നീറ്റ് പരീക്ഷ ഇന്ന്; ഉച്ചക്ക് 12 മുതൽ പ്രവേശനം
text_fieldsതിരുവനന്തപുരം: മെഡിക്കൽ/ഡെൻറൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായുള്ള ദേശീയ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി -കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് -യു.ജി) പരീക്ഷ ഞായറാഴ്ച നടക്കും. രാജ്യത്തെ 154 നഗരങ്ങളിലെ കേന്ദ്രങ്ങളിലായി 15.19 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. ഉച്ചക്ക് രണ്ടു മുതൽ അഞ്ചു വരെയാണ് പരീക്ഷ. 12 മുതൽ ഒന്നര വരെ മാത്രമേ പരീക്ഷാഹാളിലേക്ക് പ്രവേശനം അനുവദിക്കൂ. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ 180 ഒബ്ജക്ടിവ് മാതൃകയിലുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാവുക.
കേരളത്തിൽ 12 നഗരകേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, അങ്കമാലി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് പരീക്ഷ നടക്കുന്നത്. ഒരു ലക്ഷത്തോളം വിദ്യാർഥികളാണ് കേരളത്തിൽനിന്ന് പരീക്ഷക്ക് അപേക്ഷിച്ചത്. മെഡിക്കൽ/ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായി സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണർക്ക് അപേക്ഷ സമർപ്പിച്ചത് 96535 വിദ്യാർഥികളാണ്.
നാഷനൽ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീകരിച്ച ഡ്രസ് കോഡ് പാലിക്കാത്തവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല. ശിരോവസ്ത്രം ധരിക്കുന്ന മുസ്ലിം പെൺകുട്ടികൾ ഉച്ചക്ക് 12നുതന്നെ പരീക്ഷ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം. അതിനിടെ, ‘ഫോനി’ ദുരന്തം വിതച്ച സാഹചര്യത്തിൽ ഒഡിഷയിൽ നീറ്റ് പരീക്ഷ മാറ്റിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.