കേരളത്തിൽ കാസർകോട്, പയ്യന്നൂർ, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, അങ്കമാലി, എറണാകുളം, മൂവാറ്റുപുഴ, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു പരീക്ഷകേന്ദ്രം. ഗൾഫിൽ അബൂദബി, ദോഹ, ദുബൈ, കുവൈത്ത് സിറ്റി, മനാമ, മസ്കത്ത്, റിയാദ്, ഷാർജ എന്നിവിടങ്ങളിലും പരീക്ഷ നടന്നു. നീറ്റ് ഫലം പ്രസിദ്ധീകരിച്ച ശേഷം കേരളത്തിൽ പ്രവേശനപരീക്ഷ കമീഷണർ സംസ്ഥാന റാങ്ക് പട്ടിക പ്രത്യേകം പ്രസിദ്ധീകരിക്കും. ഇതിൽനിന്നായിരിക്കും കേരളത്തിലെ മെഡിക്കൽ, ഡെന്‍റൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനം നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.