നീറ്റ്; അയിഷയുടെ റാങ്കിന് മധുരമേറെ
text_fieldsകോഴിക്കോട്: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് ഫലം പുറത്തു വന്നപ്പോൾ കൊയിലാണ്ടി കൊല്ലം സ്വദേശി എസ്. അയിഷയുടെ അഭിമാനനേട്ടത്തിന് മധുരമേറെയാണ്. സാധാരണ കുടുംബത്തിൽ ജനിച്ച്, പൊതു വിദ്യാലയത്തിൽ പഠിച്ചാണ് അയിഷ മിടുക്കിയായി വളർന്നത്. ആറാം ക്ലാസുവരെ കാപ്പാട് ഇലാഹിയ സ്കൂളിലായിരുന്നു പഠനം. പിന്നീട് തിരുവങ്ങൂർ എച്ച്.എസ്.എസിലും കൊയിലാണ്ടി ബോയ്സ് സ്കൂളിലും.
നീറ്റ് പ്രവേശന പരീക്ഷയിൽ റാങ്ക് പ്രതീക്ഷയുണ്ടായിരുന്നതിനാൽ വെള്ളിയാഴ്ച രാവിലെ മുതൽ കാത്തിരിപ്പിലായിരുന്നു അയിഷ. ഇത്തിരി ടെൻഷനുമുണ്ടായിരുന്നു. ഉച്ചക്ക് ഒരു മണിയോടെ ഫലമറിയുമെന്നായിരുന്നു ആദ്യം കേട്ടത്. പിന്നീട് വൈകീട്ട് നാല് മണിക്കാണെന്ന വാർത്ത വന്നു. എന്നാൽ, നാലു മണിയോടെ വെബ്സൈറ്റ് 'ഡൗൺ' ആയതോടെ ഫലത്തിനായി വീണ്ടും കാത്തിരിപ്പ്. ഒടുവിൽ രാത്രി എട്ടു മണിക്ക് ശേഷം ഫലമെത്തി.
പ്രതീക്ഷ തെറ്റിയില്ല- 12ാം റാങ്ക് എന്ന അഭിമാന നേട്ടം. ഒ.ബി.സി വിഭാഗത്തിൽ രണ്ടാം റാങ്ക് എന്ന മികവിനും ഈ കൊയിലാണ്ടിക്കാരി അർഹയായി. സംസ്ഥാന തലത്തിലും ഉയർന്ന റാങ്കാണെന്ന് അറിഞ്ഞതോടെ കൊയിലാണ്ടി കൊല്ലം 'ഷാജി' വീട്ടിൽ ആഹ്ലാദം അലയടിച്ചു. പിതാവ് അബ്ദുൽ റസാഖ് ഗൾഫിലായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. ഉമ്മ ഷമീമ വീട്ടമ്മയാണ്. മൂത്ത സഹോദരൻ അഷ്ഫാഖ് കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിൽ സിവിൽ എൻജിനീയറിങ്ങിനും അനിയത്തി ആലിയ കൊയിലാണ്ടി ജി.ബി.എച്ച്.എസ്.എസിൽ പ്ലസ് ടുവിനും പഠിക്കുന്നു.
കോഴിക്കോട് റെയ്സ് എൻട്രൻസ് കോച്ചിങ് സെൻററിലായിരുന്നു പരിശീലനം. പ്ലസ് വൺ മുതൽ റെയ്സിലുണ്ട്. കഴിഞ്ഞ തവണ 15, 000ന് അടുത്തായിരുന്നു റാങ്ക്. റിപ്പീറ്റ് ചെയ്തപ്പോൾ വൻ കുതിപ്പായിരുന്നു. എസ്.എസ് എൽ.സിക്ക് ഫുൾ എ പ്ലസും പ്ലസ് ടുവിന് 98 ശതമാനവും മാർക്കുണ്ടായിരുന്നു. ഡൽഹി എയിംസിൽ ചേരാനാണ് അയിഷക്ക് ഇഷ്ടം. കാർഡിയാക് സർജനാവുകയാണ് ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.