നീറ്റ് പരീക്ഷ: ഒ.ബി.സിക്കാർക്ക് കേരളത്തിൽ കേന്ദ്രം അനുവദിക്കാത്തത് മനുഷ്യാവകാശലംഘനമെന്ന്
text_fieldsതിരുവനന്തപുരം: ജനുവരി ഏഴിന് നടക്കുന്ന നീറ്റ് പരീക്ഷ എഴുതാൻ അപേക്ഷ നൽകിയ ഒ.ബി.സി വിദ്യാർഥികൾക്ക് കേരളത്തിൽ പരീക്ഷ സെൻറർ അനുവദിക്കാത്തത് ഗുരുതര മനുഷ്യാവകാശ ലംഘനവും ഭരണഘടനാ ദത്തമായ അവകാശങ്ങൾക്ക് മേലുള്ള ചോദ്യം ചെയ്യലുമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കൊച്ചിയിൽ പരീക്ഷ സെൻറർ അനുവദിച്ചിരുന്നെങ്കിൽ ഇത്തരം പരാതികൾ ഒഴിവാക്കാമായിരുന്നുവെന്നും കമീഷൻ ചൂണ്ടിക്കാണിച്ചു. നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് അധികൃതർ അടിയന്തരമായി ഇടപെട്ട് പരീക്ഷാർഥികളുടെ പരാതികൾ തൃപ്തികരമായി പരിഹരിക്കണമെന്നും കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിട്ടു.
മൂന്നാഴ്ചക്കകം നാഷനൽ എക്സാമിനേഷൻ ബോർഡ് റിപ്പോർട്ട് ഫയൽ ചെയ്യണം. ചീഫ് സെക്രട്ടറിയും സംസ്ഥാന പ്രവേശന പരീക്ഷ കമീഷണറും വിഷയത്തിൽ ഇടപെടണമെന്നും കമീഷൻ ആവശ്യപ്പെട്ടു. തിരുവനന്തപുരം പൂവാർ സ്വദേശി അഖിൽ എ. സുനിൽ നൽകിയ പരാതിയിലാണ് നടപടി. അഖിലിെൻറ ഭാര്യ നീറ്റ് പരീക്ഷ എഴുതാൻ അപേക്ഷ നൽകിയിരുന്നു. പൂർണ ഗർഭിണിയായ വിദ്യാർഥിനി കൊച്ചിയിൽ സെൻറർ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ, ലഭിച്ചത് തിരുനൽവേലിയാണ്. കണ്ണൂർ, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ സെൻറർ അനുവദിച്ചപ്പോൾ കൊച്ചിയെ ഒഴിവാക്കി. ജനറൽ കാറ്റഗറിയിലുള്ള വിദ്യാർഥികൾക്ക് കേരളത്തിനുള്ളിൽ സെൻറർ ലഭിച്ചപ്പോൾ ഒ.ബി.സി വിഭാഗത്തിലുള്ളവരിൽ ഭൂരിഭാഗത്തിനും ലഭിച്ചത് കേരളത്തിന് പുറത്തുള്ള സെൻററുകളാണ്. ഒ.ബി.സി വിഭാഗക്കാർ ജനറൽ കാറ്റഗറിയിലുള്ളവർ അടയ്ക്കുന്ന ഫീസ് തന്നെയാണ് അടയ്ക്കേണ്ടത്. കേരളത്തിൽനിന്ന് 20,000ത്തോളം പേർ നീറ്റ് പി.ജി പരീക്ഷ എഴുതുന്നുണ്ട്. കേരളത്തിലുള്ള വിദ്യാർഥികൾക്ക് കേരളത്തിൽതന്നെ പരീക്ഷയെഴുതാൻ അവസരം നൽകണമെന്നും കമീഷൻ നിർദേശിച്ചു. കേസ് ഡിസംബർ അഞ്ചിന് തിരുവനന്തപുരത്ത് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.